കലാലയ മാതാവ്

0
409

കോട്ടയം സി.എം.എസ് കോളേജ് 200 വയസ് പൂർത്തിയാക്കുന്നു.

cms-college-kottayam

ഇന്ത്യക്ക് പ്രഥമ പൗരനെ സംഭാവന ചെയ്ത കലാലയം ഇരുനൂറ് തികയുന്നതിന്റെ അഭിമാന നിറവിൽ. കേരളത്തിലെ മറ്റൊരു കലാലയത്തിനും അവകാശപ്പെടാനില്ലാത്ത ചരിത്രവും പൈതൃകവും പാരമ്പര്യവുമാണ് കോട്ടയം സി.എം.എസ് കോളേജിനുള്ളത്. സി.എം.എസിന്റെ ചരിത്രം കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ചരിത്രം കൂടിയായി മാറുന്നു.

1817ൽ ദ് കോളേജ് കോട്ട്‌യം (The College Cotym) എന്ന പേരിൽ ആരംഭിച്ച മഹാ കലാലയത്തിന്റെ ഇരുനൂറാം പിറന്നാൾ ഉദ്ഘാടനം ചെയ്യാൻ എത്തുന്നത് ഇന്ത്യയുടെ പ്രഥമ പൗരനായ പ്രണബ് മുഖർജിയാണ്. ചരിത്രം ഉറങ്ങിക്കിടക്കുന്ന സി.എം.എസിന്റെ കാമ്പസിലേക്ക് രാഷ്ട്രപതി പ്രവേശിക്കുമ്പോൾ അദ്ദേഹത്തെ എതിരേൽക്കുക, ഇന്ത്യയുടെ മറ്റൊരു പ്രഥമ പൗരനായിരുന്ന കെ.ആർ നാരായണന്റെ ഓർമകൾ ആയിരിക്കും. സി.എം.എസിന്റെ അഭിമാന പുത്രനായ കെ.ആർ നാരായണൻ.

CMS front

വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ക്രൈസ്തവ കാഴ്ചപ്പാടിന്റെ തിളങ്ങുന്ന മാതൃക കൂടിയാണ് സി.എം.എസ്. സാമ്രാജ്യത്വ താത്പര്യങ്ങൾ സംരക്ഷിക്കുമ്പോൾ തന്നെ ഇംഗ്ലീഷുകാർ ആധുനിക വിദ്യാഭ്യാസത്തിന്റെ അറിയാവശങ്ങൾ നാട്ടുകാർക്ക് പകർന്നുകൊടുത്തു. ആ വിദ്യാഭ്യാസം, പിൽക്കാലത്ത് വിദേശികളോട് പോരാടാൻ ഇന്ത്യക്കാരെ സജ്ജരാക്കുകയും ചെയ്തു. സി.എം.എസിനെ അനുസ്മരിക്കുമ്പോൾ തിരുവിതാംകൂറിന്റെ ദിവാനായിരുന്ന കേണൽ മൺറോയെയും ഓർക്കണം. അദ്ദേഹത്തിന്റെ മനസിൽ ബീജാവാപം ചെയ്ത ആശയമാണ് സി.എം.എസ് കോളേജിന്റെ പിറവിക്ക് കാരണമായത്. തിരുവിതാംകൂറിലെ സുറിയാനി ക്രിസ്ത്യാനികളുടെ സാമൂഹിക സാമ്പത്തിക അവസ്ഥയെപ്പറ്റി പഠിക്കാൻ അദ്ദേഹം ഒരു കമ്മീഷനെ നിയോഗിച്ചു. കോട്ടയത്ത് ഒരു കോളേജ് ആരംഭിക്കാൻ മദ്രാസിലെ ബ്രിട്ടീഷ് ഭരണകൂടത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഇതിനായി ചർച്ച് മിഷനറി സൊസൈറ്റിയുടെ സഹായങ്ങളും തേടി. ആഗോള സുവിശേഷീകരണവും വിദ്യാഭ്യാസ പ്രവർത്തനവും മുൻനിർത്തി 1799ൽ ആരംഭിച്ചതാണ് ഈ സൊസൈറ്റി. കോളേജിൽ അധ്യാപക ജോലി കൂടി നിർവഹിക്കാൻ കഴിവുള്ള മിഷനറിമാരെ അയച്ചുതരാൻ അദ്ദേഹം സൊസൈറ്റിയോട് ആവശ്യപ്പെട്ടു.

1813ലാണ് ഇതൊക്കെ നടക്കുന്നത്. ഇതിനിടെ, തിരുവിതാംകൂറിലെ മഹാറാണി ലക്ഷ്മിഭായിയുടെ ഇടപെടൽ ഒരു അനുഗ്രഹ വർഷം പോലെ സംഭവിച്ചു. 16 ഏക്കർ ഭൂമിയും 500 രൂപയും മഹാറാണി സംഭാവന ചെയ്തു. കെട്ടിട നിർമാണത്തിനുള്ള തടി വനത്തിൽ നിന്ന് വെട്ടിയെടുക്കാൻ അനുവാദവും കൊടുത്തു. തിരുവിതാംകൂറിലെ ആദ്യ റസിഡണ്ടായിരുന്ന കേണൽ കോളിൻ മക്കാളെ നടത്തിയ നിക്ഷേപത്തിൽ നിന്നുള്ള വരുമാനവും കോളേജിന്റെ ആരംഭ പ്രവർത്തനത്തിന് ഉപയോഗിച്ചു.

cms Side1817. കോളേജ് പ്രവർത്തനത്തിനു തയ്യാറായി. സി.എം.എസ് മിഷനറിയായ റവ. ബഞ്ചമിൻ ബെയ്‌ലി ആയിരുന്നു ആദ്യ പ്രിൻസിപ്പൽ. സുറിയാനി, സംസ്‌കൃതം, ലത്തീൻ, ഇംഗ്ലീഷ്, ഗ്രീക്ക് ഭാഷകളും ചരിത്രവും ഗണിത ശാസ്ത്രവും ഭൂമിശാസ്ത്രവും, ഊർജശാസ്ത്രവുമായിരുന്നു പ്രധാന പഠന വിഷയങ്ങൾ. കേം ബ്രിഡ്ജ് സർവകലാശാലയിലെ നിലവാരത്തിനൊപ്പമാണ് കോളേജിലെ കോഴ്‌സുകളെയും പ്രതിഷ്ഠിച്ചത്. കോട്ടയം കോളേജ് എന്നായിരുന്നു ആദ്യ പേര്.


 

ഉന്നത വിദ്യാഭ്യാസ രംഗത്ത് സഹിഷ്ണുതയും  ബഹുസ്വരതയും പുലരണം: രാഷ്ട്രപതി


 

കോളേജിനെ സാമ്പത്തികമായി സഹായിക്കാൻ ഏറെ പേരുണ്ടായി. തിരുവിതാംകൂറിലെ മഹാറാണി ഗൗരി പാർവതി ഭായിയും ഈസ്റ്റ് ഇന്ത്യ കമ്പനിയും കൈ അയച്ച് സഹായിച്ചു.

കോളേജിനോടൊപ്പം സംഭവിച്ചതാണ് സി.എം.എസ് സ്‌കൂൾ. 1918ൽ ബഞ്ചമിൻ ബെയ്‌ലിയുടെ പിൻഗാമിയായി റവ. ജോസഫ് ഫെൻ പ്രിൻസിപ്പലായി. ഇംഗ്ലീഷിലും ഗണിതശാസ്ത്രത്തിലും ഊർജശാസ്ത്രത്തിലും വിദ്യാർത്ഥികൾ പിന്നിലായി പോവുന്നതായി അദ്ദേഹം മനസിലാക്കി. ഫെൻ ഒരു ഫീഡർ പ്രോഗ്രാം തുടങ്ങി. ഗ്രാമർ സ്‌കൂൾ എന്നായിരുന്നു അതിന്റെ പേര്. അവിടെ നിന്ന് പഠിപ്പു കഴിഞ്ഞു വരുന്നവർക്ക് കോളേജ് തലത്തിൽ കൂടുതൽ ശോഭിക്കാൻ കഴിഞ്ഞു. ആ ഗ്രാമർ സ്‌കൂൾ ആണ് പിന്നീട് സി.എം.എസ് സ്‌കൂൾ ആയി മാറിയത്.

പ്രിൻസിപ്പൽ സ്ഥാനം വിട്ടെങ്കിലും ബഞ്ചമിൻ ബെയ്‌ലി കോളേജുമായി സഹകരിച്ചിരുന്നു. കേരളത്തിലെ ആദ്യ പ്രിന്റിംഗ് പ്രസ് 1820ൽ അദ്ദേഹം കോളേജിൽ ആരംഭിച്ചു. മലയാളം അച്ചുകൾ വാർത്തെടുത്തു. പിന്നീത് സ്വാതി തിരുനാൾ മഹാരാജാവ് ബെയ്‌ലിയെ തിരുവനന്തപുരത്തു വിളിച്ചുകൊണ്ടുപോയി സർക്കാർ പ്രസിന് തുടക്കമിട്ടു.

1855 മുതൽ 1866 വരെ പ്രിൻസിപ്പലായിരുന്ന റവ. റിച്ചാർഡ് കോളിൻസ് ആണ് മലയാളം ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയത്. കോളേജിൽ തന്നെയുള്ള അച്ചടി സൗകര്യം ഉപയോഗിച്ച് 1864ൽ ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ കോളേജ് മാഗസിൻ – വിദ്യാസംഗ്രഹം – പ്രസിദ്ധീകരിച്ചു. ഇന്നും സി.എം.എസ് കോളേജ് മാഗസിന്റെ പേര് ഇതാണ്. തുടർന്ന് സി.എം.എസ് പ്രസിൽ നിന്ന് ധാരാളം പുസ്തകങ്ങൾ പുറത്തുവന്നു.

cms backമദ്രാസ് യൂണിവേഴ്‌സിറ്റി സ്ഥാപിതമായതോടെ, 1857ൽ സി.എം.എസ് കോളേജ് ആ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തു. തുടർന്ന് കുട്ടികളെ മെട്രിക്കുലേഷൻ പരീക്ഷക്ക് ഇരുത്തിത്തുടങ്ങി. 1855 വരെ സൗജന്യ വിദ്യാഭ്യാസമായിരുന്നു. പിന്നീട് പ്രതിമാസ ഫീസ് ഒരു രൂപയായി നിശ്ചയിച്ചു.

1890ൽ ദ്വിവത്സര എഫ്.എ ക്ലാസുകൾ ആരംഭിച്ചു. ആദ്യ ബാച്ചിൽ മുഴുവൻ ആൺകുട്ടികളായിരുന്നു. 1892ൽ ആ ബാച്ച് പരീക്ഷക്കിരുന്നു. 1938 വരെ പെൺകുട്ടികളെ പ്രവേശിപ്പിച്ചിരുന്നില്ല.

1950ൽ ഡിഗ്രി ക്ലാസുകൾ തുടങ്ങി. 1959ൽ പോസ്റ്റ് ഗ്രാജ്വേറ്റ് ക്ലാസുകളും. 1981ൽ സി.എസ്.ഐ സിനഡ് കോളേജിന്റെ ഉടമാവകാശം സി.എസ്.ഐ മധ്യകേരള മഹാ ഇടവകക്ക് വിട്ടുകൊടുത്തു.

പൂർവ വിദ്യാർഥികളുടെ അഭിമാനകരമായ ഒരു നിര സി.എം.എസിന് സ്വന്തമായി ഉണ്ട്. കെ.ആർ നാരായണനെ കൂടാതെ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഇന്ത്യയുടെ ആദ്യ വിദേശകാര്യ സെക്രട്ടറി കെ.പി.എസ് മേനോൻ, ചീനയിലെ ഇന്ത്യൻ അംബാസിഡർ ആയിരുന്ന കെ.എം പണിക്കർ, ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ഇ.സി.ജി സുദർശൻ, സുപ്രീംകോടതി ജഡ്ജി ആയിരുന്ന കെ.ടി തോമസ്, മലയാള മനോരമ മുൻ പത്രാധിപർ കെ.എം മാത്യു, കാവാലം നാരായണപ്പണിക്കർ എന്നിങ്ങനെ ആ പട്ടിക നീളുന്നു.

വെറും ഒരു കലാലയം മാത്രമായിരുന്നില്ല സി.എം.എസ്. പുരോഗമന ചിന്തയുടേയും ഉത്പതിഷ്ണുത്വത്തിന്റെയും ഇരിപ്പിടം കൂടിയായിരുന്നു. ഇംഗ്ലീഷുകാരാണ് കോളേജ് തുടങ്ങിയത്. ആദ്യ ഘട്ടത്തിൽ അധ്യാപകരും അവരായിരുന്നു. എന്നാൽ കോളേജ് സൃഷ്ടിച്ചത് സാമ്രാജ്യത്വത്തിന്റെ പിണിയാളുകളെയല്ല. ഇംഗ്ലീഷ് വിദ്യാഭ്യാസം വഴി ജനാധിപത്യ മൂല്യങ്ങളെയും ആധുനിക ചിന്തയെയും അടുത്തറിഞ്ഞ തലമുറയുടെ മനസിൽ സ്വാതന്ത്ര്യ തൃഷ്ണ കത്തി ജ്വലിച്ചു. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള മുദ്രാവാക്യം കാമ്പസിനുള്ളിൽ മുഴങ്ങി സി.എം.എസ് കോളേജ് അവിടെ പഠിച്ചിറങ്ങിയവരുടെ മാത്രം അഭിമാനമല്ല. മുഴുവൻ കേരളത്തിന്റെയുമാണ്.

Comments

comments

Powered by Facebook Comments