സീറോമലബാര്‍ അസംബ്ലി: സഭയിലെ ധൂര്‍ത്തിനെതിരെ ഔദ്യോഗിക ചര്‍ച്ചാരേഖ

0
5259
 • വൈദികമേലദ്ധ്യക്ഷന്‍മാര്‍ ലളിതജീവിതം ശൈലിയാക്കണം
 • ദേവാലയ നിര്‍മ്മാണത്തില്‍ പണക്കൊഴുപ്പിന്റെ സ്വാധീനം
 • ആഘോഷങ്ങളും ആചാരങ്ങളും കമ്പോളവല്‍ക്കരിച്ചു
 • ധ്യാനകേന്ദ്രങ്ങളും സന്യാസഭവനങ്ങളും ആര്‍ഭാടകേന്ദ്രം
 • വിശ്വാസികളോടുള്ള ഇടപെടല്‍ ധാര്‍ഷ്ട്യത്തോടെ ആവരുത്
 • എവിടെ നീതി നിഷേധിക്കുന്നോ അവിടെ ഇടപെടണം

  ഡെന്നീസ് ജേക്കബ്
  കൊച്ചി: സഭാ നേതൃത്വത്തിന്റെയും സഭാ സ്ഥാപനങ്ങളുടെയും വിശ്വാസികളുടെയും ധൂര്‍ത്തിനും ആഡംബര ഭ്രമത്തിനുമെതിരെ ശക്തമായ താക്കീത് നല്‍കുന്ന മാര്‍ഗ്ഗരേഖ വ്യാഴാഴ്ച ആരംഭിക്കുന്ന സീറോമലബാര്‍ സഭയുടെ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി ചര്‍ച്ച ചെയ്യും. ആഘോഷങ്ങളിലെയും അനുഷ്ഠാനങ്ങളിലെയും ആര്‍ഭാടത്തിനെതിരെയും രേഖ മുന്നറിയിപ്പു നല്‍കുന്നു. ”നമ്മുടെ മെത്രാപ്പോലീത്തമാരും മെത്രാന്‍മാരും വൈദികരും ശെമ്മാശന്‍മാരും ക്രിസ്തുവിന്റെ ശിഷ്യത്വം ആവശ്യപ്പെടുന്ന ലാളിത്യത്തിന്റെ വിവിധ മാനങ്ങളെ തങ്ങളുടെ ജീവിത ശൈലിയായി സ്വംശീകരിക്കേണ്ടിയിരിക്കുന്നു”- എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ മാര്‍ഗരേഖ ആഹ്വാനം ചെയ്യുന്നു.
  ”ആധുനിക ലോകത്തിലെ വെല്ലുവിളികളും സഭയുടെ പ്രത്യുത്തരവും” എന്നതാണ് അസംബ്ലിയുടെ ചര്‍ച്ചാവിഷയം. ജീവിതത്തിലെ ലാളിത്യം, കുടുംബത്തിലെ സാക്ഷ്യം, പ്രവാസികളുടെ ദൗത്യം എന്നിങ്ങനെ വിഷയത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു.
  അനുദിന ജീവിതത്തില്‍ സൗകര്യങ്ങളെക്കാള്‍ ആകര്‍ഷണത്തിനും ആഡംബരത്തിനും ആവശ്യത്തേക്കാള്‍ ആര്‍ഭാടത്തിനും മുന്‍തൂക്കം കൊടുക്കുന്നവരായി നാം മാറി എന്ന് രേഖ സഭാ നേതൃത്വത്തിലുള്ളവരെയും വിശ്വാസികളെയും ഓര്‍മ്മിപ്പിക്കുന്നു.
  സഭയുടെ സ്ഥാപനങ്ങളില്‍ പലതും പേരും പെരുമയും നിലനിര്‍ത്തുന്നതിനുള്ള ഉപാധികളായി മാറി. അവ തമ്മില്‍ അനാരോഗ്യകരമായ മത്സരങ്ങള്‍ നടക്കുന്നു. സഭയിലെ പലസ്ഥാപനങ്ങളും സന്യാസഭവനങ്ങളും പാവപ്പെട്ടവരില്‍ നിന്ന് വേറിട്ടാണ് നില്‍ക്കുന്നത്
  വീട് നിര്‍മ്മാണത്തില്‍ ജീവിത സൗകര്യത്തേക്കാള്‍ പ്രൗഢിക്കും ആകര്‍ഷകത്വത്തിനും പണക്കൊഴുപ്പിനുമാണ് പ്രാധാന്യം. ദേവാലയ നിര്‍മ്മാണത്തിലും ഈ പ്രവണത കടന്നു വരുന്നു.
  സമൂഹത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിക്കുന്ന കമ്പോളവല്‍ക്കരണം സഭയുടെ ആഘോഷങ്ങളിലും ആചാരങ്ങളിലും പ്രതിഫലിക്കുന്നു. സാമ്പത്തിക സമൃദ്ധി സഭയുടെയും ക്രിസ്തീയ കുടുംബത്തിന്റെയും ആത്യന്തിക ലക്ഷ്യമായ മാറി. പെരുകുന്ന തീര്‍ത്ഥാനകേന്ദ്രങ്ങളും വര്‍ധിച്ചു വരുന്ന പെരുനാളാഘോഷങ്ങളും മത്സരബുദ്ധിയോടെ ഊതി വീര്‍പ്പിക്കുന്ന നൊവേനകളും മാര്‍ക്കറ്റിലെ വിപണന തന്ത്രങ്ങള്‍ കടമെടുക്കുന്നതായി തോന്നുന്നു .മാമോദീസയും കുര്‍ബാന സ്വീകരണവും വിവാഹവും തിരുപ്പട്ടവും തുടങ്ങി സന്യാസവ്രത വാഗ്ദാനങ്ങളും ചരമവാര്‍ഷികങ്ങളും വരെ സാമ്പത്തിക സമൃദ്ധിയുടെയും പ്രൗഡിയുടെയും പ്രകടനമായി മാറുന്നു. ആഘോഷങ്ങള്‍ ധൂര്‍ത്തിലേക്കും ധൂര്‍ത്ത് കപട പ്രശസ്തിയിലേക്കും കടന്നിരിക്കുന്നു.
  ധ്യാനകേന്ദ്രങ്ങളും സന്യാസ ഭവനങ്ങളും ആര്‍ഭാടത്തിന്റെയും രാജകീയതയുടെയും അന്തരീക്ഷങ്ങളായി വളര്‍ന്നു വരുന്നു എന്ന് രേഖ വിമര്‍ശന ബുദ്ധിയോടെ ഓര്‍മ്മിപ്പിക്കുന്നു. ചില വിവാഹാഘോഷങ്ങള്‍ കുടുംബങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും സമ്പത്തും കുലമഹിമയും വിളംബരം ചെയ്യാനുള്ള വേദികളായി മാറുന്നു.
  25-08-16_1ദേവാലയം അലങ്കരിക്കാന്‍ ലക്ഷങ്ങള്‍ ചെലവിടുമ്പോള്‍ അത് ദേവാലയ ചൈതന്യത്തിന് ചാരുത പകരുന്നില്ല എന്ന് ഓര്‍ക്കണം. ഓരോ അനാവശ്യവും ആവശ്യമാക്കി മാറ്റുമ്പോള്‍ ജീവിതത്തിന്റെ പുറമ്പോക്കില്‍ അനേകര്‍ ജീവിക്കുന്നു എന്നും മറന്നു പോവുന്നു.
  സഭാ മേലദ്ധ്യക്ഷന്‍മാര്‍ തൊട്ട് താഴോട്ടുള്ള അജപാലന നേതൃത്വ ലാളിത്യം ജീവിത ശൈലിയായി സ്വീകരിക്കണം എന്ന് രേഖ പറയുന്നു. വൈദിക മേലദ്ധ്യക്ഷന്‍മാര്‍ പാവപ്പെട്ടവര്‍ക്ക് സമീപിക്കാന്‍ പറ്റുന്നവരാകണം. വൈദികരുടെ ജീവിതവും ശുശ്രൂഷയും സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവരുടെ ആവശ്യങ്ങളോട് പ്രതികരിക്കുന്നതാകണം. അവര്‍ ലാളിത്യം പ്രസംഗിച്ചാല്‍ പോര. ജീവിതത്തില്‍ ആവിഷ്‌കരിക്കണം. അവരുടെ വസ്ത്രം, ഭക്ഷണം, യാത്ര, ജീവിതോപകരണങ്ങള്‍ എന്നിവയില്‍ ആഢംബരം വെടിയണം. അജപാലന നേതൃത്വത്തിലുള്ളവര്‍ ഒരുമിച്ചു കൂടുന്നയിടങ്ങളിലെ വാഹനങ്ങളും ഊട്ടുമുറികളും നിരീക്ഷിച്ചാല്‍ സുവിശേഷ ലാളിത്യത്തില്‍ നിന്നുള്ള നമ്മുടെ അകലം വ്യക്തമാവും. ഇടക്കെങ്കിലും പൊതുയാത്രാ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് മാതൃകാപരമായിരിക്കും. വിശ്വാസികളോടുള്ള ഇടപെടല്‍ ധാര്‍ഷ്ട്യത്തോടെയാവരുതെന്നും രേഖ പറയുന്നു.
  നീതിക്കായുള്ള സമരങ്ങള്‍ നമ്മുടെ സമുദായത്തിനു നീതി നിഷേധിക്കുമ്പോള്‍ മാത്രം ആവരുത്. എവിടെയൊക്കെ നീതി നിഷേധിക്കുന്നോ അവിടെ എല്ലാം ഇടപെടണം.
  സന്യസ്തര്‍ ലളിതജീവിത ശൈലിയിലേക്ക് തിരികെ പോകണം. അധികാരത്തിനുള്ള എല്ലാ അവകാശങ്ങളും ഉപേക്ഷിച്ച് ദരിദ്രരോടൊപ്പം അനുദിനജീവിതത്തിന്റെ അനിശ്ചിതത്വങ്ങളില്‍ ജീവിച്ച് ദൈവസ്‌നേഹത്തിന്റെ സജീവ അടയാളങ്ങളായി അവര്‍ മാറണം. സ്ഥാപനങ്ങളുടെ സുരക്ഷിത താവളങ്ങളില്‍ ഒതുങ്ങിക്കൂടരുത് സന്യാസ സഭകളുടെ സമ്പത്ത് പൊതുനന്‍മയ്ക്കുള്ളതാണ് എന്നു മറക്കരുത്.
  ഇടവകകള്‍ അതിരു കടന്ന ആഘോഷങ്ങള്‍ക്കും അനാവശ്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും  വ്യര്‍ത്ഥമായ ആചാരങ്ങള്‍ക്കും ചെലവഴിക്കുന്ന സമയവും ഊര്‍ജ്ജവും കുറക്കണം. ആഘോഷങ്ങളുടെ ഭാഗമായ വെടിക്കെട്ടിന്റെ പ്രാധാന്യം പുനഃപരിശോധിക്കണം. കൂടുതല്‍ സമ്പത്തുള്ള ഇടവകകള്‍ അതു പൊതുനന്‍മയ്ക്കായി ഉപയോഗിക്കണം. ആഘോഷങ്ങള്‍ക്ക് പിരിക്കുന്ന പണത്തിന്റെ ഒരു നല്ല ശതമാനം പാവപ്പെട്ടവര്‍ക്കായി മാറ്റി വയ്ക്കണം.
  ക്രിസ്തീയ കുടുംബങ്ങള്‍ ഗാര്‍ഹിക സഭയാണ് എന്നു മനസിലാക്കി ലാളിത്യത്തിന്റെ പാഠങ്ങള്‍ അവിടെയും പ്രാവര്‍ത്തികമാക്കണമെന്ന് രേഖ ഓര്‍മ്മിപ്പിക്കുന്നു.
  ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിലപാടുകളുടെയും ശൈലിയുടെയും സ്വാധീനം ഈ മാര്‍ഗരേഖയില്‍ കാണാം. ആഗസ്റ്റ് 25 മുതല്‍ 28 വരെ കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന സീറോ മലബാര്‍ അസംബ്ലി ഈ രേഖ ചര്‍ച്ച ചെയ്യും.

Comments

comments

Powered by Facebook Comments