സീറോ മലബാര്‍ സിനഡ്‌ തുടങ്ങി; നേതൃശൈലിയിലെ മാറ്റം ഉള്‍ക്കൊള്ളാന്‍ സഭ തയ്യാറാകണമെന്ന്‌ ആഹ്വാനം

0
123
സീറോ മലബാര്‍ സഭയുടെ ഇരുപത്തിനാലാമതു സിനഡ്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ അദ്ധ്യക്ഷതയില്‍ സഭയുടെ ആസ്ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ ആരംഭിച്ചപ്പോള്‍
  • 50 മെത്രാന്‍മാര്‍ പങ്കെടുക്കുന്നു.
  • മദര്‍ തെരേസയുടെ വിശുദ്ധ പദവി സഭക്കുള്ള സമ്മാനം

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഇരുപത്തിനാലാമതു സിനഡ്‌ സഭയുടെ ആസ്ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ ആരംഭിച്ചു. മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സിനഡില്‍ സഭയിലെ 50 മെത്രാന്‍മാര്‍ പങ്കെടുക്കുന്നുണ്ട്‌.
സിനഡ്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ ദീപം തെളിയിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. മാണ്‌ഡ്യ ബിഷപ്പ്‌ മാര്‍ ആന്റണി കരിയില്‍ പ്രാരംഭധ്യാനം നയിച്ചു. നേതൃത്വശൈലികളില്‍ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സഭയിലെ മെത്രാന്‍മാരും വൈദികരും നേതൃത്വശുശ്രൂഷാരംഗങ്ങളിലുള്ളവരും തയാറാകണമെന്ന്‌ അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പയുടെ ശൈലി സഭാമക്കള്‍ക്കു നവമായ ചൈതന്യം പകരുന്നതാണെന്ന്‌ അദ്ദേഹം പറഞ്ഞു. ദിവംഗതനായ ബിഷപ്‌ മാര്‍ ജയിംസ്‌ പഴയാറ്റിലിനെ സിനഡ്‌ വിലയിരുത്തി.
ദരിദ്രര്‍ക്കും പാര്‍ശ്വവത്‌ക്കരിക്കപ്പെട്ടവര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച വാഴ്‌ത്തപ്പെട്ട മദര്‍ തെരേസ വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടുന്നത്‌ അതീവ സന്തോഷകരമാണ്‌. കാരുണ്യവര്‍ഷത്തില്‍ സഭയ്‌ക്കു ലഭിക്കുന്ന വലിയ സമ്മാനവും മാതൃകയുമാണു മദര്‍ തെരേസ.
സഭാപരവും സാമൂഹികവുമായ വിവിധ വിഷയങ്ങള്‍ സിനഡ്‌ ചര്‍ച്ച ചെയ്യും. 25 മുതല്‍ 28 വരെ കൊടകരയില്‍ നടക്കുന്ന മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ സിനഡിലെ മെത്രാന്‍മാര്‍ പങ്കെടുക്കും. ദൈവജനത്തെ ശ്രവിക്കാനുള്ള നിര്‍ണായകമായ അവസരമാണു അസംബ്ലിയെന്നു സിനഡ്‌ നിരീക്ഷിച്ചു.
ആദ്യമായി സിനഡിലെത്തുന്ന പ്രിസ്റ്റണ്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ്‌ ശ്രാമ്പിക്കല്‍, യൂറോപ്പിലെ അപ്പസ്‌തോലിക്‌ വിസിറ്റേറ്റര്‍ ബിഷപ്‌ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്‌ എന്നിവരെ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ സ്വാഗതം ചെയ്‌തു. സിനഡ്‌ സെപ്‌റ്റംബര്‍ രണ്ടിനു സമാപിക്കും.

Comments

comments

Powered by Facebook Comments