മെത്രാന്‍മാര്‍ക്ക് 75 വയസ് പ്രായപരിധി: ഭരണഘടനാ ഭേദഗതി മാര്‍ത്തോമാ സഭാ മണ്ഡലം പരിഗണിക്കും

0
2323

സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വാര്‍ഷിക വരുമാനത്തിന്റെ രണ്ട് ശതമാനം സഭക്ക് നല്‍കണം

50 ലക്ഷത്തില്‍ കൂടുതല്‍ ചെലവു വരുന്ന നിര്‍മാണങ്ങള്‍ക്ക് സഭാ കൗണ്‍സില്‍ അംഗീകാരം വേണം

തിരുവല്ല: മാര്‍ത്തോമ മെത്രാപ്പോലീത്തയും മറ്റ് എപ്പിസ്‌കോപ്പമാരും 75-ാം വയസില്‍ വിരമിക്കണമെന്നു നിഷ്‌കര്‍ഷിക്കുന്ന ഭരണഘടന ഭേദഗതി പ്രമേയങ്ങള്‍ സെപ്റ്റംബര്‍ 15, 16, 17 തീയതികളില്‍ തിരുവല്ലയില്‍ നടക്കുന്ന മാര്‍ത്തോമാ സഭാ പ്രതിനിധി മണ്ഡലം ചര്‍ച്ച ചെയ്യും.
സഭാ ഭരണഘടനയുടെ ഏഴ്, ഒന്‍പത് വകുപ്പുകള്‍ ഭേദഗതി ചെയ്ത് ഈ വ്യവസ്ഥ കൂട്ടിച്ചേര്‍ക്കണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. വട്ടിയൂര്‍ക്കാവ് സെന്റ് പോള്‍സ് ഇടവക അംഗം സാബു അലക്‌സ്, ആവണീശ്വരം ഇമ്മാനുവല്‍ ഇടവകയിലെ പി.ഇ.ബിനു എന്നിവരടക്കം 82 മണ്ഡല അംഗങ്ങള്‍ ഒപ്പിട്ട പ്രമേയമാണ് ചര്‍ച്ചക്കെടുക്കുക. ഇപ്പോള്‍ മെത്രാപ്പോലീത്തക്കും എപ്പിസ്‌കോപ്പമാര്‍ക്കും കാലാവധിയില്ല. റിട്ടയര്‍ ചെയ്യുന്ന എപ്പിസ്‌കോപ്പമാരുടെ ജീവിതച്ചെലവുകള്‍ സഭ നിര്‍വഹിക്കണമെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്.
സഭയുടെ കീഴിലുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാര്‍ഷിക വരുമാനത്തിന്റെ രണ്ടു ശതമാനം വര്‍ഷം തോറും സഭാ ഓഫീസില്‍ അടക്കണമെന്ന സഭാ കൗണ്‍സില്‍ പ്രമേയവും മണ്ഡലത്തിന്റെ പരിഗണനക്കുവരും. മാര്‍ത്തോമ എന്നോ സെന്റ് തോമസ് എന്നോ പേരുള്ളതും മാര്‍ത്തോമ സഭാംഗങ്ങള്‍ വ്യക്തികളായോ സൊസൈറ്റിയായോ നടത്തുന്ന സ്ഥാപനങ്ങളും മാര്‍ത്തോമാ സഭയിലെ വൈദികരുടെ സേവനം കിട്ടുന്നസ്ഥാപനങ്ങളും സഭയിലെ തിരുമേനിമാര്‍ രക്ഷാധികാരികളോ മാനേജര്‍മാരായോ പ്രവര്‍ത്തിക്കുന്നതും തിരുമേനിമാരുടെ പേരിലോ നേതൃത്വത്തിലോ പ്രവര്‍ത്തിക്കുന്നതുമായ എല്ലാ സ്ഥാപനങ്ങളും വരുമാന വിഹിതം സഭക്ക് നല്‍കണം. സഭയുടെ റവന്യൂ വരുമാനം കുറയുകയും റവന്യൂചെലവ് വര്‍ധിച്ച് വരികയും ചെയ്യുന്ന സാഹചര്യത്തില്‍ സഭയുടെ ചുമതലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യവും അധ്യാപന മികവും വര്‍ധിപ്പിക്കുന്നതിന് ഒരു കോര്‍പ്പസ് ഫണ്ട് ഉണ്ടാക്കുന്നതിനാണ് ഇത്.
മാര്‍ത്തോമാ സഭയുടെ ഭദ്രാസനങ്ങളുടെ ചുമതലയില്‍ 50 ലക്ഷം രുപയില്‍ അധികം ചെലവു ചെയ്യുന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സഭാ കൗണ്‍സിലിന്റെ രേഖാ മൂലമുള്ള മുന്‍കൂര്‍ അനുമതി വാങ്ങിയശേഷമേ ആരംഭിക്കാവൂ എന്ന് നിഷ്‌കര്‍ഷിക്കുന്ന പ്രമേയവും പ്രതിനിധി മണ്ഡലം ചര്‍ച്ച ചെയ്ത് അംഗീകരിക്കും

Comments

comments

Powered by Facebook Comments