സീറോ മലബാർ, മലങ്കര സഭകളിൽ സ്ത്രീകളുടെ കാൽ കഴുകൽ ഇല്ല

0
652
കർദ്ദിനാൾ ജോർജ് ആലഞ്ചേരി കാൽ കഴുകൽ ശുശ്രൂഷ നിർവഹിക്കുന്നു

മാർപ്പാപ്പയുടെ നിർദ്ദേശം വത്തിക്കാന്റെ അനുമതിയോടെ ഒഴിവാക്കുന്നു

തിരുവനന്തപുരം: സീറോ മലബാർ, മലങ്കര കത്തോലിക്കാ സഭകളിൽ പെസഹ നാളിലെ കാൽ കഴുകൽ ശുശ്രൂഷയിൽ സ്ത്രീകൾക്ക് സ്ഥാനം ലഭിക്കില്ല.

ഈ വർഷം മുതൽ പെസഹാ വ്യാഴാഴ്ച സ്ത്രീകളുടെയും കാൽ കഴുകണമെന്ന് മാർപ്പാപ്പ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അത് പൗരസ്ത്യ സഭകൾക്ക് ബാധകമാവില്ലെന്ന് വത്തിക്കാൻ പിന്നീട് വിശദീകരിച്ചു. എങ്കിലും സീറോ മലബാർ, മലങ്കര സഭകൾക്ക് വേണമെങ്കിൽ കാൽ കഴുകലിൽ സ്ത്രീകളെ കൂടി ഉൾക്കൊള്ളിക്കാൻ തീരുമാനിക്കാമായിരുന്നു. എന്നാൽ അതു വേണ്ടെന്നാണ് ഇരു സഭകളുടെയും തീരുമാനം.

സ്ത്രീകളെ ഉൾപ്പെടുത്തുന്നത് പൗരസ്ത്യ സഭകളുടെ ആരാധനാക്രമത്തിന് യോജിച്ചതല്ലെന്നാണ് ഈ രണ്ടു സഭകളുടെയും നിലപാട്.

കഴിഞ്ഞ ജനുവരി ഒന്നിനാണ് മാർപ്പാപ്പ ഇതു സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്. തുടർന്ന് ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന് കർദ്ദിനാൾ ജോർജ് ആലഞ്ചേരി വത്തിക്കാനോട് ആവശ്യപ്പെട്ടു. സീറോ മലബാർ, മലങ്കര സഭകൾ യോജിച്ചെടുത്ത തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. പൗരസ്ത്യ സഭകൾ ഈ നിർദ്ദേശം പാലിക്കേണ്ടതില്ലെന്ന് പൗരസ്ത്യ തിരു സംഘത്തിന്റെ ജനറൽ സെക്രട്ടറി ആർച്ച് ബിഷപ്പ് സിറിൾ വാസിൽ അറിയിച്ചു. തുടർന്നാണ് കേരള സഭകളുടെ തീരുമാനം.

അതേസമയം ലത്തീൻ സഭകൾക്ക് മാർപ്പാപ്പയുടെ നിർദ്ദേശം ബാധകമായിരിക്കും.

സ്ത്രീകളുടെ കാൽ കഴുകേണ്ടതില്ലെന്ന തീരുമാനം സീറോ മലബാർ സഭ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. മലങ്കര സഭയും അതേ തീരുമാനമെടുത്തു.

ഓർത്തഡോക്‌സ് സഭയിൽ നിന്നു പുനരൈക്യപ്പെട്ടവരാണ് മലങ്കര സഭ. ഓർത്തഡോക്‌സ്-യാക്കോബായ സഭകളുടെ ആരാധനാ ക്രമമാണ് അവർ പിന്തുടരുന്നതും. ആ സഭകൾ കാൽ കഴുകൽ സംബന്ധിച്ച നൂറ്റാണ്ടുകളുടെ പഴക്കമുള്ള രീതി മാറ്റാത്തിടത്തോളം കാലം മലങ്കര സഭക്ക് മറിച്ചെന്തെങ്കിലും മാറ്റം വരുത്താൻ ബുദ്ധിമുട്ടാവും.

Comments

comments

Powered by Facebook Comments