സഭക്കാവശ്യം ബ്യൂറോക്രാറ്റുകളെ അല്ല: മാര്‍പ്പാപ്പ

0
56
  • വേണ്ടത്‌ പ്രേഷിതരെ
  • ഹൃദയത്തില്‍ സ്‌നേഹാഗ്നി ജ്വലിക്കണം

വത്തിക്കാന്‍: സഭക്കാവശ്യം ഉദ്യോഗസ്ഥ മേധാവിത്വം പുലര്‍ത്തുന്ന ബ്യൂറോക്രാറ്റുകളെ അല്ലെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ പ്രസ്‌താവിച്ചു. മറിച്ച്‌ യേശുക്രിസ്‌തുവിന്റെ സാന്ത്വനദായക വചനവും അനുഗ്രഹവും മറ്റുളളവര്‍ക്ക്‌ എത്തിച്ചു കൊടുക്കാനുള്ള തീഷ്‌ണതയില്‍ എരിയുന്ന പ്രേഷിതരെ ആണെന്ന്‌ അദ്ദേഹം പറഞ്ഞു.

സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയുടെ അങ്കണത്തില്‍ ഞായറാഴ്‌ചത്തെ ത്രികാല പ്രാര്‍ത്ഥന നയിക്കുകയായിരുന്നു മാര്‍പ്പാപ്പ. മദ്ധ്യാഹ്ന സൂര്യനെ ചെറുക്കാന്‍ കുട ചൂടിയും തൊപ്പിയണിഞ്ഞുമാണ്‌ വിശ്വാസികള്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയത്‌. അരമനയുടെ മുകളിലത്തെ നിലയിലുള്ള പതിവുജാലകത്തിങ്കല്‍ മാര്‍പ്പാപ്പ പ്രത്യക്ഷനായപ്പോള്‍ വിധരാജ്യക്കാരായ തീര്‍ത്ഥാടകര്‍ ആഘോഷവും ആരവങ്ങളും വഴി അവരുടെ സന്തോഷവും ആദരവും പ്രകടിപ്പിച്ചു. ജാലകത്തിങ്കല്‍ മന്ദസ്‌മിതത്തോടെ കൈകള്‍ ഉയര്‍ത്തി മാര്‍പ്പാപ്പ അഭിവാദ്യം ചെയ്‌തു. താന്‍ സമാധാനമല്ല ഭിന്നതയാണ്‌ കൊണ്ടുവന്നിരിക്കുന്നതെന്നും തന്റെ ആഗമന ലക്ഷ്യം ഭൂമിയില്‍ തീയിടുകയാണെന്നും യേശു ശിഷ്യരോടു പറയുന്ന, വൈരുദ്ധ്യാത്മകവും മനുഷ്യബുദ്ധിക്ക്‌ അഗ്രാഹ്യവുമായ ഭാഗം, ലൂക്കായുടെ സുവിശേഷം 12-ാം അദ്ധ്യായം 12, 49 മുതല്‍ 53 വരെയുള്ള വാക്യങ്ങള്‍ അവലംബമാക്കിയാണ്‌ മാര്‍പ്പാപ്പ സംസാരിച്ചത്‌.

തന്റെ ദൗത്യത്തിന്റെ ലക്ഷ്യം എന്തെന്ന്‌ സൂചിപ്പിക്കുന്നതിന്‌ യേശു മൂന്നു പ്രതിരൂപങ്ങളാണ്‌ ഉപയോഗപ്പെടുത്തുന്നത്‌ എന്ന്‌ അദ്ദേഹം പറഞ്ഞു. അതായത്‌, അഗ്നി, ജ്ഞാനസ്‌നാനം, ഭിന്നിപ്പ്‌ എന്നിവ. യേശു അഗ്നിയെക്കുറിച്ചു പറയുന്നതിങ്ങനെയാണ്‌: ‘ ഞാന്‍ ഭൂമിയില്‍ വന്നത്‌ തീയിടാനാണ്‌.’ യേശു വിവക്ഷിക്കുന്ന അഗ്നി നമ്മുടെ മാമ്മോദീസാ ദിനം മുതല്‍ നമ്മില്‍ സന്നിഹിതനും പ്രവര്‍ത്തനനിരതനുമായ പരിശുദ്ധാരൂപിയുടെ തീയാണ്‌ ശുദ്ധീകരിക്കുന്നതും നവീകരിക്കുന്നതും മാനവദുരിതങ്ങളേയും സകലവിധ സ്വാര്‍ത്ഥതകളേയും ദഹിപ്പിക്കുന്നതും നമ്മെ ആന്തരികരൂപാന്തരീകരണത്തിന്‌ വിധേയമാക്കുന്നതും. നമ്മെ പുതിയ സൃഷ്‌ടിയാക്കുന്നതും സ്‌നേഹിക്കാന്‍ പ്രാപ്‌തരാക്കുന്നതുമാണ്‌ അത്‌. തീയെന്ന പോലെ പരിശുദ്ധാരൂപി നമ്മുടെ ഹൃദയത്തില്‍ നിന്നു തുടങ്ങിയാല്‍ മാത്രമേ ഈ സ്‌നേഹാഗ്നിക്ക്‌ പടരാനും ദൈവരാജ്യം വളര്‍ത്താനും കഴിയുകയുള്ളു. അത്‌ തലയില്‍ നിന്നല്ല പുറപ്പെടേണ്ടത്‌. പ്രത്യുഹൃദയത്തില്‍ നിന്നാണ്‌. അതുകൊണ്ടാണ്‌ ഈ തീ നമ്മുടെ ഹൃദയത്തില്‍ ജ്വലിക്കണമെന്ന്‌ യേശു ആഗ്രഹിക്കുന്നത്‌.

പരിശുദ്ധാരൂപിയാകുന്ന ഈ അഗ്നിയുടെ പ്രവര്‍ത്തനത്തിന്‌ നാം നമ്മെത്തന്നെ തുറന്നിടുകയാണെങ്കില്‍ ഈ അരൂപി നമുക്ക്‌, സാഗരത്തില്‍ ഭീതി കൂടാതെ തുഴഞ്ഞ്‌ യേശുവിനെയും അവിടത്തെ സാന്ത്വനദായകനായ കാരുണ്യത്തിന്റെയും രക്ഷയുടെയും സന്ദേശത്തെയും തീക്ഷണതയോടെ പ്രഘോഷിക്കാനുള്ള ധൈര്യം പ്രദാനം ചെയ്യും. എന്നാല്‍ ഈ തീയുടെ ആരംഭം ഹൃദയത്തിലാകണം.

ലോകത്തില്‍ തിന്റെ ദൗത്യനിര്‍വ്വഹണത്തില്‍ സഭയെ, അതായത്‌ നാമെല്ലാവരുമാകുന്ന സഭയെ, ഭീതി, കണക്കുകൂട്ടലുകള്‍ എന്നിവ തടഞ്ഞു നിറുത്താതിരിക്കുന്നതിനും സാഹസികതയ്‌ക്ക്‌ തുനിയാത്തതും അവളെ നിര്‍വ്വഹണ പരതയില്‍ ഒതുക്കി നിറുത്തുന്നതുമായ ഒരു മനോഭാവമായ സുരക്ഷിതമായ അതിര്‍ത്തികള്‍ക്കുള്ളില്‍ മാത്രം സഞ്ചരിക്കുക എന്നത്‌ ഒരു ശീലമാക്കാതിരിക്കുന്നതിനും, അവള്‍ക്ക്‌ പരിശുദ്ധാരൂപിയുടെ സഹായം ആവശ്യമാണ്‌. പരിശുദ്ധാരൂപി നമ്മില്‍ അഗ്നിയെന്ന പോലെ കൊളുത്തുന്ന അപ്പസ്‌തോലിക ധീരത മതിലുകളെയും പ്രതിരോധനിരകളെയും മറകടക്കാന്‍ നമ്മെ സഹായിക്കുകയും നമ്മെ സര്‍ഗ്ഗശക്തിയുള്ളവരാക്കിത്തീര്‍ക്കുകയും ഇനിയും കണ്ടെത്താത്തതോ, ദുര്‍ഘടം പിടിച്ചതോ ആയ വഴികളിലൂടെ സഞ്ചരിക്കാനും ആ വഴികളില്‍ കണ്ടുമുട്ടുന്നവര്‍ക്കെല്ലാം പ്രത്യാശ പകരാനും നമുക്ക്‌ പ്രചോദനമേകുകയും ചെയ്യുന്നു. ഈ പരിശുദ്ധാരൂപിയുടെ അഗ്നിയാല്‍ നയിക്കപ്പെടുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നവരും ധാരണാശക്തി നിറഞ്ഞവരും വിശാല ഹൃദയമുള്ളവരും ആനന്ദവദനരുമായ വ്യക്തികളുടെ കൂട്ടായ്‌മയായിത്തീരാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. ഒരു പ്രേഷിതന്റെ ശ്രദ്ധയുള്ള നയനങ്ങളോടുകൂടെ, മനസ്സലിവുള്ളരാകാനും ഭൗതികവും ആദ്ധ്യാത്മികവുമായ ദാരിദ്രത്തിനും ദുരിതങ്ങള്‍ക്കും മുന്നില്‍ നില്‍ക്കാനും കഴിവുറ്റവരും അങ്ങനെ അപരനോടുള്ള സാമിപ്യത്തിന്റെ സൗഖ്യദായക താളത്തില്‍ സുവിശേഷവല്‍ക്കരണത്തിന്റെയും പ്രേഷിതദൗത്യത്തിന്റെയും യാത്രയ്‌ക്ക്‌ സവിശേഷത പകരാന്‍ പ്രാപ്‌തരുമായ വൈദികരേയും സമര്‍പ്പിതരേയും അല്‌മായ വിശ്വാസികളേയും എന്നത്തേക്കാളുമുപരി ഇന്ന്‌ ആവശ്യമുണ്ട്‌. അപരന്റെ, വേദനിക്കുന്നവരും ആവശ്യത്തിലിരിക്കുന്നവരുമായവരുടെ, മാനുഷികമായ നിരവധിയായ ദുരിതങ്ങള്‍ അനുഭവിക്കുന്നവരുടെ, പ്രശ്‌നങ്ങളുള്ളവരുടെ അഭയാര്‍ത്ഥികളുടെ, യാതനകളനുഭവിക്കുന്ന സകലരുടെയും, ചാരത്തായിരിക്കാന്‍ നമ്മെ പ്രാപ്‌തരാക്കുന്നത്‌ പരിശുദ്ധാരൂപിയുടെ അഗ്നിയാണ്‌. ഈ തീ വരുന്നത്‌ ഹൃദയത്തില്‍ നിന്നാണ്‌.

പരിശുദ്ധാരൂപിയുടെ അഗ്നി സ്വീകരിക്കുന്നില്ലെങ്കില്‍, തന്നിലേക്കു കടക്കാന്‍ അതിനെ അനുവദിക്കുന്നില്ലെങ്കില്‍ സഭ ജീവന്‍ പകരാനാവാത്ത തണുത്തയോ മന്ദോഷ്‌ണമുള്ളതോ ആയിത്തീരും. കാരണം ആ സഭ തണുത്തവരും മന്ദീഭവിച്ചവരുമായ ക്രൈസ്‌തവരാല്‍ രൂപം കൊണ്ടതാകുന്നു എന്നു തന്നെ. ഒരഞ്ചു നിമിഷമെടുത്ത്‌ ഇങ്ങനെ സ്വയം ചോദിക്കുന്നത്‌ നമുക്ക്‌ ഗുണകരമായിരിക്കും, അതായത്‌, ” എന്റെ ഹൃദയത്തിന്റെ അവസ്ഥ എന്താണ്‌? അതു തണുപ്പനാണോ അതോ മന്ദീഭവിച്ചതാണോ? ഈ അഗ്നിയെ ഏറ്റു വാങ്ങാന്‍ കഴിവുറ്റതാണോ? നമുക്കൊരഞ്ചു നിമിഷമെടുക്കാം. എല്ലാവര്‍ക്കും നല്ലതാണത്‌. ” – മാര്‍പ്പാപ്പ പറഞ്ഞു.

Comments

comments

Powered by Facebook Comments