കര്‍ത്താവിന്റെ പ്രാര്‍ത്ഥനക്ക് ബ്രിട്ടീഷ് തിയേറ്ററുകളില്‍ വിലക്ക്. സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്

0
175

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരസ്യചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. സൂപ്പര്‍ ഹിറ്റ്. ലോകമെമ്പാടും ഹൗസ്ഫുള്‍ ആയി ഓടുന്നു.


ലണ്ടന്‍: ഇംഗ്ലണ്ടിലെ സിനിമാശാലകള്‍ നിരാകരിച്ച ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ‘കര്‍ത്താവിന്റെ പ്രാര്‍ത്ഥന’ പരസ്യം സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും വന്‍ ഹിറ്റായി. ഇതിനകം അരക്കോടി ആളുകള്‍ പരസ്യം കണ്ടുകഴിഞ്ഞു.

‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ എന്ന് ആരംഭിക്കുന്ന കര്‍ത്താവിന്റെ പ്രാര്‍ത്ഥനയെ അധികരിച്ച് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് തയ്യാറാക്കിയ പരസ്യം 60 സെക്കണ്ട് ദൈര്‍ഘ്യമുള്ളതാണ്. സ്റ്റാര്‍വാഴ്‌സ് സീരീസിലെ പുതിയ ചിത്രമായ ‘സ്റ്റാര്‍ വാഴ്‌സ്: ദ് ഫോഴ്‌സ് അവേക്കന്‍’ എന്ന ചിത്രത്തിനൊപ്പം ഡിസംബര്‍ 18 മുതല്‍ ഇംഗ്ലണ്ടിലെ സിനിമാശാലകളില്‍ പരസ്യചിത്രം പ്രദര്‍ശിപ്പിക്കാനായിരുന്നു പരിപാടി. സഭ ആരംഭിച്ച www.justpray.uk എന്ന വെബ്‌സൈറ്റിന്റെ പ്രചാരണത്തിനാണ് പരസ്യം തയ്യാറാക്കിയത്.

എന്നാല്‍ ബ്രിട്ടനിലെ 80% വരുന്ന സിനിമാ തിയേറ്ററുകളില്‍ പരസ്യം പ്രദര്‍ശിപ്പിക്കുന്നതിന്റെ ചുമതലക്കാരായ ‘ഡിജിറ്റല്‍ സിനിമ മീഡിയ’ എന്ന സ്ഥാപനം പരസ്യം നിരാകരിച്ചു. മതപരമായ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്നതാണ് തങ്ങളുടെ നയമെന്നും ‘കര്‍ത്താവിന്റെ പ്രാര്‍ത്ഥന’ പരസ്യം പോലെയുള്ളവ പ്രേക്ഷകരുടെ മനോവികാരങ്ങളെ വ്രണപ്പെടുത്തുമെന്നും പറഞ്ഞായിരുന്നു ഈ നടപടി. പരസ്യനയം സംബന്ധിച്ച രേഖകള്‍, ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ റവ. അരുണ്‍ അറോറ ഡിജിറ്റല്‍ സിനിമ മീഡിയയോട് ആവശ്യപ്പെട്ടെങ്കിലും എഴുതി തയ്യാറാക്കിയ രേഖയില്ലെന്നു പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഭാഗത്തു നിന്നും പൊതു സമൂഹത്തില്‍ നിന്നും ശക്തമായ എതിര്‍പ്പാണ് ഈ നടപടിക്കെതിരെ ഉണ്ടായത്. തീരുമാനം ഞങ്ങളെ അന്ധാളിപ്പിച്ചു എന്നാണ് സഭ പ്രതികരിച്ചത്. ദൈവത്തോടുള്ള പ്രാര്‍ത്ഥനയെക്കുറിച്ചുള്ള പരസ്യം ക്രിസ്മസിന് ഒരാഴ്ച മുമ്പ് പ്രദര്‍ശിപ്പിക്കുന്നത് അനുചിതം ആണെന്നു പറയുന്നത് അസാധാരണമാണെന്ന് കാസ്റ്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ഡോ. ജസ്റ്റിന്‍ വെല്‍ബി പറഞ്ഞു. ‘കോടിക്കണക്കിനാളുകള്‍ നിത്യവും ചൊല്ലുന്ന പ്രാര്‍ത്ഥനയാണ്. അതേക്കുറിച്ചുള്ള പരസ്യം അനുചിതം എന്നു പറയുന്നത് അവരെ വേദനിപ്പിക്കുകയേ ഉള്ളു’. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനായ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും പരസ്യം നിരാകരിച്ചതിനെതിരെ ആണ് പ്രതികരിച്ചത്. ‘പരിഹാസ്യമായ സാഹചര്യം’ എന്ന് പ്രധാനമന്ത്രി പറഞ്ഞതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.

ബ്രിട്ടനിലെ സമത്വത്തിനും മനുഷ്യാവകാശത്തിനും വേണ്ടിയുള്ള കമ്മീഷനും ഡിജിറ്റല്‍ സിനിമ മീഡിയയുടെ പരസ്യത്തിനെതിരെ രംഗത്തുവന്നു. ഒരു മതത്തില്‍ വിശ്വസിക്കാനും ആ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കാനുമുള്ള സാഹചര്യം ബ്രിട്ടീഷ് മൂല്ല്യങ്ങളുടെ അത്യന്താപേക്ഷിതമായ ഘടകമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. മതസംഘടനകളുടെ പരസ്യങ്ങള്‍ നിരോധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. പരസ്യങ്ങളിലൂടെ സ്വന്തം വിശ്വാസം പ്രചരിപ്പിക്കുന്നതില്‍ നിന്ന് ക്രിസ്ത്യന്‍ സംഘടനകളെ തടയുന്ന നിയമങ്ങള്‍ ഒന്നുമില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ഈ പരസ്യചിത്രം ബ്രിട്ടനിലെ സിനിമ അഡ്‌വര്‍ടൈസ്‌മെന്റ് അതോറിറ്റിയും സെന്‍സര്‍ ഏജന്‍സിയായ ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷനും അംഗീകരിച്ചതാണ്. എന്നിട്ടും അവ സ്വീകരിക്കാത്തത് വിവേചനത്തിനെതിരായ നടപടിയാണെന്നും വാദമുയര്‍ന്നു. പ്രഭു സഭാംഗവും ചെംസ്‌ഫോര്‍ഡ് ബിഷപ്പുമായ റൈറ്റ് റവ. സ്റ്റീഫന്‍ കോട്രല്‍ വിഷയം പ്രഭു സഭയില്‍ ഉന്നയിച്ചു.

അതിമനോഹരമായാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. തുടക്കത്തില്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് തന്നെ പ്രത്യക്ഷപ്പെടുന്നു. പോലീസുകാര്‍, വെയ്റ്റ് ലിഫ്റ്റര്‍മാര്‍, ഒരു യാത്രക്കാരന്‍, സഹായകേന്ദ്രത്തിലെ അഭയാര്‍ത്ഥികള്‍, സ്‌കൂള്‍ കുട്ടികള്‍, സെമിത്തേറിയില്‍ പൂച്ചെണ്ടുമായി പ്രാര്‍ത്ഥനക്കെത്തുന്ന ഒരാള്‍, കുടുംബാംഗങ്ങള്‍, വിവാഹവേദിയില്‍ നില്‍ക്കുന്ന മണവാളനും മണവാട്ടിയും എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ കര്‍ത്താവിന്റെ പ്രാര്‍ത്ഥന ചൊല്ലുന്നതായാണ് ചിത്രീകരണം.
ഒഡിയോണ്‍, സിനിമ വേള്‍ഡ്, ന്യൂ എന്നീ തിയേറ്റര്‍ ശൃംഖലകളാണ് ബ്രിട്ടനിലെ 80 ശതമാനത്തിലേറെ സിനിമാശാലകളെ നിയന്ത്രിക്കുന്നത്. ഇവരുടെ പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സിയാണ് ഡിജിറ്റല്‍ സിനിമ മീഡിയ. അവരുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവും എതിര്‍പ്പും ഉയര്‍ന്നിട്ടും തിരുത്താന്‍ തയ്യാറായില്ല. പിന്നീട് ചിത്രം യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും എത്തിയതോടെ പ്രേക്ഷകര്‍ ഏറ്റെടുത്തു. വന്‍ ഹിറ്റായി. ‘ഹൗസ്ഫുള്‍’ ആയി ലോകമെമ്പാടും ഓടുന്നു.

Comments

comments

Powered by Facebook Comments

LEAVE A REPLY

Please enter your comment!
Please enter your name here