ആഹ്ലാദനിറവില്‍ മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

0
116
യു എന്‍ അംഗീകാര രേഖ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ.ബോവസ് മാത്യുവിന് കൈമാറുന്നു

തിരുവനന്തപുരം: 1961-ല്‍ കൊളുത്തിയ മെഴുകുതിരിനാളത്തില്‍ നിന്നു പ്രസരിക്കുന്ന വെളിച്ചം ലോകമെമ്പാടുമെത്തിയതിന്റെ ആഹ്ലാദം ആ കൊച്ചുഹാളില്‍ നിറഞ്ഞു നിന്നു. ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് നട്ടു നനച്ചു വളര്‍ത്തിയ മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് ഐക്യരാഷ്ട്രസംഘടനയുടെ സാമൂഹിക സാമ്പത്തിക കൗണ്‍സിലിന്റെ പ്രത്യേക ഉപദേശകപദവി ലഭിച്ചതിന്റെ സന്തോഷം പങ്കിടാനെത്തിയ ചെറു സമൂഹം. ”ഇത് അഭിമാന നിമിഷമാണ്. മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് ലഭിച്ച ലോകത്തിന്റെ അംഗീകാരം” സൊസൈറ്റിയുടെ പ്രസിഡന്റ് കൂടിയായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞപ്പോള്‍ സദസില്‍ കരഘോഷം മുഴങ്ങി.

ഈ സന്തോഷ നിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുമെത്തി. സേവനത്തിന്റെ സംസ്‌കാരം ലോകം മുഴുവന്‍ നല്‍കിയതു ക്രൈസ്തവ സമൂഹമാണെന്നു സ്പീക്കര്‍ പറഞ്ഞു. എഡി 52-മുതല്‍ മലങ്കരയില്‍ ആരംഭിച്ച ഈ ശുശ്രൂഷ 20 നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴും അതേ പാരമ്പര്യം നിലനിര്‍ത്തി മലങ്കര കത്തോലിക്കാ സഭ തുടരുന്നെന്നും അതിന് ആഗോളതലത്തില്‍ ലഭിച്ച അംഗീകാരമാണു മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേട്ടമെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ അധ്യക്ഷനായിരുന്നു. സൊസൈറ്റി സ്ഥാപകന്‍ ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ആരംഭിച്ച ശുശ്രൂഷയാണ് ഇന്നും സൊസൈറ്റി തുടരുന്നതെന്നു കാതോലിക്കാബാവാ പറഞ്ഞു. ഈവാനിയോസ് തിരുമേനി തുടങ്ങി വെച്ചത് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനി പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരികയായിരുന്നു എന്ന് ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ് പറഞ്ഞു. യു എന്‍ രേഖ സ്പീക്കര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ.ബോവസ് മാത്യുവിനു കൈമാറി.

ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ്, മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, സൊസൈറ്റി ചീഫ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ രാജന്‍ എം.കാരക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഹരിതപദ്ധതി വിജയികള്‍ക്കു അവാര്‍ഡുകളും കാഷ് അവാര്‍ഡും സമ്മാനിച്ചു.

സൊസൈറ്റിയുടെ വളര്‍ച്ചയില്‍ വഴിവിളക്കുകളായിരുന്ന മുന്‍ ഡയറക്ടര്‍മാരായ ഫാ.തോമസ് വട്ടപ്പറമ്പില്‍, ഫാ.ജോസ് കിഴക്കേടത്ത്, ഫാ.വില്‍സണ്‍ തട്ടാരിത്തുണ്ടില്‍, ഫാ.ജോണ്‍ വിളയില്‍ എന്നിവരും സൊസൈറ്റിയുടെ പ്രവര്‍ത്തകരും ലോക അംഗീകാര നിറവിന്റെ സന്തോഷത്തില്‍ പങ്കാളികളാകാനെത്തി.

1961-ലാണ് സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ചത്.

Comments

comments

Powered by Facebook Comments