ഇവാൻജലിക്കൽ ചർച്ച്: ബിഷപ്പ് ഡോ. സി.വി മാത്യു 2018 ഡിസംബർ 31 വരെ തുടരും

0
234
പ്രിസൈഡിംഗ് ബിഷപ്പ് ഡോ. സി.വി മാത്യു

വിരമിക്കൽ അപേക്ഷ സഭാ കൗൺസിൽ തള്ളി

തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പ്രിസൈഡിംഗ് ബിഷപ്പ് മോസ്റ്റ് റവ. ഡോ. സി.വി മാത്യു 2018 ഡിസംബർ 31 വരെ തൽസ്ഥാനത്തു തുടരും.

2013 നവംബറിൽ കൂടിയ പ്രതിനിധി സമ്മേളനത്തിന്റെ തീരുമാനപ്രകാരമുള്ള കാലാവധി 2018 ഡിസംബർ 31 വരെയാണ്. അതേസമയം ബിഷപ്പുമാർ 65 വയസ് തികഞ്ഞാൽ ഔദ്യോഗികമായി സഭാ ശുശ്രൂഷയിൽ നിന്നു വിരമിക്കണമെന്ന് 1961ൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ അത് പ്രായോഗികമാക്കാൻ കഴിഞ്ഞിരുന്നില്ല.

ബിഷപ്പ് മോസ്റ്റ് റവ. ഡോ. സി.വി മാത്യുവിന് മാർച്ച് അഞ്ചിന് 65 വയസ് തികയുകയാണ്. 1961ലെ പ്രഖ്യാപനം നടപ്പാക്കുക എന്ന ഉദ്ദേശത്തോടെ, മാർച്ചിൽ ശുശ്രൂഷയിൽ നിന്ന് വിരമിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സഭാ കൗൺസിലിന് ബിഷപ്പ് കത്ത് നൽകിയിരുന്നു. കൗൺസിൽ പക്ഷേ, അനുമതി നൽകിയില്ല. 2006 നവംബർ 24ന് ചേർന്ന പ്രതിനിധി സഭാസമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് അനുമതി നിഷേധിച്ചത്. പട്ടക്കാർ വിരമിക്കൽ തീയതിക്കു മുൻപ് ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുകയോ ഔദ്യോഗിക സ്ഥാനങ്ങളിൽ ആയിരിക്കുകയോ ചെയ്താൽ ഔദ്യോഗിക കാലാവധി തീരുന്നതുവരെ ആ പദവിയിൽ ഇരിക്കാം എന്നായിരുന്നു തീരുമാനം. റൈറ്റ് റവ. ഡോ. തോമസ് ഏബ്രഹാം മാത്രമാണ് നിലവിൽ സജീവ സേവനത്തിലുള്ള ബിഷപ്പ് എന്നതും കൗൺസിൽ പരിഗണിച്ചു.

‘’സഭാ കൗൺസിൽ എടുത്ത തീരുമാനത്തെ ശിരസാവഹിച്ചുകൊണ്ട് സഭയെ തുടർന്നും ശുശ്രൂഷിക്കുവാൻ ഞാൻ എന്നെത്തന്നെ വീണ്ടും സമർപ്പിക്കുന്നു’’ – ഡോ. സി.വി മാത്യു പറഞ്ഞു.

Comments

comments

Powered by Facebook Comments