ഹവാന കൂടിക്കാഴ്ച: ആര്‍ക്കാണ് നേട്ടം ?

0
66

ഫ്രാന്‍സിസ് മാര്‍പ്പാപ്പക്കോ കിറില്‍ പാത്രിയര്‍ക്കീസിനോ പ്രസിഡണ്ട് പുടിനോ ?

വത്തിക്കാന്‍ / മോസ്‌കോ: നൂറ്റാണ്ടുകള്‍ നീണ്ട ശത്രുതയുടെ മഞ്ഞുരുക്കിക്കൊണ്ട് ചരിത്രപ്രധാനമായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ – കിറില്‍ പാത്രിയര്‍ക്കീസ് കൂടിക്കാഴ്ച. ശേഷം ഒരു ചോദ്യം അവശേഷിക്കുന്നു: ഹവാന കൂടിക്കാഴ്ച കൊണ്ട് ആര്‍ക്കാണ് നേട്ടം ? മാര്‍പ്പാപ്പക്കോ പാത്രിയര്‍ക്കീസിനോ റഷ്യന്‍ പ്രസിഡണ്ട് പുടിനോ ?

വര്‍ഷങ്ങളായി ഇത്തരമൊരു കൂടിക്കാഴ്ചക്ക് അണിയറ ശ്രമങ്ങള്‍ ചെയ്തിട്ടും നടക്കാതെപോയ ത് ഇപ്പോള്‍ സംഭവിച്ചതിന്റെ പിന്നില്‍ മധ്യപൂര്‍വേഷ്യയിലെയും ഉത്തര ആഫ്രിക്കയിലെയും ക്രൈസ്തവര്‍ നേരിടുന്ന പീഡനമാണ് കാരണമായതെങ്കിലും രാഷ്ട്രീയ, സഭാ രാഷ്ട്രീയ കാര്യങ്ങളും പിന്നിലുണ്ട്. വിഭിന്ന തലത്തിലുള്ള താല്പര്യങ്ങളാണ് ഇതിനു പ്രേരകങ്ങളായത്.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നയതന്ത്ര വിജയങ്ങളിലൊന്നായി ഹവാന ദൗത്യത്തെ കാണാം. ജോണ്‍ പോള്‍ രണ്ടാമനും ബനഡിക്ട് പതിനാറാമനും പരമാവധി ശ്രമിച്ചിട്ടും നടക്കാതെപോയ കാര്യമാണ്. 1054ലെ ചരിത്രപ്രധാനമായ മതഭിന്നത പാശ്ചാത്യ – പൂര്‍വ സഭകളെ, കത്തോലിക്ക – ഓര്‍ത്തഡോക്‌സ് സഭകളെ വല്ലാതെ അകറ്റി. 1964ല്‍ പോള്‍ ആറാമന്‍ മാര്‍പ്പാപ്പയും കോണ്‍സ്റ്റാന്റിനോപ്പിളിലെ അഥനഗറോസ് പാത്രിയര്‍ക്കീസും ജറുസലേമില്‍ തമ്മില്‍ കണ്ടതിനെ തുടര്‍ന്നാണ് നേരിയ തോതില്‍ മഞ്ഞ് ഉരുകിത്തുടങ്ങിയത്. പിന്നീട് കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കേറ്റും വത്തിക്കാനും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു. അപ്പോഴും റഷ്യന്‍ പാത്രിയര്‍ക്കീസ് അകലം പാലിച്ചു. നേരത്തെ നടന്ന കൂടിക്കാഴ്ച ശ്രമങ്ങള്‍ വിജയിക്കാതെ പോയതും റഷ്യന്‍ സഭയുടെ നിലപാട് കൊണ്ടാണ്. കത്തോലിക്ക സഹകരണം എന്നാല്‍ മാര്‍പ്പാപ്പയുടെ അധീശത്വം അംഗീകരിക്കുക എന്നതാണ് എന്നാണ് അവരുടെ സംശയം. റോമന്‍ കത്തോലിക്ക സഭയുടെ അന്തിമമായ ലക്ഷ്യം അതാണുതാനും. ഈ സാഹചര്യത്തില്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയെ ചര്‍ച്ചയുടെ വഴിയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതാണ് വത്തിക്കാന്റെ/മാര്‍പ്പാപ്പയുടെ വിജയം.

ലോകത്തെ മൊത്തം ഓര്‍ത്തഡോക്‌സ് വിശ്വാസികളില്‍ മൂന്നില്‍ രണ്ടും റഷ്യന്‍ ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസിന്റെ കീഴിലാണ്. എന്നാല്‍ സ്വയംഭരണാവകാശമുള്ള 14 പാത്രിയര്‍ക്കേറ്റുകള്‍ക്കിടയില്‍ ‘സമന്മാരില്‍ ഒന്നാമന്‍’ എന്ന സ്ഥാനം കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസിനാണ്. ഇത് റഷ്യന്‍ സഭയെ വല്ലാതെ അലോസരപ്പെടുത്തുന്നു. ഒന്നാം സ്ഥാനം, അംഗബലത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ ആഗ്രഹിക്കുന്നു. ഈ വര്‍ഷം ജൂണില്‍ ക്രീറ്റില്‍ നടക്കുന്ന ഓര്‍ത്തഡോക്‌സ് സഭകളുടെ ‘ശ്രേഷ്ഠ വിശുദ്ധ കൗണ്‍സില്‍ യോഗം’ അതിന്റെ വിക്ഷേപണ തറയാക്കാനാണ് അവരുടെ നീക്കം. ഈ സാഹചര്യത്തില്‍ മോസ്‌കോ പാത്രിയര്‍ക്കീസിന്റെ സ്വാധീനവും സ്വീകാര്യതയും കത്തോലിക്കാ സഭയടക്കമുള്ള മറ്റ് ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലും പാശ്ചാത്യ രാജ്യങ്ങളിലും വര്‍ധിപ്പിക്കാന്‍ കിറില്‍ പാത്രിയര്‍ക്കീസിനാവും. ബുദ്ധിപരമായ നീക്കമാണ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഹവാന കൂടിക്കാഴ്ച.

റഷ്യന്‍ പ്രസിഡണ്ട് പുടിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു കൂടി സഹായകരമാവുകയാണ് ഇത്. സിറിയയിലെ ഇടപെടലിന്റെയും അക്രമണോത്സുക വിദേശനയത്തിന്റെയും പേരില്‍ പുടിന്‍ ലോക സമൂഹത്തില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നു. റഷ്യ സാമ്പത്തിക പ്രതിസന്ധിയിലാണ്. രാജ്യത്തിനെതിരായ ഉപരോധങ്ങള്‍ നീക്കിക്കിട്ടേണ്ടതുണ്ട്. അതിന് രാഷ്ട്രാന്തരീയ രംഗത്തെ പ്രതിച്ഛായ മെച്ചപ്പെടണം. അതിന് ഹവാന കൂടിക്കാഴ്ച സഹായിക്കും. പുടിന്റെ സമ്മതത്തോടെയാണ് കിറില്‍ പാത്രിയര്‍ക്കീസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ചക്ക് സമ്മതിച്ചത് എന്നും റിപ്പോര്‍ട്ടുണ്ട്.

ഈ കൂടിക്കാണലിനെ ആശങ്കയോടെ വീക്ഷിക്കുന്നവരാണ് കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോയും യുക്രെയിനിലെ ഗ്രീക്ക് കത്തോലിക്കാ സഭയും. ആഗോള ഓര്‍ത്തഡോക്‌സ് സഭയിലെ ഒന്നാമനാവാന്‍ പുതിയ ബന്ധങ്ങളും കൂട്ടുകെട്ടുകളും കിറില്‍ പാത്രിയര്‍ക്കീസ് ഉപയോഗിക്കുമോ എന്നത് ബര്‍ത്തലോമിയോയെ ആശങ്കയിലാക്കും. റഷ്യന്‍ സര്‍ക്കാരും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുമായി പോരാടി നില്‍ക്കുന്ന യുക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭക്കാവട്ടെ, പുതിയ സാഹചര്യത്തില്‍ വത്തിക്കാനെ എത്രത്തോളം ആശ്രയിക്കാം എന്നതാണ് പ്രശ്‌നം.

Comments

comments

Powered by Facebook Comments