ഉഷ ഉതുപ്പ് കാത്തിരിക്കുന്നു, ആ പുണ്യ നിമിഷങ്ങള്‍ക്കായി

0
376

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന
ചടങ്ങില്‍ ഉഷ ഉതുപ്പ് രണ്ടു ഗാനങ്ങള്‍ ആലപിക്കും

കൊല്‍ക്കത്ത: ആ സ്വപ്നനിമിഷങ്ങളുടെ സാക്ഷാല്‍ക്കാരത്തിനായി കാത്തിരി ക്കുകയാണ് വിശ്രുത ഗായിക ഉഷ ഉതുപ്പ്. അഗതികളുടെ അമ്മ മദര്‍ തെരേസയെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തുന്ന പുണ്യ വേദിയില്‍ അമ്മയെക്കുറിച്ചുള്ള രണ്ടു ഗാനങ്ങള്‍ പാടാന്‍ ലഭിച്ച അവസരത്തിനായി.

ഗാനാലാപനത്തിന് വത്തിക്കാന്‍ ഉഷാ ഉതുപ്പിനെ നേരിട്ടു ക്ഷണിക്കുകയായിരുന്നു. മദര്‍ തെരേസ അന്തരിച്ചപ്പോള്‍ സ്വയം ചിട്ടപ്പെടുത്തിയ ‘പുവറസ്റ്റ് ഓഫ് ദി പുവര്‍’ എന്ന ഇംഗ്ലീഷ് ഗാനമാണ് ഒന്ന്. രണ്ടാമത്തേത് ബംഗാളിയിലുള്ളതാണ്: ”ലാഖ് ലാഖ്, ഹസാര്‍, ഹസാര്‍ ചാഹിയേ..” രചന സുനില്‍ ബാരന്‍.


മദര്‍ തെരേസയുമായി 47 വര്‍ഷത്തെ ബന്ധമാണ് ഉഷാ ഉതുപ്പിനുള്ളത്. അമ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കി. അമ്മ വിളിക്കുമ്പോഴെല്ലാം മദര്‍ ഹൗസിലും കുട്ടികള്‍ക്കായുള്ള ശിശുഭവനിലും വൃദ്ധസദനമായ പ്രേംദാനിലും അന്തേവാസികള്‍ക്കായി പാടി. ഇംഗ്ലീഷിലും ബംഗാളിയിലും തമിഴിലും മലയാളത്തിലുമുള്ള ഗാനങ്ങള്‍ ആലപിച്ചു. അമ്മയുടെ ഭൗതിക ശരീരം ലൊറേറ്റോ ഹൗസില്‍ അന്ത്യ ദര്‍ശനത്തിനായി കിടത്തിയപ്പോള്‍ ‘പുവറസ്റ്റ് ഓഫ് ദി പുവര്‍’ പാടിക്കൊണ്ടേയിരുന്നു.


2003-ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചപ്പോള്‍ അതിനു സാക്ഷ്യം വഹിക്കാന്‍ ഉഷാ ഉതുപ്പ് വത്തിക്കാനിലെത്തിയിരുന്നു.

Comments

comments

Powered by Facebook Comments