മലയാളം ഡിസ്ട്രിക്ട് കൗൺസിൽ: ടി.ജെ സാമുവൽ പ്രസിഡണ്ട്, തോമസ് ഫിലിപ്പ് സെക്രട്ടറി
തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം കൗൺസിൽ തെരഞ്ഞെടുപ്പിൽ സൂപ്രണ്ടിന്റെ പാനലിൽ നിന്ന് സൂപ്രണ്ട് മാത്രം ജയിച്ചു. ബാക്കി നാല് സ്ഥാനങ്ങൾ എതിർപക്ഷം തൂത്തുവാരി.

നിലവിലെ സൂപ്രണ്ട് പാസ്റ്റർ ടി.ജെ സാമുവലിന്റെയും വൈസ് പ്രസിഡന്റ് പി.എസ് ഫിലിപ്പിന്റെയും നേതൃത്വത്തിലുള്ള രണ്ടു പാനലുകളാണ് മത്സരിച്ചത്. സൂപ്രണ്ട് സ്ഥാനത്തേക്ക് ഇവർ രണ്ടുപേരുമായിരുന്നു മത്സരാർഥികൾ. 46 വോട്ടിന്റെ വ്യത്യാസത്തിൽ പാസ്റ്റർ ടി.ജെ സാമുവൽ ജയിച്ചു. അദ്ദേഹത്തിന് 709-ഉം പാസ്റ്റർ പി.എസ് ഫിലിപ്പിന് 617-ഉം വോട്ട് കിട്ടി. ബാക്കി നാലു സീറ്റുകളിൽ പാസ്റ്റർ ഫിലിപ്പിന്റെ പാനലാണ് ജയിച്ചത്.
പാസ്റ്റർ പി.എസ് ഫിലിപ്പ് അസിസ്റ്റന്റ് സൂപ്രണ്ട് സ്ഥാനത്തേക്കും മത്സരിച്ചു. വിജയിക്കുകയും ചെയ്തു. സെക്രട്ടറിയായി പാസ്റ്റർ തോമസ് ഫിലിപ്പ്, ട്രഷററായി പാസ്റ്റർ എ രാജൻ,

കമ്മിറ്റിയംഗമായി എം.എ ഫിലിപ്പ് എന്നിവരും ജയിച്ചു. ഇവരെല്ലാം പാസ്റ്റർ പി.എസ് ഫിലിപ്പിന്റെ പാനലിൽ പെട്ടവരാണ്.
തിരുവനന്തപുരം മുതൽ തൃശൂർ വരെ ജില്ലകളിൽ 800 പ്രാദേശിക സഭകൾ ഉൾപ്പെടുന്നതാണ് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്. തൃശൂരിന് വടക്കോട്ടുള്ള ജില്ലകൾ മലബാർ ഡിസ്ട്രിക്ട് എന്നറിയപ്പെടുന്നു.
സഭയുടെ ദേശീയ ജനറൽ സെക്രട്ടറി കൂടെയാണ് പാസ്റ്റർ ടി.ജെ സാമുവൽ. സൗത്ത് ഇന്ത്യ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

നിലവിലെ കൗൺസിലിൽ മൂന്നു പേർ ടി.ജെ സാമുവലിന്റെയും രണ്ടു പേര് പാസ്റ്റർ ഫിലിപ്പിന്റെയും ഗ്രൂപ്പിൽ പെട്ടവരായിരുന്നു. പുതിയ കൗൺസിലിൽ സൂപ്രണ്ട് ഒറ്റപ്പെട്ട നിലയിലാണ്. ബാക്കി നാലുപേരും മറുഭാഗത്താണ്. അതുകൊണ്ട് എതിർപക്ഷത്തിന്റെ സമ്മർദ്ദങ്ങൾക്ക് അദ്ദേഹം വഴങ്ങേണ്ടി വരും.
നിലവിലെ കൗൺസിൽ പക്ഷപാതപരമായാണ് പ്രവർത്തിച്ചതെന്ന് പരാതി ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട അസ്വസ്ഥതകളാണ് പാസ്റ്റർ പി.എസ് ഫിലിപ്പിന്റെ പാനലിന്റെ വിജയത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
പാസ്റ്റർ രാജു ഏബ്രഹാം, പാസ്റ്റർ ബാബു ജോർജ്, പാസ്റ്റർ സി.കെ യേശുദാസ്,

പാസ്റ്റർ ജോസ് തോമസ് എന്നിവരാണ് പരാജയപ്പെട്ടത്.
പുതിയ കൗൺസിലിന് മറ്റൊരു പ്രതിസന്ധി കൂടി നേരിടേണ്ടിവരും. തിരുവനന്തപുരം കേന്ദ്രമായി മറ്റൊരു ഡിസ്ട്രിക്ട് രൂപവൽക്കരിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടിരിക്കുകയാണ്. അതിനുള്ള ഒപ്പ് ശേഖരണവും മറ്റും നടക്കുന്നു. സൗത്ത് ഇന്ത്യൻ ചർച്ച് ഓഫ് ഗോഡിന്റെ പ്രത്യേക കൺവെൻഷൻ മാർച്ച് 15ന് തിരുവല്ലയിൽ ചേരുന്നു.പുതിയ ഡിസ്ട്രിക്ട് രൂപവൽക്കരണ പ്രശ്നം യോഗത്തിൽ ഉയർന്നു വന്നേക്കാം.
Comments
Powered by Facebook Comments