ഞെട്ടരുത് ! ലോകത്ത് ഏറ്റവും കൂടുതല്‍ ബൈബിള്‍ അച്ചടിക്കുന്നത് നിരീശ്വര ചൈനയില്‍

0
7180

തൊണ്ണൂറോളം ഭാഷകളില്‍ വേദപുസ്തകം. ഇതുവരെ 13 കോടിയിലേറെ കോപ്പികള്‍

നാന്‍ജിംഗ് (കിഴക്കന്‍ ചൈന): ഞെട്ടരുത് ! ലോകത്ത് ഏറ്റവും കൂടുതല്‍ ബൈബിള്‍ പ്രസിദ്ധീകരിക്കുന്നത് എവിടെയാണെന്നോ ? ദൈവത്തെ നിഷേധിച്ച കമ്യൂണിസ്റ്റ് ചൈനയില്‍.

കിഴക്കന്‍ ചൈനയിലെ ജിയാംഗ്‌സു പ്രവിശ്യയുടെ തലസ്ഥാനമായ നാന്‍ജിംഗിലെ അമിറ്റി ബൈബിള്‍ പ്രിന്റിംഗ് കമ്പനിയില്‍ ഇതുവരെ അച്ചടിച്ച വേദപുസ്തകങ്ങളുടെ എണ്ണം പതിനാല് കോടിയോട് അടുക്കുന്നു. 2014 നവംബര്‍ വരെ അച്ചടിച്ചത് 12.5 കോടി കോപ്പികളാണ്. ചൈനീസ് ഭാഷകളില്‍ 6.77 കോടിയും വിദേശ ഭാഷകളില്‍ 5.93 കോടിയും. 2014ല്‍ മാത്രം 1.3 കോടി ബൈബിളുകള്‍ അമിറ്റി പുറത്തിറക്കി. 2015ലെ കണക്ക് ലഭ്യമായിട്ടില്ല.
80 വിദേശ ഭാഷകളിലും മാന്‍ഡരിന്‍ അടക്കമുള്ള ചൈനീസ് ഭാഷകളിലുമാണ് അമിറ്റി വേദപുസ്തകങ്ങള്‍ നിര്‍മിക്കുന്നത്. എഴുപത് രാജ്യങ്ങളിലേക്ക് ബൈബിള്‍ കയറ്റി അയക്കുന്നു. മാന്‍ഡരിന്‍, കാന്റണീസ് എന്നിവ കൂടാതെ ചൈനയിലെ ന്യൂനപക്ഷ ഭാഷകളായ കൊറിയന്‍, മിയാവോ, വ, ദായി, യി, ലിസു, ലഗു, ജിംഗ് പോ എന്നീ ഭാഷകളിലും അവര്‍ വേദപുസ്തകം പുറത്തിറക്കുന്നുണ്ട്. ഇംഗ്ലീഷ്, ജര്‍മന്‍, സ്പാനിഷ്, ഫ്രഞ്ച് എന്നിവ കൂടാതെ പല ആഫ്രിക്കന്‍ ഭാഷകളിലും അച്ചടിക്കുന്നു.

ചൈനയിലെ പ്രൊട്ടസ്റ്റന്റ് സഭകളുടെ നിയന്ത്രണത്തിലുള്ള അമിറ്റി ഫൗണ്ടേഷനും 145 ദേശീയ ബൈബിള്‍ സൊസൈറ്റികളുടെ കേന്ദ്ര സംഘടനായ യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റീസും ചേര്‍ന്ന കൂട്ടുസംരംഭമാണ് നാന്‍ജിംഗ് അമിറ്റി പ്രിന്റിംഗ് കമ്പനി. ബിഷപ്പ് കെ.എച്ച് ടിംഗ് ആണ് പ്രസിഡണ്ട്. ക്വി സോങ് ഹുയി ചെയര്‍മാന്‍. 1958ല്‍ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചു. ചൈനയിലെ ക്രിസ്ത്യന്‍ വിഭാഗങ്ങളെ സഹായിക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം. പിന്നീട് വിദേശത്തു നിന്ന് ആവശ്യം വര്‍ധിച്ചതോടെ അവിടേക്കും ശ്രദ്ധ പതിപ്പിച്ചു. പിന്നെ അവിശ്വസനീയ വളര്‍ച്ചയാണ് ഉണ്ടായത്. ആദ്യം പ്രൊട്ടസ്റ്റന്റ് ബൈബിള്‍ പുറത്തിറക്കി. പിന്നീട് കത്തോലിക്കര്‍ക്ക് വേണ്ടിയുള്ള വേദപുസ്തകവും അച്ചടിച്ചു. സാര്‍വദേശീയമായി അംഗീകരിച്ച ബൈബിള്‍ തന്നെയാണ് പ്രസിദ്ധീകരിക്കുന്നത്. ഒട്ടും മാറ്റം വരുത്തിയിട്ടില്ലെന്നും ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും ചെയര്‍മാര്‍ ക്വി സാക്ഷ്യപ്പെടുത്തുന്നു.

എണ്‍പതുകളുടെ തുടക്കത്തില്‍ ചൈന അതിന്റെ വാതിലുകള്‍ ലോകത്തിന്റെ മുന്നിലേക്ക് തുറന്നിട്ടതോടെയാണ് ചൈനീസ് ബൈബിളിന്റെ തുടക്കം. ഉദാരവല്‍ക്കരണം വന്നു. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ന്നു. അപ്പോള്‍ അവര്‍ ആത്മീയതയിലേക്ക് തിരിഞ്ഞു. സഭ വളര്‍ന്നു. ചൈനയിലുണ്ടായിരുന്ന വേദപുസ്തകങ്ങള്‍ സാംസ്‌കാരിക വിപ്ലവകാലത്ത് നശിച്ചുപോയിരുന്നു. ബൈബിളിന് വന്‍തോതില്‍ ആവശ്യക്കാരുണ്ടായി. ഇറക്കുമതി ചെലവേറിയതായി. അമിറ്റി ഫൗണ്ടേഷന് ചൈന സര്‍ക്കാരിന്റെ അനുമതി കിട്ടി. ഫൗണ്ടേഷന്‍ യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റീസുമായി ചര്‍ച്ച നടത്തി. ബിഷപ്പ് ടിംഗ് സൊസൈറ്റിയുമായി ധാരണാപത്രം ഒപ്പിട്ടു. അങ്ങനെ അമിറ്റി പ്രിംന്റിംഗ് നിലവില്‍ വന്നു. അവരുടെ അത്യാധുനിക, കൂറ്റന്‍ പ്രസുകളില്‍ നിന്ന് മികച്ച അച്ചടി നിലവാരമുള്ള വേദപുസ്തകങ്ങള്‍ ഒഴുകി. ചൈനയിലേയും വിദേശ രാജ്യങ്ങളിലേയും ക്രൈസ്തവ കുടുംബങ്ങളില്‍ നിറസാന്നിധ്യമായി.
ചൈനയില്‍ ക്രൈസ്തവ സഭ അതിവേഗം വളരുന്നതിനാല്‍ നാന്‍ജിംഗിലെ വേദപുസ്തക പ്രസാധനത്തില്‍ വന്‍ സാധ്യതകളാണ് ക്വിയും സഹപ്രവര്‍ത്തകരും കാണുന്നത്. പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ക്കാണ് വളര്‍ച്ച. മാര്‍പാപ്പയെയൊ ഔദ്യോഗിക കത്തോലിക്കാ സഭയെയൊ ചൈനീസ് ഭരണകൂടം അംഗീകരിക്കുന്നില്ല. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ചൈനീസ് കാത്തലിക് പാട്രിയോട്ടിക്  അസോസിയേഷനാണ് അനുമതി. ത്രീ സെല്‍ഫ്‌സ് പാട്രിയോട്ടിക് മൂവ്‌മെന്റിന്റെ ബാനറിന്‍ കീഴിലുള്ള പ്രൊട്ടസ്റ്റന്റ് സഭാ വിഭാഗങ്ങള്‍ക്ക് കുറേക്കൂടി പ്രവര്‍ത്തനസ്വാതന്ത്ര്യം ഉണ്ട്.

60369cce3aee9cbdc8287458ef5bfb18_bibles

ചൈനയില്‍ മൂന്നുകോടി ക്രൈസ്തവരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ അത് 10 കോടിയോളം വരുമെന്ന് അനൗദ്യോഗികമായി കണക്കാക്കുന്നു. അതായത് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗസംഖ്യയേക്കാള്‍ കൂടുതല്‍. 8.67 കോടിയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗങ്ങള്‍. 15 വര്‍ഷത്തിനുള്ളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ ഉള്ള രാജ്യമായി ചൈന മാറുമെന്നാണ് കണക്കുകൂട്ടല്‍. സര്‍ക്കാരിന്റെ അംഗീകാരമില്ലാത്ത നിരവധി രഹസ്യ വീട്ടുസഭകള്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പരസ്യമായി പ്രവര്‍ത്തിക്കുന്ന സഭകളും സര്‍ക്കാരിന്റെ ഭൂതക്കണ്ണാടി നിരീക്ഷണത്തിലാണ്. ആരാധനയുടെ വീഡീയോകള്‍ ഇടയ്ക്കിടെ പരിശോധിക്കും. ക്രൈസ്തവ സഭ വളരുന്നതിനെ ഒട്ടും അനുഭാവപൂര്‍വമല്ല ഗവണ്‍മെന്റ് വീക്ഷിക്കുന്നത്. ഇപ്പോള്‍ ബുദ്ധമതമാണ് ഏറ്റവും വലിയ മതം.

ബൈബിള്‍ അച്ചടിക്കാന്‍ അനുമതിയുണ്ടെങ്കിലും സിന്‍ഹ്വ ബുക്ക് സ്റ്റോര്‍ പോലെയുള്ള ഔദ്യോഗിക സ്ഥാപനങ്ങള്‍ അവ വിതരണം ചെയ്യുകയില്ല. പ്രൊട്ടസ്റ്റന്റ് സഭകളുടെ കൂട്ടായ്മയായ ചൈന ക്രിസ്റ്റ്യന്‍ കൗണ്‍സിലിന് മാത്രമാണ് വിപണന അധികാരം.
അമിറ്റി ലാഭം പ്രതീക്ഷിക്കുന്നില്ല. ചെലവ് കഴിഞ്ഞ് മിച്ചം വരുന്ന പണം ചൈനയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും വിവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു.

Comments

comments

Powered by Facebook Comments