പ്രീണന പരാമര്‍ശം ന്യൂനപക്ഷം ഭയത്തില്‍ എന്ന് കര്‍ദിനാള്‍ മാര്‍ ക്ലിമീസ്.

0
123

വസ്തുതയ്ക്ക് നിരക്കാത്ത പരാമര്‍ശങ്ങള്‍ നീതിന്യായ വക്താക്കള്‍ പോലും നടത്തുമ്പോള്‍ നീതി കിട്ടാന്‍ ആരെ സമീപിക്കണം?

തിരുവനന്തപുരം : എന്തിനും ഏതിനും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നു എന്ന പരാമര്‍ശം ന്യൂനപക്ഷങ്ങളില്‍ ഭയവും ആശങ്കയും വളര്‍ത്തുന്നുവെന്ന് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. വെറുപ്പും വിദ്വേഷവും ശക്തമാകുന്ന സാഹചര്യങ്ങളില്‍ ഈ ജനവിഭാഗം കൂടുതല്‍ ഭയചകിതരാവുകയാണെന്ന് ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെയും കേരള കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെയും അധ്യക്ഷന്‍ കൂടിയായ കര്‍ദ്ദിനാള്‍ പറഞ്ഞു.

സമൂഹത്തെ ഇപ്രകാരം വിഭജിക്കുന്നവരും അവരുടെ നടപടികളും മഹത്വവല്‍ക്കരിക്കപ്പെടുന്നു. മാധ്യമങ്ങള്‍ പോലും ഇത് ആഘോഷിക്കുന്നു. വസ്തുതകള്‍ക്ക് നിരക്കാത്ത നിരീക്ഷണങ്ങള്‍ നീതിന്യായ വക്താക്കള്‍പോലും നടത്തുമ്പോള്‍ നീതി സ്ഥിതീകരണത്തിന് ആരെയാണ് സമീപിക്കേണ്ടത്? മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപത പ്രസിദ്ധീകരണമായ ‘ക്രൈസ്തവ കേരളം’ മാസികയിലെ ‘പിതൃമൊഴി’ എന്ന പംക്തിയില്‍ അദ്ദേഹം ചോദിച്ചു.

എല്ലാ ജീവിതസാഹചര്യങ്ങളെയും വര്‍ഗീയതയുടെ കുഴല്‍ക്കണ്ണാടിയിലൂടെ നോക്കുന്ന പ്രവണത ശക്തമാകുന്നു. ഇത് നാടിനെ വിഭജിക്കുന്നു. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും ഏകോദര സഹോദരങ്ങളെപ്പോലെ ജീവിച്ചിരുന്ന കാലം അന്യമാവുകയാണോ? മതത്തിന്റെ പേരില്‍ ലോകം മുഴുവന്‍ സംഘര്‍ഷവും യുദ്ധവും ഉണ്ടായപ്പോഴും നമ്മുടെ നാട് എപ്പോഴും ഉയര്‍ത്തിപ്പിടിച്ചിരുന്ന മതസൗഹാര്‍ദ്ദത്തിന്റെ അന്തസായ പാരമ്പര്യം ഉണ്ടായിരുന്നുവെന്ന് മാര്‍ ബസേലിയോസ് ക്ലീമിസ് ഓര്‍മ്മിപ്പിച്ചു.

കേരളത്തിലെ രാഷ്ട്രീയപ്രസ്ഥാനങ്ങളും സമുദായസംഘടനകളും സഭാ വിഭാഗങ്ങളും ഒരുമിച്ചുനിന്ന് ഈ തിന്മയെ എതിര്‍ക്കണം. മതസ്പര്‍ദ്ധയുടെ പേരില്‍ മുഖ്യമന്ത്രി പോലും ചടങ്ങുകളില്‍നിന്ന് ഒഴിവാക്കപ്പെടുന്ന അപകടകരമായ സ്ഥിതിവിശേഷം ആവര്‍ത്തിക്കരുത്. അസഹിഷ്ണുത വളര്‍ത്തി അധികാരം പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ നമുക്കറിയാം. എന്നാല്‍, ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളിലെ ഉത്തരവാദപ്പെട്ടവരില്‍ നിന്നുപോലും സമാനമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നത് കൂടുതല്‍ ഭയപ്പെടുത്തുന്ന കാര്യമാണ്. ഇവരൊക്കെ അണിഞ്ഞിരിക്കുന്ന മതനിരപേക്ഷത കേവലം പുറം കുപ്പായം മാത്രമാണോ എന്ന് അദ്ദേഹം ചോദിച്ചു.

എന്‍.എസ്.എസിന് പ്രശംസ

അസഹിഷ്ണുതയും മതസ്പര്‍ദ്ധയും വളര്‍ത്തുന്ന സമീപനം ഉണ്ടായപ്പോള്‍ കേരളത്തിലെ നായര്‍ സമുദായവും എന്‍.എസ്.എസും പുലര്‍ത്തിയ സമീപനം ശ്ലാഘനീയമാണെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. രാഷ്ട്രീയമായി ഏറെ നേട്ടം ഉണ്ടാക്കാവുന്ന തീരുമാനമെടുക്കാമായിരുന്നു. പക്ഷേ മറിച്ചൊരു നിലപാടാണ് സ്വീകരിച്ചത്. നാടിന്റെ നന്മയിലും മതസൗഹാര്‍ദം സംരക്ഷിക്കുന്നതിലും മന്നത്തു പത്മനാഭനും പിന്‍തലമുറയും പുലര്‍ത്തിയ കുലീന സംസ്‌കാരം എന്‍.എസ്.എസ്. നേതൃത്വം ഇന്നും പുലര്‍ത്തുന്നു, ഇതൊരു മാതൃകയാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Powered by Facebook Comments