രാജസദസിലെ ഗായകൻ

0
437

ക്രൈസ്തവ ഗാന ശാഖയെ സമ്പുഷ്ടമാക്കിയ മോശവത്സലം ശാസ്ത്രിയാർ അന്തരിച്ചിട്ട് നൂറു വർഷം തികയുന്നു. ഗായകൻ, സാമൂഹിക പരിഷ്‌കർത്താവ്, ചിത്രകാരൻ എന്നീ നിലകളിലും ആ പേര് സ്മരണാർഹമാണ്.

ഡെനീസ് ജേക്കബ്

 

‘’നിന്റെ ഹിതംപോലെ എന്നെ

 നിത്യം നടത്തേണമേ

 നിന്റെ – ഹിതം പോലെ അല്ലേ –

 എൻ പിതാവേ എൻ യഹോവേ…‘’

പാമ്പുകടിയേറ്റു മരിച്ച മകന്റെ മൃതദേഹത്തിനടുത്തു നിന്നുകൊണ്ട് മോശവത്സലം പാടി. കേട്ടുനിന്നവരുടെ കണ്ണു നനഞ്ഞു. അത് തേങ്ങലും പൊട്ടിക്കരച്ചിലുമായി മാറി. ചുറ്റും നിന്നുയർന്ന വിതുമ്പലുകൾക്കിടെ അദ്ദേഹം പാടി അവസാനിപ്പിച്ചു:

‘’അഗ്നിമേഘ തൂണുകളാൽ അടിയനെ എന്നും നടത്തി

അനുദിനം കൂടെ ഇരുന്നു അപ്പനെ കടാക്ഷിക്കുക

സ്വന്തം ഇഷ്ടത്തിന്റെയും ഹിതങ്ങളുടെയും മുകളിൽ ദൈവത്തിന്റെ തീരുമാനങ്ങളെ പ്രതിഷ്ഠിച്ച മോശവത്സലത്തിന്റെ, ജാവളി – ആദിതാളത്തിലുള്ള ഈ രചന പിന്നീട് കേരള ക്രൈസ്തവർ മാറോട് ചേർത്തു സ്വീകരിച്ച സമർപ്പണ ഗാനമായി മാറി.

ക്രൈസ്തവ ഗാന ശാഖക്ക് അവിസ്മരണീയമായ നിരവധി സംഭാവനകൾ നൽകിയ മോശവത്സലം ശാസ്ത്രിയാർ കവി മാത്രമല്ല, ഗായകൻ, സംഗീത സംവിധായകൻ, സാമുദായിക പരിഷ്‌കർത്താവ്, ചിത്രകാരൻ ഒക്കെയായിരുന്നു. എന്നാൽ ഇതിനേക്കാൾ എല്ലാം അദ്ദേഹം വില മതിച്ചത് തന്റെ സുവിശേഷ പ്രവർത്തനത്തെയാണ്. സാഹിത്യപരമായ തന്റെ കഴിവുകൾ എല്ലാം അദ്ദേഹം സുവിശേഷ വേലക്കായി ഉപയോഗിച്ചു.

തെക്കൻ തിരുവിതാംകൂറിലെ ക്രൈസ്തവരുടെ ആരാധനയിലും പ്രാർത്ഥനാ രീതികളിലും പാശ്ചാത്യ സ്വാധീനം നിറഞ്ഞുനിന്ന കാലത്താണ് മോശവത്സലം ഗാനരചനാ രംഗത്തേക്ക് കടന്നുവന്നത്. ഇംഗ്ലീഷ്, തമിഴ് ഗാനങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തെങ്കിലും സ്വന്തം ഗാനങ്ങളിൽ അദ്ദേഹം മലയാളത്തിന്റെ തനതു സംസ്‌കാരവും കർണ്ണാടക സംഗീതത്തിന്റെ സൗന്ദര്യവും നിറച്ചു. കർണ്ണാടക, ഹിന്ദുസ്ഥാനി, പാശ്ചാത്യ സംഗീത ധാരകളിൽ ഉണ്ടായിരുന്ന അവഗാഹം അതിന് മോശവത്സലത്തെ സഹായിച്ചു.

നെയ്യാറ്റിൻകരക്കടുത്ത് തിരുപുറത്ത് 1847 ലായിരുന്നു മോശവത്സലത്തിന്റെ ജനനം. പിതാവ് അരുളാനന്ദം. എൽ.എം.എസ് മിഷനറിയായിരുന്ന ജോൺ കോക്‌സിന് അരുളാനന്ദത്തോട് അതിരറ്റ വാത്സല്യമായിരുന്നു. അതുകൊണ്ട് കോക്‌സ് അദ്ദേഹത്തെ വത്സലം എന്നു വിളിച്ചു. ഒരു സുവിശേഷകനായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു. അരുളാനന്ദത്തിന് കുട്ടി ഉണ്ടായപ്പോൾ കോക്‌സാണ് അവനെ മാമോദീസ കഴിപ്പിച്ചത്. മോശ എന്ന് അവനു പേരുമിട്ടു. മറ്റൊരു മിഷനറിയായ സാമുവൽ മറ്റീർ, വത്സലം എന്ന പേരുകൂടി ചേർത്ത് കുഞ്ഞിനെ മോശവത്സലം ആക്കി.

നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം നാഗർകോവിലിൽ പോയി ദൈവശാസ്ത്രം പഠിച്ചു. മലയാളവും തമിഴും കൂടാതെ സംസ്‌കൃതം, ഇംഗ്ലീഷ്, ഗ്രീക്ക്, ഹീബ്രു ഭാഷകളിലും അവഗാഹം നേടി. ചിത്രമെഴുത്തും പഠിച്ചു. തുടർന്ന് കോട്ടയത്ത് സി.എം.എസ് മിഷനറിമാർ നടത്തിയിരുന്ന സെമിനാരിയിൽ അധ്യാപകനായി ചേർന്നെങ്കിലും നെയ്യാറ്റിൻകരക്കടുത്തുള്ള ഒരു എൽ.എം.എസ് സ്‌കൂളിൽ അധ്യാപകനായി നാട്ടിലേക്ക് മടങ്ങി.

1868ൽ വിവാഹിതനായി. നെല്ലിക്കുഴി മനവേലി കുടുംബത്തിലെ റാഹേൽ ആയിരുന്നു വധു. ആറ് പെൺമക്കളും നാല് ആൺമക്കളും ഉണ്ടായി.

ഇതിനിടെ സാമുവൽ മറ്റീർ മോശവത്സലത്തെ എൽ.എം.എസ് മിഷൻ ഓഫീസിൽ നിയമിച്ചു. ലൈബ്രറിയുടെ ചുമതല അദ്ദേഹത്തിനായിരുന്നു. വ്യത്യസ്ത ഭാഷയിലുള്ള അപൂർവ പുസ്തകങ്ങളുമായുള്ള പരിചയം അദ്ദേഹത്തിന്റെ സാഹിത്യ വാസനയെ പോഷിപ്പിച്ചു. ആദ്യ കീർത്തനം രചിച്ചത് 1872ലാണ്. പിന്നീട് ഒന്നിനൊന്ന് മികച്ച ഗാനങ്ങളുടെ ഇടമുറിയാത്ത പ്രവാഹമായിരുന്നു. അവയെല്ലാം ഇന്ന് കേരളത്തിലെ പ്രൊട്ടസ്റ്റന്റ് സഭാ വിഭാഗങ്ങൾ ആരാധനക്കും മറ്റ് ശുശ്രൂഷകൾക്കും ഉപയോഗിക്കുന്നു.

എൽ.എം.എസ് ഓഫീസിലെ സേവനത്തിനുശേഷം തിരുപുറം, നെല്ലിക്കാക്കുഴി എന്നിവിടങ്ങളിൽ സഭാ ശുശ്രൂഷകനായി പ്രവർത്തിച്ചു. 1891 മുതൽ കാട്ടാക്കട കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. 1916 ഫെബ്രുവരി 20ന് അദ്ദേഹം അന്തരിച്ചു.

രാഗനിബദ്ധമായ ഗാനങ്ങളാണ് മോശവാത്സല്യത്തിന്റെ പ്രത്യേകത. കർണ്ണാടക സംഗീതത്തിലെ പ്രാവീണ്യം ഗാനരചനയിലും അതിന്റെ കമ്പോസിംഗിലും ചന്തം ചാർത്തി നിന്നു. തദ്ദേശീയമായ ഉപമകളും അലങ്കാരങ്ങളും നിറഞ്ഞ പാട്ടുകൾ സഭാവിശ്വാസികൾക്കും പ്രിയങ്കരമായി.

മലയാളം ക്രൈസ്തവ ഗാനശാഖയെ സമ്പന്നമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ധ്യാനമാലിക, ഗീതാമഞ്ജരി, ക്രിസ്തുചരിതം, മോശ നാടകം എന്നിവയാണ് പ്രധാന കൃതികൾ. വത്സല ശാസ്ത്രിയാരുടെ തെരഞ്ഞെടുത്ത കൃതികൾ എന്ന പേരിൽ അദ്ദേഹത്തിന്റെ ചെറുമകനായ ജെ ജോൺ 1958ൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ചില ഗാനങ്ങൾ ‘ചിട്ടസ്വരങ്ങൾ’ ഉൾക്കൊള്ളിച്ചാണ് പ്രസിദ്ധപ്പെടുത്തിയത്.

മലബാറിലെ മെത്രാപ്പോലീത്തയായിരുന്ന മാർ ഡയനോഷ്യസ് ആണ് മോശവത്സലത്തെ ആദ്യമായി ശാസ്ത്രിയാർ എന്നു വിളിച്ചത്. തിരുവിതാംകൂറിലെ മൂലം തിരുനാൾ മഹാരാജാവ് പാട്ടു കേൾക്കാൻ അദ്ദേഹത്തെ രാജസദസിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് രാജസദസിലെ ഗായകൻ എന്നും അറിയപ്പെട്ടു.


മോശവത്സലം മരിച്ചിട്ട് ഫെബ്രുവരി 20ന് നൂറു വർഷം തികഞ്ഞു.       സി.എസ്.ഐ മധ്യകേരള മഹാ ഇടവക ശതാബ്ദി സമുചിതമായി ആചരിച്ചു. അദ്ദേഹത്തിന്റെ സ്മരണാർത്ഥമുള്ള പുരസ്‌കാരം                                       പ്രശസ്ത ഗായകനായ കെ.ജി മാർക്കോസിന് നൽകി.


സാമൂഹ്യ പരിഷ്‌കർത്താവ് കൂടിയായിരുന്നു മോശവത്സലം. സാമുദായികമായ അവഗണനകൾക്കെതിരെ ശബ്ദമുയർത്തി. മദ്യ വിപത്തിനെതിരെ പോരാടി. തെങ്ങു ചെത്തുന്നതിൽ നിന്നു പിന്തിരിയാൻ അദ്ദേഹം സ്വസമുദായത്തിനിടയിൽ പ്രചാരണം നടത്തി. ശ്രീനാരായണ ഗുരുവുമായി അടുത്ത ആത്മബന്ധവും ഉണ്ടായിരുന്നു.

വ്യത്യസ്ത സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലും വിദഗ്ധനായിരുന്നു. ചിത്രകലയിലെ മിടുക്ക് മിഷനറി പ്രവർത്തനത്തിനും ഉപയോഗപ്പെടുത്തി. സ്ലൈഡുകൾ വരച്ചുണ്ടാക്കി അതുകൊണ്ടായിരുന്നു സുവിശേഷ പ്രവർത്തനം.

ശ്രീമൂലം തിരുനാളിന്റെ മുന്നിൽ പാടിയതുകൊണ്ടു മാത്രമല്ല മോശവത്സലം രാജസദസിലെ ഗായകനാവുന്നത്. ദൈവത്തിന്റെ രാജസദസിൽ എന്നും അദ്ദേഹത്തിന്റെ ഗാനങ്ങൾ സ്തുതിഗീതങ്ങളായി മുഴങ്ങുന്നതുകൊണ്ടു കൂടിയാണ്.

മോശവത്സലം രചിച്ച പ്രധാന ഗാനങ്ങൾ:

അതിശയ കാരുണ്യമഹാ ദൈവമായോനെ, അനുഗ്രഹത്തോടെ ഇപ്പോൾ അയക്ക, ആത്മാവേ വന്നു എന്റെ മേൽ നീ ഉദിക്കേണമേ, ആലെലു ആലെലു യേശുനാഥനേ – മനുവേലെ സ്വാമിൻ, എൻ ദൈവമേ ഇതാ, എന്നുള്ളിലെന്നും വസിച്ചീടുവാൻ സ്വർഗമണ്ഡപം വിട്ടിറങ്ങി, എൻ പേർക്കു വാർത്ത നിൻ രക്തം, എന്റെ ജീവകാലത്തെ – ഞാൻ പ്രതിഷ്ഠ ചെയ്യട്ടെ, ഒരു നിമിഷവും മനമേ – അകലെ ഇരിക്കരുതേ നീയേ, കാൽവരി യാഗമേ, കീർത്തനം കീർത്തനം യേശുവിന്നു, കൃപാരാക്ഷണ്യം നൽകുകേ, താ താ യേശുനാഥാ – ശുഭ മംഗളം, നാടുതോറും ആശീർവാദം വർഷിക്കുന്നീക്കാലത്തിൽ, നിൻ നൻമകൾ കാരുണ്യവും, പാദം വന്ദനമെ – തിരുകൃപ പാപിക്കു ധനമെ, പാപസങ്കടം താങ്ങീടാൻ യേശു തക്ക സ്‌നേഹിതൻ, പെന്തെക്കോസ്തിൻ വല്ലഭനേ – എഴുന്നരുളുക, മഹത്വരാജൻ മരിച്ച ആശ്ചര്യ ക്രൂശിൽ നോക്കി ഞാൻ, മാ പരിശുദ്ധാത്മനേ ശക്തിയേറും ദൈവമേ, യെരുശലേമിൻ ഇമ്പവീടേ എപ്പോൾ ഞാൻ വന്നുചേരും, യേശു എന്നുള്ള നാമമേ – ലോകം എങ്ങും വിശേഷ നാമമേ, യേശുനാമം ജീവ നാദം യേശുപാദം എൻ സങ്കേതം, യേശുനായകനേ സ്വാമി ദാസരോടീ രാവിൽ, യേശുപരാ – ഇല്ലേ ഭവാനു തുല്യൻ എല്ലാ ലോകത്തും ചൊൽവാൻ, യേശുവിനെ സ്തുതി നീ എൻ മനമേ, യേശുവേ യേശുവേ ത്രിലോക രാജനേ, രക്ഷകനേ നിനക്കു കീർത്തനം അനന്തം, വൻ പോരിന്നാളിൽ തീർന്നിതു, വരസുന്ദര പരമണ്ഡല പരനേശുനാഥനേ, വരിക സുരാധിപ – പരമപരാ, വരുമേ ഉണർന്നിരിപ്പിൻ – യേശുനാഥൻ, വാ വാ വിശുദ്ധാത്മാ – എൻ നെഞ്ചകത്തിൽ, വാഴ്ത്തീടിൻ യേശുനാമത്തെ ഭൂലോകർ ദൂതരും, വീശുക ദൈവാത്മാവേ – സ്വർഗീയമാം ആവിയെ വീശണമേ, ശാലേമിന് അധിപതി വരുന്നതിനെ-ക്കണ്ടു, ശ്രീയേശു നാഥനെന്നും ജയമംഗളം, സംഘം കൂടി ഗീതം പാടി കുമ്പിടേണം യേശുവേ, സാന്നിദ്ധ്യം ആകേണം കർത്താധി കർത്തനേ, ഹാ നേരം വൈകി അന്തിയായിതേ.

Comments

comments

Powered by Facebook Comments