മതം മരിക്കുന്നില്ല; ക്രൈസ്തവ വിശ്വാസവും മുന്നോട്ട്

0
2722
മതം മരിക്കുന്നില്ല: അർജന്റീനയിൽ നടന്ന ഒരു കത്തോലിക്കാ പ്രദക്ഷിണം. ഫോട്ടോ: നെസ്റ്റർ ട്രോൻകോസോ (ഫയൽ ചിത്രം)

the triumph of faith

മതവിശ്വാസം കുറയുന്നു എന്നും ക്രൈസ്തവ സഭക്ക് വളർച്ച ഇല്ല എന്നുമുള്ള കണക്കുകൂട്ടൽ നിരാകരിച്ചു കൊണ്ട് പുതിയ പുസ്തകം.

പ്രൊഫ. റോഡ്‌നി സ്റ്റാർക്ക്
പ്രൊഫ. റോഡ്‌നി സ്റ്റാർക്ക്

മതം മരിക്കുകയാണെന്നും ദൈവത്തിൽ വിശ്വസിക്കുന്നവരുടെ എണ്ണം കുറയുകയാണെന്നുമുള്ള വാദത്തെ വസ്തുതകളുടെയും സ്ഥിതിവിവരക്കണക്കുകളുടെയും അടിസ്ഥാനത്തിൽ പാടേ നിരാകരിച്ചുകൊണ്ട് പുതിയ പഠനഗ്രന്ഥം. ബെയ്‌ലർ യൂണിവേഴ്‌സിറ്റിയിലെ സാമൂഹികശാസ്ത്ര പ്രൊഫസറും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയൻ കോ ഡയറക്ടറുമായ പ്രൊഫ. റോഡ്‌നി സ്റ്റാർക്കിന്റെ പുതിയ പുസ്തകമാണ് ചൂടുള്ള ചർച്ചാവിഷയമായിരിക്കുന്നത്.

മതവിശ്വാസം കുറയുന്നില്ല എന്നു മാത്രമല്ല കരുത്താർജ്ജിക്കുകയാണെന്നും സ്റ്റാർക്ക് പറയുന്നു. ഇസ്ലാം മതവും വളർച്ചയുടെ പാതയിലാണ്. എന്നാൽ ഇസ്ലാം മതം ക്രിസ്തുമതത്തെ, അംഗബലത്തിൽ മറികടക്കുമെന്ന കണക്കുകൂട്ടൽ ശരിയല്ല –  ‘വിശ്വാസത്തിന്റെ വിജയം: എന്തുകൊണ്ട് ലോകം മുമ്പത്തേക്കാൾ മതനിഷ്ഠമാണ്’ (The triumph of faith. Why the world is more religious than ever) എന്ന ഏറ്റവും പുതിയ പുസ്തകത്തിൽ അദ്ദേഹം വിശദീകരിക്കുന്നു.

റോഡ്‌നി സ്റ്റാർക്ക് പുസ്തകത്തിൽ നിരത്തുന്ന പ്രധാന പഠന ഫലങ്ങൾ ഇവയാണ്:

  • ലോകത്തിലെ 81% ആളുകൾ ഏതെങ്കിലും സംഘടിത മതത്തിലെ അംഗങ്ങളാണ്.
  • നിത്യജീവിതത്തിൽ മതം ഒരു പ്രധാന ഘടകമാണ് എന്ന് 74% പേർ കരുതുന്നു.
  • 50% പേർ ആഴ്ചയിൽ ഒരിക്കലെങ്കിലും ആരാധനാലയത്തിൽ പോകുന്നവരാണ്.
  • ചീന, വിയറ്റ്‌നാം, ഉത്തരകൊറിയ എന്നിവയൊഴിച്ച് മറ്റെല്ലാ രാജ്യങ്ങളിലും നിരീശ്വരരുടെ എണ്ണം ഏഴു ശതമാനത്തിൽ താഴെയാണ്.

163 രാജ്യങ്ങളിൽ പത്തുലക്ഷം ആളുകൾക്കിടയിൽ ഗാലപ്പ് നടത്തിയ പോൾ ഫലങ്ങളും കാനേഷുമാരി കണക്കുകളും അടിസ്ഥാനമാക്കിയാണ് റോഡ്‌നി സ്റ്റാർക്ക് ഈ നിഗമനങ്ങളിലെത്തുന്നത്.

ശിശുക്കളെ എന്റെ അടുക്കൽ വിടുക: ഒരു പ്രാർത്ഥനാ ചടങ്ങിലെ കുട്ടികൾ. ഫോട്ടോ: പോൾ എം വാൽഷ് (ഫയൽ ചിത്രം)
ശിശുക്കളെ എന്റെ അടുക്കൽ വിടുക: ഒരു പ്രാർത്ഥനാ ചടങ്ങിലെ കുട്ടികൾ. ഫോട്ടോ: പോൾ എം വാൽഷ് (ഫയൽ ചിത്രം)

ലാറ്റിൻ അമേരിക്കയിലും ചീനയിലും ആഫ്രിക്കയിലും ക്രൈസ്തവ സഭ അതിവേഗ വളർച്ചയുടെ പാതയിലാണെന്ന് ‘വിശ്വാസത്തിന്റെ വിജയം’ സാക്ഷ്യപ്പെടുത്തുന്നു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ അംഗസംഖ്യയുടെ കാര്യത്തിൽ കത്തോലിക്ക രാജ്യങ്ങളായി കരുതപ്പെട്ടിരുന്നെങ്കിലും സഭ നിശ്ചലമായിരുന്നു. എന്നാൽ ഇവാൻജലിക്കൽ സഭകളും പെന്തക്കോസ്ത് സഭകളും കടന്നുവരികയും തഴച്ചുവളരാൻ തുടങ്ങുകയും ചെയ്തതോടെ കത്തോലിക്കാ സഭയും ഉണർന്നു പ്രവർത്തിച്ചു. ക്രൈസ്തവ വിശ്വാസം കൂടുതൽ രൂഢമൂലമായി. പള്ളികളിൽ വിശ്വാസികൾ നിറയുന്നു. മിക്ക രാജ്യങ്ങളിലും പള്ളികളിലെ ഹാജർ നില 50 ശതമാനത്തിലേറെയാണ്. എട്ട് രാജ്യങ്ങളിലാവട്ടെ അത് 60 ശതമാനത്തിൽ മേലേ എത്തുന്നു.

ഏറ്റവും വേഗത്തിൽ ക്രൈസ്തവ സഭ വളരുന്ന മറ്റൊരു മേഖല ആഫ്രിക്കയാണ്. ലോകത്തിലെ മൊത്തം ക്രിസ്ത്യാനികളിൽ മൂന്നിലൊന്ന് ആഫ്രിക്കയിലാണെന്ന് സ്റ്റാർക്ക് പറയുന്നു. ലോകത്തെ ഏറ്റവും സജീവമായ ക്രിസ്ത്യാനികളും ഇവിടെയാണ്. കത്തോലിക്ക സഭക്ക് വളർച്ചയുണ്ട്. എന്നാൽ ഭൂരിപക്ഷവും തനി നാടൻ പ്രൊട്ടസ്റ്റന്റ് സഭാ വിഭാഗങ്ങളിലാണ്. അത്തരം സഭകൾ ഏതാണ്ട് 11,000 ത്തോളം വരും. നൈജീരിയൻ പള്ളികളിലെ ഹാജർനില 90 ശതമാനം ആണ്. സിംബാബ്‌വേയിൽ 61 ഉം.

അടിച്ചമർത്താനും വളർച്ച തടയാനും കമ്യൂണിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നുണ്ടെങ്കിലും ചീനയിലെ ക്രൈസ്തവ സഭകൾ വൻ വളർച്ച രേഖപ്പെടുത്തുന്നു. കമ്യൂണിസ്റ്റ് ഭരണം ക്രിസ്തീയ – ബുദ്ധ മതങ്ങളെ തകർത്തു കളഞ്ഞതാണ്. എന്നാൽ ചാരം മൂടിയ കനലുകളായി അവ കിടന്നു. 1980 കളിൽ ആരാധനക്ക് നേരിയ സ്വാതന്ത്ര്യം കിട്ടിയതോടെ അവ പുറത്തേക്ക് വന്ന് എരിഞ്ഞ് വളരാൻ തുടങ്ങി. 2007 ൽ ചീനയിൽ ആറു കോടി ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. അത് വർധിച്ചുകൊണ്ടിരിക്കുന്നു. ഈ നിരക്കിൽ വളർച്ച ഉണ്ടായാൽ 2030 ൽ ചീനയിലെ ക്രിസ്ത്യാനികളുടെ എണ്ണം 29.5 കോടി ആയിരിക്കും. ലോകത്തിൽ ഏറ്റവും കൂടുതൽ ക്രിസ്ത്യാനികൾ ഉള്ള രാജ്യമായി ചീന മാറും. ഇത് മുന്നിൽ കണ്ട് ഭരണകൂടം അടിച്ചമർത്തൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്.


ഇന്ത്യയിലും മതവിശ്വാസം പിന്നോട്ടല്ല. ജനസംഖ്യയിൽ 85% പേർ നിത്യജീവിതത്തിൽ മതത്തിന് പ്രത്യേക സ്ഥാനമുണ്ട് എന്നു കരുതുന്നു.


 

ഇന്ത്യയിൽ 67 ശതമാനം മതപരമായ ചടങ്ങുകളിലും ആരാധനയിലും പങ്കെടുക്കുന്നവരാണ്. 85 ശതമാനം പേർക്ക് മതം നിത്യജീവിതത്തിലെ പ്രധാന ഘടകമാണ്. വിദ്യാസമ്പന്നരും സ്വാധീനശക്തിയുള്ളവരുമായ ആളുകൾക്കാണ് കൂടുതൽ ഈശ്വര വിശ്വാസം.

അമേരിക്കയിലാവട്ടെ പ്രത്യേക സഭാവിഭാഗങ്ങളോടുള്ള ആഭിമുഖ്യത്തിൽ ഇടിവുണ്ടെങ്കിലും ദൈവ വിശ്വാസത്തിൽ കുറവുണ്ടായിട്ടില്ല. ദൈവത്തിൽ വിശ്വസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതായി ഭൂരിപക്ഷം സാക്ഷ്യപ്പെടുത്തി. നിത്യജീവിതത്തിൽ മതവിശ്വാസം പ്രധാനമാണെന്ന് 66% പേർ ഗാലപ് പോളിൽ പറഞ്ഞു.

യൂറോപ്പിൽ പക്ഷേ പള്ളികളിലെ ഹാജർ നില കുറവാണ്. എന്നാൽ ഭൂരിപക്ഷവും ദൈവവിശ്വാസം നിലനിർത്തുന്നു. പടിഞ്ഞാറൻ യൂറോപ്പിൽ 6.6 ശതമാനവും കിഴക്കൻ യൂറോപ്പിൽ 4.6 ശതമാനവും നിരീശ്വരർ ഉണ്ട്.

Comments

comments

Powered by Facebook Comments