ചൈനീസ്‌ ഡാമിനെതിരെ മ്യാന്‍മറില്‍ ആംഗ്ലിക്കന്‍ സഭ പ്രക്ഷോഭത്തിന്‌

0
116
  • ഡാം പണിയുന്നത്‌ ചൈനീസ്‌ കമ്പനി
  • 6000 മെഗാവാട്ടിന്റെ പദ്ധതി
  • 90 ശതമാനം വൈദ്യുതിയും ചീനക്ക്‌

നായ്‌പിദ (മ്യാന്‍മര്‍): മ്യാന്‍മറിലെ ഇരാവതി നദിയുടെ ഉത്ഭവസ്ഥാനത്ത്‌ ആരംഭിക്കുന്ന ജലവൈദ്യുത പദ്ധതിയായ മിയിറ്റ്‌സോന്‍ ഡാമിനെതിരെ ആംഗ്ലിക്കന്‍ സഭ പ്രക്ഷോഭം ശക്തിപ്പെടുത്തുന്നു. കൃഷിക്കും ജീവിതവൃത്തിക്കുമായി നദിയെയും അതിന്റെ കരപ്രദേശത്തെയും ആശ്രയിക്കുന്ന ദശലക്ഷക്കണക്കിനാളുകള്‍ ഡാം വന്നാല്‍ ദുരിതത്തിലാകുമെന്ന്‌ ആംഗ്ലിക്കന്‍ സഭാ വൈദികനായ റവ.ഡേവിഡ്‌ ബ്രാംഗ്‌ ടാന്‍ പറഞ്ഞു.
ചീന പവര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ കോര്‍പ്പറേഷനാണ്‌ മ്യാന്‍മര്‍ സര്‍ക്കാരിന്റെ വൈദ്യുതിവകുപ്പിന്റെയും ഏഷ്യവേള്‍ഡ്‌ കമ്പനിയുടെയും സഹായത്തോടെ ഈ കൂറ്റന്‍ പദ്ധതി നിര്‍മിക്കുന്നത്‌. 6000 മെഗാവാട്ടിന്റേതാണ്‌ പദ്ധതി. ഇതില്‍ 90 ശതമാനം വൈദ്യുതിയും ചീനക്കുള്ളതാണ്‌. പത്തുശതമാനം മാത്രമാണ്‌ മ്യാന്‍മറിന്‌ ലഭിക്കുക.
പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ 766 ചതുരശ്ര മൈല്‍ സ്ഥലം വെള്ളത്തിനടിയിലാവും. ലക്ഷക്കണക്കിനാളുകള്‍ ഭൂമിയും കൃഷിയിടങ്ങളും സ്വത്തുവകകളും ഉപേക്ഷിച്ച്‌ സ്ഥലം വിടാന്‍ നിര്‍ബന്ധിതരാവും. പട്ടാളഭരണകാലത്ത്‌ അവരുടെ ഒത്താശയോടെ 2011-ല്‍ ചീന ആരംഭിച്ച പദ്ധതി ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന്‌ നിര്‍ത്തിവെച്ചതാണ്‌. ഇപ്പോള്‍ ജനാധിപത്യ പ്രക്ഷോഭ നായിക ഓങ്‌ സാന്‍ സു കി യുടെ നേതൃത്വത്തില്‍ പുതിയ ഭരണകൂടം വന്നതോടെ പദ്ധതിക്ക്‌ പുതുജീവന്‍ കൈവന്നു. ഓങ്‌ സാന്‍ സു കി പദ്ധതിക്ക്‌ അല്‍പ്പം അനുകൂലമാണ്‌. മിയിറ്റ്‌ സോന്‍ പദ്ധതിയുടെ ഭാവി സാധ്യതകളെപ്പറ്റി പഠിക്കാന്‍ അവര്‍ ഒരു സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.
പദ്ധതിയുമായി മുന്നോട്ടു പോയാല്‍ പ്രക്ഷോഭം ശക്തിപ്പെടുത്താനാണ്‌ ആംഗ്ലിക്കന്‍ സഭയുടെ തീരുമാനം. അവര്‍ക്ക്‌ പക്ഷെ, ഓങ്‌ സാന്‍ സു കി യില്‍ പ്രതീക്ഷയുണ്ട്‌. “ ജനങ്ങള്‍ ആഗ്രഹിക്കുന്നതേ ഞാന്‍ ചെയ്യൂ എന്ന്‌ അവര്‍ പറഞ്ഞിട്ടുണ്ട്‌ ”-റവ.ഡേവിഡ്‌ ബ്രാംഗ്‌ പറഞ്ഞു.
എന്നാല്‍ ചൈനീസ്‌ അധികൃതര്‍ സഭയെ വിമര്‍ശിക്കുകയാണ്‌. കള്ളക്കഥകളും വാര്‍ത്തകളും മെനഞ്ഞ്‌ ചൈനീസ്‌ സ്ഥാപനങ്ങളെ സഭ എതിര്‍ക്കുകയാണെന്ന്‌ ചീന പവര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ കോര്‍പ്പറേഷന്റെ വക്താക്കള്‍ പറയുന്നു. പട്ടാളഭരണം പോയപ്പോള്‍ അവരോടുള്ള എതിര്‍പ്പ്‌ അവരുടെ കാലത്ത്‌ ആരംഭിച്ച ചീന-മ്യാന്‍മാര്‍ സഹകരണ പദ്ധതികളോട്‌ ആയിരിക്കുകയാണെന്ന്‌ അവര്‍ കുറ്റപ്പെടുത്തി.

അടിക്കുറിപ്പ്‌: മിയിറ്റ്‌സോണ്‍ ഡാമിന്റെ രൂപരേഖ

Comments

comments

Powered by Facebook Comments