യുഡിഎഫ് സർക്കാരിനെതിരെ മലങ്കര സഭ; കോൺഗ്രസ് അനുനയത്തിന്

0
255
നെടുമങ്ങാട് നടന്ന സംഗമ വേദിയിൽ കർദ്ദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ പ്രസംഗിക്കുന്നു

നാടാർ സംവരണ കാര്യത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വഞ്ചിച്ചുവെന്ന് മാർ ക്ലിമീസ് നീതി നിഷേധം അവസാനിപ്പിക്കണം. അല്ലെങ്കിൽ വോട്ടവകാശം ആയുധമാക്കുമെന്ന് കർദ്ദിനാൾ. അനുനയത്തിന് വി.എം സുധീരനെത്തി

തിരുവനന്തപുരം: നാടാർ സംവരണ ആവശ്യം നിഷേധിച്ചതിന്റെ പേരിൽ യു.ഡി.എഫ് സർക്കാരിനെ വെല്ലുവിളിച്ച മലങ്കര കത്തോലിക്ക സഭാനേതൃത്വത്തെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. തിങ്കളാഴ്ച ഉച്ചക്ക് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ പട്ടം അരമനയിലെത്തി മലങ്കര കത്തോലിക്ക സഭാ മേലധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവയുമായി അനുനയ ചർച്ച നടത്തി.

നീതി നിഷേധം അവസാനിപ്പിക്കണമെന്ന് ഞായറാഴ്ച ഒരു പൊതുയോഗത്തിൽ കർദ്ദിനാൾ ശക്തമായ ഭാഷയിൽ ആവശ്യപ്പെട്ടിരുന്നു. 5 വർഷം മുമ്പ് ഉപയോഗിച്ച വോട്ടവകാശം നീതി നിഷേധിക്കപ്പെട്ടവരുടെ കൈവശം ഇപ്പോഴും ഉണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. മുഖ്യമന്ത്രി ഉമ്മൻചാണ്ടി വഞ്ചന കാട്ടിയെന്ന് അദ്ദേഹം തുറന്നടിച്ചു.

Image8

ആവശ്യം നിരാകരിക്കുകയാണെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബാലറ്റിലൂടെ അതിനു മറുപടി നൽകുമെന്നു തന്നെയാണ് കർദ്ദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ ഭരണനേതൃത്വത്തെ വെല്ലുവിളിച്ചത്. അപകടം തിരിച്ചറിഞ്ഞ കോൺഗ്രസ് നേതൃത്വം പെട്ടെന്നുതന്നെ അനുനയശ്രമം തുടങ്ങി. പ്രശ്‌നപരിഹാരത്തിനു വേണ്ടതു ചെയ്യാമെന്ന് സുധീരൻ കർദ്ദിനാളിന് ഉറപ്പു നൽകിയിട്ടുണ്ട്.

സുറിയാനി കത്തോലിക്ക, മലങ്കര കത്തോലിക്ക, മാർത്തോമ, ഇവാൻജലിക്കൽ, പെന്തക്കോസ്ത് വിഭാഗങ്ങൾ തുടങ്ങി ചെറുതും വലുതുമായ 32 സഭകളിൽ പെട്ട നാടാർ സമുദായക്കാർക്കാണ് ഇപ്പോൾ സംവരണം ഇല്ലാത്തത്. അതേസമയം എസ്.ഐ.യു.സി (സി.എസ്.ഐ), ലത്തീൻ കത്തോലിക്ക വിഭാഗത്തിൽ പെട്ടവർക്ക് സംവരണം ഉണ്ടു താനും.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ അനുകൂല തീരുമാനം എടുക്കാമെന്ന് മുഖ്യമന്ത്രി വാക്കു നൽകിയിരുന്നതാണ്. മന്ത്രിസഭയിൽ വിഷയം ചർച്ചക്ക് വരികയും ചെയ്തു. എന്നാൽ ഒരു മന്ത്രി ശക്തിയായി എതിർത്തു. അതേ തുടർന്ന് തീരുമാനം മാറ്റി. ഉണ്ടായ കാര്യങ്ങൾ വിശദീകരിക്കാൻ മന്ത്രിസഭായോഗം കഴിഞ്ഞ ഉടനെ മന്ത്രി കെ.സി ജോസഫിനെയും ചീഫ് സെക്രട്ടറി ജിജി തോംസണെയും മുഖ്യമന്ത്രി കർദ്ദിനാളിന്റെ അടുത്തേക്ക് പറഞ്ഞയച്ചു. പക്ഷേ അത്ര ഊഷ്മളമായ സ്വീകരണമല്ല അവർക്ക് കിട്ടിയത്.

അതേ തുടർന്നാണ് കഴിഞ്ഞ ദിവസം നെടുമങ്ങാട് വൈദിക ജില്ലയിലെ സംഗമവേദിയിൽ സർക്കാരിനെതിരെ കർദ്ദിനാൾ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.

വേണ്ടിവന്നാൽ വോട്ടവകാശം ആയുധമാക്കും
വേണ്ടിവന്നാൽ വോട്ടവകാശം ആയുധമാക്കും

നാടാർ സമുദായത്തിലെ സംവരണം ലഭിക്കാതെയിരിക്കുന്ന ജനവിഭാഗങ്ങൾക്ക് യുഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നതും കഴിഞ്ഞ 5 വർഷത്തെ ഭരണത്തിനിടയിൽ തുടർച്ചയായി ഉറപ്പുനൽകിക്കൊണ്ടിരുന്നതുമായ സംവരണ വിഷയത്തിൽ നിന്ന് സർക്കാർ മലക്കം മറിഞ്ഞത് കടുത്ത വാഗ്ദാനലംഘനമാണെന്ന് കർദ്ദിനാൾ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനു മുമ്പു തന്നെ വാഗ്ദാനം ചെയ്തു തുടങ്ങുകയും ഇപ്പോൾ 5 വർഷത്തെ ഭരണത്തിന്റെ അവസാന ദിനങ്ങളിലേക്ക് എത്തുകയും ചെയ്തിരിക്കുമ്പോൾ മുഖ്യമന്ത്രി നാടാർ സമുദായത്തിലെ സംവരണം നിഷേധിക്കപ്പെട്ടവരോട് വഞ്ചന കാണിച്ചു എന്നത് മറച്ചുവെക്കാനാവില്ല. ഇപ്പോൾ സംവരണം ലഭിക്കുന്ന ഒരു വിഭാഗത്തിന്റെയും അവകാശത്തിൽ കൈകടത്തുന്നില്ല. ആരാധനാലയങ്ങളുടെ പേരു നോക്കി മാത്രം ഒരുകൂട്ടര്‍ക്ക് സംവരണം നിഷേധിക്കുന്നത് ശരിയല്ല. ഒ.ബി.സി ലിസ്റ്റിൽ ഉള്‍പ്പെടുത്തി സഹായിക്കാൻ പോലും തയ്യാറാവുന്നില്ല. സംവരണം നിഷേധിക്കപ്പെട്ട എല്ലാ നാടാർ വിഭാഗങ്ങൾക്കും വേണ്ടിയാണ് ഇന്നുവരെയും താൻ ശബ്ദമുയർത്തിയിട്ടുള്ളതെന്നും തുടർന്നും ഈ വിഭാഗങ്ങൾ ഒറ്റക്കെട്ടായി നിന്ന് ഈ നീതി നിഷേധത്തെ എതിർക്കുമെന്നും കർദ്ദിനാൾ ഓർമിപ്പിച്ചു. നീതി നിഷേധിക്കപ്പെട്ട നാടാർ മക്കൾ ഭരണകർത്താക്കളുടെ മുന്നിൽ കൂപ്പുകരങ്ങളുമായി നിൽക്കുന്നത് ഗവൺമെന്റിന്റെ പത്തു സെന്റ് വസ്തുവിനോ, കോളേജിനോ, എം.എൽ.എ സ്ഥാനത്തിനോ ഒന്നുമല്ല, മതേതര ഭാരതത്തിൽ നീതിക്കു വേണ്ടി മാത്രമാണെന്ന് യു.ഡി.എഫിലെ ഭരണാധികാരികൾ ദയവായി ഓർമിക്കണം. കോർപറേറ്റുകൾക്കും സംഘടിത ശക്തികൾക്കും മുമ്പിൽ ഈ അസംഘടിതരെ യു.ഡി.എഫ് മറക്കുന്നത് കടുത്ത അപരാധമാണ്. 5 വർഷം മുമ്പ് ഉപയോഗിച്ച വോട്ടവകാശം നീതി നിഷേധിക്കപ്പെട്ട എല്ലാവരുടെയും കൈയിൽ ഇപ്പോഴുമുണ്ടെന്നത് ഭരണാധികാരികൾ ഓർമ്മിക്കുന്നത് നല്ലതാണ്.

കഴിഞ്ഞ അഞ്ചുവർഷക്കാലമായി കേരള സംസ്ഥാനത്തിലെ വിവിധ വിഷയങ്ങളുടെ പരിഹാരത്തിനായി സഭ മുമ്പോട്ടുവെച്ച പട്ടയ പ്രശ്‌നം, കുട്ടനാട് പാക്കേജ്, എയ്ഡഡ് സ്‌കൂൾ, കോളേജ് അധ്യാപക പാക്കേജ്, റബ്ബർ കർഷകരുടെ പ്രശ്‌നങ്ങൾ ഇതെല്ലാം എവിടെ നിൽക്കുന്നുവെന്നത് ഗവൺമെന്റ് ഗൗരവമായി പരിശോധിക്കണം. ഭരണം പൂർത്തീകരിക്കുന്നതിനു മുമ്പ് സംവരണ വിഷയമുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് കർദ്ദിനാൾ ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ നാടാർ സമുദായത്തെ മത, സഭാ വ്യത്യാസം കൂടാതെ സംവരണ പട്ടികയിൽ പെടുത്തിയിട്ടുണ്ട്. എസ്.യു.സി.ഐക്കോ ലത്തീൻകാർക്കോ ഉള്ള സംവരണാനുകൂല്യങ്ങൾ സംവരണം നിഷേധിക്കപ്പെട്ടവർ ആവശ്യപ്പെടുന്നില്ല. ഒ,ബി,സിയിലെങ്കിലും പെടുത്തണമെന്നാണ് അവരുടെ ആവശ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പ്രകടനപത്രികയിൽ സംവരണ വാഗ്ദാനം നൽകിയിരുന്നു.

ഭാരത കത്തോലിക്കാ മെത്രാൻ സംഘത്തിന്റെയും കേരള കത്തോലിക്കാ മെത്രാൻ സംഘത്തിന്റെയും പ്രസിഡണ്ട് കൂടിയാണ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലിമീസ് കാതോലിക്ക ബാവ.

Comments

comments

Powered by Facebook Comments

Dennis is an author at TheChristianReporter