നിയമസഭാ സീറ്റുകൾക്കായി കത്തോലിക്കാ സഭാ സമ്മർദ്ദം

0
233
കർഷകർക്കു വേണ്ടി; സഭക്കു വേണ്ടിയും: കർഷകരുടെ ശക്തനായ വക്താവ് താമരശ്ശേരി ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ

തിരുവമ്പാടി കോൺഗ്രസ് എടുത്ത് തങ്ങൾ പറയുന്ന സ്ഥാനാർത്ഥിയെ നിർത്തണമെന്ന് മലയോര വികസന സമിതി. ലീഗ് വിട്ടുവീഴ്ചക്കില്ല. സമിതിയുമായി ചർച്ചക്കു തയ്യാറെന്ന് സി.പി.എം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവമ്പാടി സീറ്റിനു വേണ്ടി കത്തോലിക്ക സഭയുടെ അനുഗ്രഹാശിസുകളോടെ മലയോര വികസന സമിതി നടത്തുന്ന വിലപേശൽ തന്ത്രം ഐക്യജനാധിപത്യ മുന്നണിയെ സമ്മർദ്ദത്തിലാക്കുന്നു. സമിതിയുമായി ചർച്ചക്ക് തയ്യാറാണെന്ന് സി.പി.എം വ്യക്തമാക്കി.

കഴിഞ്ഞ തവണ മുസ്ലിം ലീഗ് ജയിച്ച സീറ്റ് ആണിത്. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നും തങ്ങൾക്കു കൂടി താല്പര്യമുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നുമാണ് മലയോര വികസന സമിതിയുടെ ആവശ്യം. അതേസമയം സിറ്റിംഗ് സീറ്റുകൾ അതതു മുന്നണിക്ക് എന്ന ധാരണയിൽ മുസ്ലിം ലീഗ് തിരുവമ്പാടിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവിലെ എം.എൽ.എ ആയ സി മായിൻകുട്ടിയെ മാറ്റി കൊടുവള്ളി എം.എൽ.എ ആയ വി.എം ഉമ്മർ മാസ്റ്ററെയാണ് അവിടെ അവർ സ്ഥാനാർത്ഥി ആക്കിയിരിക്കുന്നത്.

അടുത്ത തവണ തിരുവമ്പാടി കോൺഗ്രസിനു നൽകാമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ലീഗ് സമ്മതിച്ചിരുന്നു. അതനുസരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി സ്വന്തം കൈപ്പടയിൽ ഉമ്മൻചാണ്ടിക്ക് ഒരു കത്തും നൽകിയിരുന്നു. തിരുവമ്പാടിയിൽ ലീഗ് മത്സരിക്കുന്നതിൽ ചില ജനവിഭാഗങ്ങൾക്ക് അസംതൃപ്തി ഉണ്ട് എന്നു മനസിലാക്കുന്നു എന്നും 2016ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഒരു സീറ്റ് വാങ്ങി തിരുവമ്പാടി വിട്ടുകൊടുക്കാമെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ കത്തിലെ ഉള്ളടക്കം. സീറ്റ് ചർച്ചയിൽ ലീഗോ കോൺഗ്രസോ അത് ഓർത്തതായി ഭാവിച്ചില്ല. ലീഗ് സ്ഥാനാർത്ഥിയെ നിർത്തുകയും ചെയ്തു. അതോടെയാണ് മലയോര വികസന സമിതി പ്രതിഷേധവുമായി രംഗത്തു വന്നത്. പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിക്കാനില്ല എന്ന കടുത്ത നിലപാടിലാണ് ലീഗ്.

ചുരമിറങ്ങി വരുന്ന വിവാദം. താമരശ്ശേരി ചുരം ഒരു ദൃശ്യം.

കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ മുന്നിൽ നിന്നു പ്രവർത്തിക്കുന്ന ഒരാളെ ജനപ്രതിനിധിയായി വേണമെന്നാണ് സമിതി മുന്നോട്ടുവെക്കുന്ന വാദം. തിരുവമ്പാടിയിൽ സമിതി പറയുന്ന ആളെ കോൺഗ്രസ് സ്ഥാനാർത്ഥി ആക്കിയാൽ ആസിയാൻ കരാറിനെ തുടർന്ന് കർഷകർക്കുണ്ടായ പ്രശ്‌നങ്ങൾ, റബർ വില തകർച്ച, കസ്തൂരി രംഗൻ റിപ്പോർട്ട് ഉയർത്തുന്ന ആശങ്കകൾ, വന്യമൃഗങ്ങളെക്കൊണ്ടുള്ള ശല്യം തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമോ എന്ന ചോദ്യത്തിന് മറുപടിയില്ല. താമരശ്ശേരി രൂപതക്കു താല്പര്യമുള്ള ഒരാളെ സ്ഥാനാർത്ഥിയാക്കുക എന്നതു തന്നെയാണ് സമിതിയുടെ ലക്ഷ്യം എന്നു വ്യക്തം.

ഇടുക്കിയിലെ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ താമരശ്ശേരി പതിപ്പാണ് മലയോര വികസന സമിതി. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടുക്കി മെത്രാൻ ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പിന്തുണയോടെ, കർഷകരുടെ പേരിൽ ഒരു വിഭാഗം ജോയ്‌സ് ജോർജിനെ സ്ഥാനാർത്ഥിയാക്കി. ഇടതുമുന്നണി പിന്തുണച്ചു. ജോയ്‌സ് വിജയിക്കുകയും ചെയ്തു.

അതൊരു രുചി അറിയലായിരുന്നു. അതുവരെ കോൺഗ്രസിലെയും കേരള കോൺഗ്രസിലെയും സ്വതന്ത്രർക്കു വേണ്ടി സമ്മർദ്ദം ചെലുത്തുന്ന പതിവായിരുന്നു സഭാ നേതൃത്വത്തിന്റേത്. ഇടുക്കിയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തി ജയിപ്പിച്ചതിന്റെ സുഖം ചിലർ അറിഞ്ഞു തുടങ്ങി. അതോടെയാണ് തിരുവമ്പാടിയിൽ ഇടുക്കി മോഡൽ പരീക്ഷിക്കാൻ അവർ ഇറങ്ങിയത്.

തിരുവമ്പാടി മാത്രമല്ല ഇടുക്കിയിലെ ചില സീറ്റുകളും സഭ നോട്ടമിടുന്നുണ്ട്. ഇടുക്കി നിയമസഭാ മണ്ഡലം ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഒരു നേതാവിനായി സി.പി.എമ്മുമായി രഹസ്യ ചർച്ചകൾ നടക്കുന്നു. ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ കേരളാ കോൺഗ്രസിലുണ്ടായ മിനി പിളർപ്പിന്റെ പിന്നിലും കത്തോലിക്ക സഭയുടെ രണ്ടു രൂപതകളുടെ പങ്ക് കാണുന്നവർ യു.ഡി.എഫിലുണ്ട്. ഫ്രാൻസിസ് ജോർജിനെ ജയിപ്പിക്കണം. അത് മറ്റൊരു സീറ്റിലാവട്ടെ. ഇടുക്കി ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് കിട്ടണം. അതാണ് അവരുടെ പ്ലാൻ.

സി.പി.എം ഈ അവസരം ശരിക്ക് മുതലെടുക്കാനുള്ള നീക്കത്തിലാണ്. മൂന്നോ നാലോ പരമ്പരാഗത സീറ്റുകൾ ഫ്രാൻസിസ് ജോർജിന്റെ പാർട്ടിക്കും ഹൈറേഞ്ച് സംരക്ഷണ സമിതിക്കും വിട്ടുകൊടുത്ത് യു.ഡി.എഫിന്റെ വോട്ടിൽ ചോർച്ചയുണ്ടാക്കാൻ അവർ തന്ത്രം മെനയുന്നു. തിരുവമ്പാടിയിൽ സ്വന്തം സ്ഥാനാർത്ഥിക്ക് മലയോര വികസന സമിതിയുടെ പിന്തുണ നേടി എടുക്കാനാവും അവരുടെ ആദ്യ ശ്രമം. ലീഗ് തന്നെ തിരുവമ്പാടിയിൽ മത്സരിക്കുന്ന സാഹചര്യത്തിൽ വികസന സമിതി സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ തയ്യാറായാൽ അവരെ പിന്തുണക്കാൻ സി.പി.എം തയ്യാറായേക്കും. ഒരു ത്രികോണ മത്സരം ഉണ്ടാവുന്നത് എൽ.ഡി.എഫിന് അനുകൂലമാണെങ്കിലും സീറ്റ് ഉറപ്പിക്കാൻ മലയോര വികസന മുന്നണിയുമായി ഒരു ധാരണക്ക് അവർ തയ്യാറായേക്കും. സമിതിയുമായി ചർച്ചക്ക് തയ്യാറാണ് എന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ വ്യക്തമാക്കിക്കഴിഞ്ഞു.

യു.ഡി.എഫിനെ സമ്മർദ്ദത്തിലാക്കി സ്വന്തം അജണ്ട നടപ്പാക്കാൻ സഭയിലെ ഒരു വിഭാഗം ശ്രമിക്കുമ്പോഴും മദ്യനയം അവർക്ക് തടസം തന്നെയാണ്. യു.ഡി.എഫിന്റെ മദ്യനയത്തെ ശക്തമായി പിന്താങ്ങിയതും അതിനുവേണ്ടി വാദിച്ചതും കത്തോലിക്ക സഭാ നേതൃത്വമാണ്. എൽ.ഡി.എഫ് ആവട്ടെ അവർ അധികാരത്തിൽ വന്നാൽ ഇപ്പോഴത്തെ മദ്യനയം തിരുത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഒന്നോ രണ്ടോ സീറ്റിനു വേണ്ടി സി.പി.എമ്മിനെ പിന്താങ്ങാൻ അവർ തയ്യാറായാൽ വിശ്വാസ്യത നഷ്ടപ്പെടുന്നതും അവർക്കു തന്നെ ആയിരിക്കും.

Comments

comments

Powered by Facebook Comments