മറ്റുള്ളവരെ അന്തസാര വിഹീനരായി കാണരുത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

0
84

വത്തിക്കാന്‍: മറ്റുള്ളവരെ അന്തസാര വിഹീനരും ദുരിതങ്ങള്‍ക്ക് കാരണക്കാരും ജീവിത വിജയത്തിനു തടസവുമായി കാണുന്നത് യഥാര്‍ത്ഥ മാനുഷികതക്ക് ചേര്‍ന്നതല്ലെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഓര്‍മ്മിപ്പിച്ചു. റോമില്‍ നിന്ന് 360 കിലോമീറ്റര്‍ അകലെ റിമിനി പട്ടണത്തില്‍ ആരംഭിച്ച മുപ്പത്തിയേഴാം ‘ജനങ്ങളുടെ സൗഹൃദസമ്മേളന’ത്തിന് നല്‍കിയ സന്ദേശത്തിലാണ് മാര്‍പ്പാപ്പ ഇതു പറഞ്ഞത്.

ആശംസാ സന്ദേശം, റിമിനി രൂപതയുടെ മെത്രാന്‍ ഫ്രാന്‍ചെസ്‌കോ ലമ്പിയാസിക്ക് അയച്ചുകൊടുക്കുകയായിരുന്നു. കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ മുതല്‍ മനുഷ്യവ്യക്തികള്‍ തമ്മിലുള്ള ബന്ധത്തിന്റെ മഹത്വം കണ്ടെത്താനും, ഏക പിതാവായ ദൈവത്തിന്റെ മക്കളെന്ന നിലയില്‍ മറ്റുള്ളവരെ സഹോദരങ്ങളായി കാണാനും ആദരിക്കാനും പഠിക്കണമെന്ന് മാര്‍പ്പാപ്പ തന്റെ സന്ദേശത്തില്‍ അനുസ്മരിക്കുന്നു.

എന്നാല്‍ വ്യക്തിസ്വാതന്ത്ര്യവാദം നമ്മെ മറ്റുള്ളവരില്‍ നിന്ന് അകറ്റുകയും അന്യന്റെ കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും ഊന്നല്‍ നല്‍കി സഹജീവനത്തിനുള്ള ആഗ്രഹത്തിനും കഴിവിനും മങ്ങലേല്‍പ്പിക്കുകയും ചെയ്യുന്നുവെന്നും മാര്‍പാപ്പാ പറഞ്ഞു. സമാധാനത്തിനും ജനതയുടെയും രാഷ്ട്രങ്ങളുടെയും സുരക്ഷിതത്വത്തിനും നേര്‍ക്കുയരുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ അപരനെ നമ്മുടെ എതിരാളിയായിക്കാണുന്ന ഭീതി നമ്മളിലുളവാക്കുന്നുണ്ട്. അത്തരത്തിലുള്ള അസ്തിത്വപരമായ സുരക്ഷിതത്വമില്ലായ്മയെക്കുറിച്ച് ബോധവാന്‍മാരാകണമെന്ന് മാര്‍പ്പാപ്പ ഓര്‍മ്മിപ്പിക്കുന്നു. സംവാദത്തിന്റെ അനിവാര്യത മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി.
1980 മുതല്‍ വര്‍ഷം തോറും നടക്കുന്ന റിമിനി സൗഹൃദ സംഗമത്തില്‍ രാഷ്ട്രീയ, വ്യവസായ, മത, സാംസ്‌കാരിക, കലാകായിക മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്നു. ”നീ എനിക്കൊരു നന്‍മ” എന്നതാണ് ഈ സമ്മേളനത്തിന്റെ ഇക്കൊല്ലത്തെ ചിന്താവിഷയം.

Comments

comments

Powered by Facebook Comments