കുഷ്ഠരോഗ ചികിത്സയില്‍ തുടങ്ങി അര്‍ബുദ രോഗ ശുശ്രൂഷയിലേക്ക്

0
99

മാര്‍ ഗ്രിഗോറിയോസിന് ഉചിത സ്മരണാഞ്ജലി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് സ്ഥാപിച്ച സെന്റ് ജോണ്‍സ് ഹെല്‍ത്ത് സര്‍വീസ് കാന്‍സര്‍ കെയര്‍ ഹോം എന്ന തലത്തിലേക്ക് വികസിക്കുമ്പോള്‍ അത് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനിക്ക് ഉചിത സ്മരണാഞ്ജലിയും സ്മാരകവുമായി മാറുന്നു.

മാര്‍ ഗ്രിഗോറിയോസിന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് കാന്‍സര്‍ രോഗികള്‍ക്കു ആശ്വാസമേകാന്‍ അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള പിരപ്പന്‍കോട് സെന്റ് ജോണ്‍സ് മെഡിക്കല്‍ വില്ലേജില്‍ പണികഴിപ്പിച്ച ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ജന്മശതാബ്ദി കാന്‍സര്‍ കെയര്‍ ഹോം നാടിന് സമര്‍പ്പിച്ചു.

1963-ല്‍ ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് സ്ഥാപിച്ച സെന്റ് ജോണ്‍സ് ഹെല്‍ത്ത് സര്‍വീസ് ആദ്യഘട്ടത്തില്‍ കുഷ്ഠരോഗികളെ ശുശ്രൂഷിച്ചു കൊണ്ടാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. 1300 ത്തോളം കുഷ്ഠരോഗികളെ കണ്ടെത്തുന്നതിനും അവരെ ശുശ്രൂഷിച്ച് സുഖപ്പെടുത്തുന്നതിനും ഇവര്‍ക്ക് സാധിച്ചു.

സംസ്ഥാനത്ത് കുഷ്ഠരോഗത്താല്‍ വൈകല്യം സംഭവിച്ച രോഗികളെ റീ-കണ്‍സ്ട്രക്ടീവ് സര്‍ജറിയിലൂടെ തിരിച്ചുകൊണ്ടുവരുന്ന ഭാരത സര്‍ക്കാരിന്റെ അംഗീകാരമുള്ള ഏക സെന്റര്‍ സെന്റ് ജോണ്‍സ് ആശുപത്രിയാണ്. കഴിഞ്ഞ വര്‍ഷം 62 സര്‍ജറികള്‍ നടത്തുകയും ചെയ്തു.

22 വര്‍ഷമായി 30-ല്‍ പരം ഗ്രാമങ്ങളില്‍ എത്തി പ്രമേഹ രോഗികളെ കണ്ടെത്തി സൗജന്യ ചികിത്സ നടത്തിവരുന്നു. ഗവണ്‍മെന്റുമായി സഹകരിച്ച് മാസംതോറും സൗജന്യമായി 250 ഓളം ഡയാലിസിസ് ചെയ്യുന്നു. മാനസികാരോഗ്യ കേന്ദ്രവും ലഹരിവിമുക്ത ചികിത്സാ കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. എച്ച്.ഐ.വി. അണുബാധിതരായി കഴിയുന്ന 32 കുട്ടികളുടെ ആരോഗ്യപരിപാലനത്തോടൊപ്പം ആഹാരവും വിദ്യാഭ്യാസവും നല്‍കി സംരക്ഷിച്ചുവരുന്നു. ഇത്തരം സേവന പ്രവര്‍ത്തനങ്ങളിലൂടെ ആതുര സേവന രംഗത്ത് മാതൃകയാകുന്ന പിരപ്പന്‍കോട് മെഡിക്കല്‍ വില്ലേജിലെ പുതിയ കാന്‍സര്‍ കെയര്‍ ഹോമും നാട്ടുകാര്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

Comments

comments

Powered by Facebook Comments