നേതൃപാടവത്തിന് വീണ്ടും അംഗീകാരം

0
313
മാർ ബസേലിയോസ് കർദ്ദിനാൾ ക്ലിമീസ് കാതോലിക്ക ബാവ

മാർ ബസേലിയോസ് കർദ്ദിനാൾ ക്ലിമീസ്വീ ണ്ടും സി.ബി.സി.ഐ അധ്യക്ഷ പദവിയിൽ

തിരുവനന്തപുരം: ഭാരത കത്തോലിക്ക മെത്രാൻ സംഘത്തിന്റെ അധ്യക്ഷ പദവി വീണ്ടും മാർ ബസേലിയോസ് കർദ്ദിനാൾ ക്ലിമീസ് കാതോലിക്ക ബാവയെ തേടിയെത്തുമ്പോൾ അംഗീകരിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ നേതൃപാടവമാണ്. സംഘർഷ ഭരിതമായ നാളുകളിൽ ഇന്ത്യൻ സഭക്ക് നേതൃത്വം കൊടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

നിരവധി പ്രഗത്ഭർ ഇരുന്ന കസേരയിലേക്കാണ് അദ്ദേഹം വീണ്ടും എത്തുന്നത്. ആകമാന ഇന്ത്യൻ സഭയിൽ താരതമ്യേന ചെറിയ സഭയാണ് സീറോ മലങ്കര കത്തോലിക്കാ സഭ. 180-ലേറെ വരും ഭാരത കത്തോലിക്ക മെത്രാൻ സംഘ (സി.ബി.സി.ഐ) ത്തിന്റെ അംഗസംഖ്യ. അതിൽ മലങ്കര സഭയുടെ വിഹിതം പന്ത്രണ്ടു മാത്രമാണ്. സഭ എണ്ണത്തിൽ ചെറുതാണെങ്കിലും സി.ബി.സി.ഐയുടെ അധ്യക്ഷ പദവിയിൽ മാർ ക്ലിമീസിന്റെ മുൻഗാമികളായ ബനഡിക്ട് മാർ ഗ്രിഗോറിയോസും സിറിൾ മാർ ബസേലിയോസും ഇരുന്നിട്ടുണ്ട്. ആ സമ്പന്ന പാരമ്പര്യത്തിന്റെ അനുഗ്രഹിക്കപ്പെട്ട പിന്തുടർച്ചക്കാരനാവുകയാണ് മാർ ക്ലിമീസ്.

അദ്ദേഹം മേജർ ആർച്ച് ബിഷപ്പ് എന്ന നിലയിൽ മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനാണ്, കാതോലിക്ക ബാവ ആണ്, ആകമാന സഭയുടെ രാജകുമാരന്മാരുടെ സംഘത്തിലെ അംഗം – കർദ്ദിനാൾ ആണ്. ഉയരങ്ങളിലേക്ക് പോകുമ്പോഴും കൂടുതൽ വിനയാന്വിതനാവുന്ന സ്വഭാവം. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കുന്ന കർമകുശലത, സഭാ മേലധ്യക്ഷനായിരിക്കുമ്പോൾ തന്നെ സമൂഹത്തെ ഒന്നായി കാണുന്ന ഹൃദയവിശാലത, അടിയുറച്ച കത്തോലിക ക്രൈസ്തവ സാക്ഷ്യം എന്നിവയൊക്കെയാണ് താരതമ്യേന ചെറുപ്രായത്തിൽ തന്നെ ഉന്നതപദവികൾ അദ്ദേഹത്തെ തേടി വരാൻ കാരണം.

1959 ജൂൺ 15ന് മല്ലപ്പള്ളിക്കടുത്ത് മുക്കൂർ എന്ന ഗ്രാമത്തിൽ പിറന്ന ഐസക് തിരുവല്ല സെമിനാരി, ആലുവ മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് പ്രാരംഭ ദൈവശാസ്ത്ര പഠനം നടത്തിയത്. പൂന പേപ്പൽ സെമിനാരിയിൽ നിന്ന് തിയോളജിയിൽ ബിരുദവും ബാംഗളൂർ ധർമാരം സെമിനാരിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് തോമസ് അക്വിനാസിൽ നിന്ന് 1997ൽ, എക്യുമെനിക്കൽ തിയോളജിയിൽ ഡോക്ടറേറ്റും ലഭിച്ചു.

ബനഡിക്ട് പതിനാറാൻ മാർപ്പാപ്പക്കൊപ്പം (സിഫി ന്യൂസ്)
ബനഡിക്ട് പതിനാറാൻ മാർപ്പാപ്പക്കൊപ്പം (സിഫി ന്യൂസ്)

ജൂൺ 11നാണ് വൈദികവൃത്തിയിൽ പ്രവേശിക്കുന്നത്. മാർ ക്ലിമീസിനെ അതീവ വാത്സല്യത്തോടെ കണ്ടിരുന്ന സിറിൾ മാർ ബസേലിയോസ് ആണ് അദ്ദേഹത്തിന് വൈദിക പട്ടം നൽകിയത്. കാലം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയായി മാർ ക്ലിമീസ് മലങ്കര സഭയുടെ മേജർ ആർച്ച് ബിഷപ്പായി എന്നത് ദൈവഹിതത്തിന്റെ നടപ്പാകലായിരുന്നു.

2001 ജൂൺ 18ന് ഫാ. ഐസക്കിനെ ജോൺ പോൾ രണ്ടാമൻ തിരുവനന്തപുരം രൂപതയുടെ സഹായ മെത്രാനും നോർത്ത് അമേരിക്കയുടെ അപ്പോസ്തലിക് വിസിറ്ററും ആയി നിയമിച്ചു. ആഗസ്റ്റ് 15ന് തിരുമൂലപുരത്താണ് മെത്രാഭിഷേക ചടങ്ങ് നടന്നത്. സിറിൾ മാർ ബസേലിയോസ് തന്നെയായിരുന്നു മുഖ്യ കാർമികൻ. ഐസക് മാർ ക്ലിമീസ് എന്ന പേ

2003 സെപ്തംബർ 11ന് അദ്ദേഹം തിരുവല്ല രൂപതയുടെ മെത്രാനായി. തിരുവല്ല അതിരൂപത ആയപ്പോൾ, 2006 ജൂൺ 10ന് അവിടത്തെ ആർച്ച് ബിഷപ്പായി.


 

കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ സി.ബി.സി.ഐ. പ്രസിഡന്റ്


 

സിറിൾ മാർ ബസേലിയോസ് കാലം ചെയ്തതിനെ തുടർന്ന് പുതിയ മേജർ ആർച്ച് ബിഷപ്പിനെ നിശ്ചയിക്കാൻ മലങ്കര കത്തോലിക്ക സഭയുടെ സിനഡ് 2007 ഫെബ്രുവരി ഏഴു മുതൽ പത്തു വരെ പട്ടത്തെ കാതോലിക്കേറ്റ് സെന്ററിൽ ചേർന്നു. എട്ടിന് മാർ ക്ലിമീസിനെ മേജർ ആർച്ച് ബിഷപ്പായി എതിരില്ലാതെ തെരഞ്ഞെടുത്തു. ഒൻപതിന് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ അംഗീകാരം കിട്ടി. പത്തിന് പ്രഖ്യാപിച്ചു. 2007 മാർച്ച് അഞ്ചിന് സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ അഭിഷിക്തനായി. ബസേലിയോസ് ക്ലിമീസ് എന്ന പേരിൽ. ഒപ്പം കാതോലിക്കയുമായി. കർദ്ദിനാൾമാരായ ടെലസ്‌ഫോർ ടോപ്പോയും വർക്കി വിതയത്തിലുമായിരുന്നു പ്രധാന കാർമികർ.

2012ൽ കർദ്ദിനാൾ പദവി അദ്ദേഹത്തെ തേടിയെത്തി. നവംബർ 24ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ബനഡിക്ട് പതിനാറാമൻ അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്തി. മാർ ക്ലിമീസിനൊപ്പം മലങ്കര സഭക്കും അംഗീകാരമായിരുന്നു അത്. ഇപ്പോൾ കേരള കത്തോലിക്ക മെത്രാൻ സംഘത്തിന്റെ പ്രസിഡന്റ് കൂടിയാണ്. വത്തിക്കാനിലെ പൗരസ്ത്യ തിരു സംഘത്തിലും മതാന്തര സംവാദത്തിനുള്ള പൊന്തിഫിക്കൽ കൗൺസിലിലും അംഗമാണ്.

കർദ്ദിനാളായി അഭിഷിക്തനാവുന്നു (മലങ്കര കാത്തലിക് ന്യൂസ്)
കർദ്ദിനാളായി അഭിഷിക്തനാവുന്നു (മലങ്കര കാത്തലിക് ന്യൂസ്)

സഭയുടെ അതിരുകൾക്കപ്പുറമുള്ള സ്വീകാര്യതയാണ് മാർ ബസേലിയോസ് ക്ലിമീസിനെ വ്യത്യസ്തനാക്കുന്നത്. രാഷ്ട്രീയ, സാമൂഹിക രംഗത്തെ നേതാക്കളും അഭിപ്രായ സ്രഷ്ടാക്കളും അദ്ദേഹത്തിന്റെ വാക്കുകൾക്കായി കാതോർക്കുന്നു. സഭയുടെ കാര്യത്തിൽ മാത്രമല്ല സമൂഹത്തിന്റെ ആവശ്യങ്ങളിലേക്കും അദ്ദേഹത്തിന്റെ കണ്ണ് എത്തുന്നു. കേരള പൊതു ജീവിതത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്.

Comments

comments

Powered by Facebook Comments