ഉന്നത വിദ്യാഭ്യാസ രംഗത്ത് സഹിഷ്ണുതയും ബഹുസ്വരതയും പുലരണം: രാഷ്ട്രപതി

0
265

കോട്ടയം സി.എം.എസ്. കോളേജിന് പ്രത്യേക പൈതൃകപദവി.
ജൂബിലിയാഘോഷത്തിന് തുടക്കമായി

കോട്ടയം: സഹിഷ്ണുത പുലര്‍ത്താനും ബഹുസ്വരത അംഗീകരിക്കാനും ഉന്നത വിദ്യാഭ്യാസത്തിനു കഴിയണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രസ്താവിച്ചു. ‘തക്ഷശില മുതല്‍ ഇന്ത്യയുടെ പാരമ്പര്യം അതാണ്’ – അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കോട്ടയം സി.എം.എസ്. കോളേജ് 200 വയസ്സ് പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. നിറപ്പകിട്ടാര്‍ന്ന അന്തരീക്ഷത്തില്‍ ജൂബിലി ആഘോഷത്തിന് തുടക്കമായി.
ഒരൊറ്റ ഇന്ത്യയിലേക്ക് യുവജനതയെ നയിക്കാന്‍ ഉന്നത വിദ്യാഭ്യാസത്തിനു കഴിയണമെന്ന് രാഷ്ട്രപതി പറഞ്ഞു. നാനാത്വത്തെ അംഗീകരിക്കണം.
വികസിത രാജ്യങ്ങളില്‍ യുവജനതയാണ് സമൂഹത്തെ നയിക്കുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ നിലവാര തകര്‍ച്ചയില്‍ ദുഃഖമുണ്ട്. രാജ്യത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും രാജ്യാന്തര നിലവാരത്തിലേക്കുയരുന്നില്ല. 1500 വര്‍ഷം ലോകത്ത് വിദ്യാഭ്യാസ രംഗത്തെ നയിച്ചത് ഇന്ത്യയായിരുന്നു എന്ന് രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.
സി.എം.എസ്. കോളേജിന് പ്രത്യേക പൈതൃകപദവി ലഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങില്‍ പറഞ്ഞു. ഈ പദവി ലഭിച്ച ഏഴ് കോളേജുകളിലൊന്നായി സി.എം.എസ്. മാറിയിരിക്കുന്നു.
പ്രത്യേക വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതി ഹെലികോപ്ടറില്‍ കോട്ടയം പരേഡ് ഗ്രൗണ്ടിലെത്തി. ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസ് കെ.മാണി എം.പി. എന്നിവരും സന്നിഹിതരായിരുന്നു.
സി.എം.എസ്. കോളേജിലെ പരിപാടിക്ക് ശേഷം രാഷ്ട്രപതി ഗുരുവായൂര്‍ക്ക് പോയി.

Comments

comments

Powered by Facebook Comments