മെത്രാപ്പോലീത്ത മുടക്കിയ അംഗത്തിന് മണ്ഡലം യോഗത്തില്‍ പങ്കെടുക്കാം

0
93

ദല്‍ഹി അഡീഷണല്‍ ജില്ലാകോടതിയുടെ വിധി


 

  • മുടക്കിയത് രണ്ടു വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ പേരില്‍
  • ഹിന്ദുയുവാവിനെ വിവാഹം കഴിച്ച മാര്‍ത്തോമ പെണ്‍കുട്ടിയെ  ആശീര്‍വദിച്ചു എന്ന് ആരോപണം
  • നടപടി, മണ്ഡലം യോഗത്തില്‍ പങ്കെടുക്കുന്നതു തടയാനോ?

ന്യദല്‍ഹി: ഹിന്ദു യുവാവിനെ വിവാഹം കഴിച്ച മാര്‍ത്തോമ യുവതിയെ ആശീര്‍വദിച്ചതിന്റെ പേരില്‍ മെത്രാപ്പോലീത്ത സഭാ ഭ്രഷ്ടനാക്കിയ സഭാ മണ്ഡലം അംഗത്തിന് മണ്ഡലം യോഗത്തില്‍ പങ്കെടുക്കാമെന്ന് ദല്‍ഹി അഡീഷണല്‍ ഡിസ്ട്രിക്ട്-1 കോടതി.

ദല്‍ഹി കരോള്‍ ബാഗ് സെന്റ് തോമസ് മാര്‍ത്തോമ ഇടവക അംഗമായ അലക്‌സാണ്ടര്‍ ഫിലിപ്പിനെ കഴിഞ്ഞ ജൂണ്‍ 22-നാണ് ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത  സഭയില്‍ നിന്നു മുടക്കിയത്. 2014 മെയ് 26-ന് നടന്ന സംഭവത്തിന്റെ പേരിലായിരുന്നു മുടക്ക്. അലക്‌സാണ്ടര്‍ ഫിലിപ്പ് കോടതിയെ സമീപിച്ചു. സെപ്റ്റംബര്‍ 15, 16, 17 തീയതികളില്‍ തിരുവല്ലയില്‍ നടക്കുന്ന മണ്ഡലം യോഗത്തില്‍ അലക്‌സാണ്ടര്‍ക്ക് പങ്കെടുക്കാമെന്ന് കോടതി വിധിച്ചു. എതിര്‍കക്ഷിയെ കേള്‍ക്കാന്‍ സമയമില്ലാത്തതിനാലും മണ്ഡലം യോഗം ഉടനെ ചേരുന്നത് പരിഗണിച്ചും ജഡ്ജി അജയ് ഗോയല്‍ താല്കാലിക വിധിയാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

കരോള്‍ബാഗ് ഇടവകയിലെ ഗായക സംഘം അംഗമായിരുന്ന ഒരു പെണ്‍കുട്ടി ഉത്തരാഖണ്ഡ് സ്വദേശിയായ ഹിന്ദു യുവാവിനെ സ്‌പെഷ്യല്‍ മാരിയേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചു. പിന്നീട് പെണ്‍കുട്ടിയുടെ അപേക്ഷ പ്രകാരം അലക്‌സാണ്ടര്‍ ഫിലിപ്പ് അവരുടെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ വരന്‍ വധുവിന് മിന്നുകെട്ടുകയും മന്ത്രകോടി പുതപ്പിക്കുകയും ചെയ്തു. ഇത് സഭാ ഭരണഘടനയ്ക്കും അച്ചടക്കത്തിനും നിരക്കാത്തതാണെന്ന് വിശദീകരിച്ചുകൊണ്ടാണ് മെത്രാപ്പോലീത്ത അലക്‌സാണ്ടറെ സഭാ ഭ്രഷ്ടനാക്കിയത്.

alexഅലക്‌സാണ്ടര്‍ ഫിലിപ്പ്

മെത്രാപ്പോലീത്ത അലക്‌സാണ്ടര്‍ക്കയച്ച മുടക്കു കല്‍പ്പനയില്‍ ഇങ്ങനെ പറയുന്നു: ” 2014 മെയ് 26-ന് താങ്കള്‍ ഒരു വിവാഹം ആശീര്‍വദിച്ച കാര്യത്തെപ്പറ്റി ഞാന്‍ 27.04.2016-ല്‍ എഴുതിയിരുന്നു. അതിന് താങ്കളുടെ പ്രതികരണം പ്രതീക്ഷിച്ചു. നാളിതുവരെ കിട്ടിയിട്ടില്ല. അതിനാല്‍ സഭയുടെ ഭരണഘടന ലംഘിച്ചതിനാല്‍ താങ്കള്‍ ശിക്ഷാര്‍ഹനാണ്. ക്രൈസ്തവനല്ലാത്ത, ഉത്തരാഖണ്ഡ് സ്വദേശിയായ യുവാവും ഒരു മാര്‍ത്തോമ പെണ്‍കുട്ടിയും തമ്മില്‍ നടന്ന വിവാഹം ആശീര്‍വദിച്ചതു വഴി താങ്കള്‍ സഭയുടെ അച്ചടക്കവും ലംഘിച്ചിരിക്കുന്നു. ഈ വസ്തുതകളുടെ വെളിച്ചത്തില്‍ മാര്‍ത്തോമ സഭയിലെ താങ്കളുടെ അംഗത്വം റദ്ദാക്കുന്നു. ഇടവക രേഖകളില്‍ നിന്ന് താങ്കളുടെ പേര് നീക്കം ചെയ്യാന്‍ ഇടവക വികാരിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. താങ്കള്‍ക്ക് അധികാരമില്ലാത്ത കൃത്യം ചെയ്തതിലൂടെ, മാര്‍ത്തോമ സഭയില്‍ താങ്കള്‍ക്കുണ്ടായിരുന്ന എല്ലാ അധികാര അവകാശങ്ങളും സ്വയം ഇല്ലാതാക്കിയിരിക്കുന്നു.”
അതേ സമയം 2016 ഏപ്രില്‍ 27-ന് മെത്രാപ്പോലീത്ത എഴുതിയതായി പറയുന്ന കത്ത് തനിക്കു കിട്ടിയിട്ടില്ലന്നാണ് അലക്‌സാണ്ടര്‍ ഫിലിപ്പ് പറയുന്നത്. കിട്ടിയിരുന്നെങ്കില്‍ തീര്‍ച്ചയായും ക്ഷമാപണവും വിശദീകരണവും നല്‍കുമായിരുന്നു എന്നും അദ്ദേഹം പറയുന്നു.

നടപടിക്കു കാരണമായ സംഭവം നടന്നത് 2014 മേയ് 26-നാണ്. അതിനുശേഷവും അലക്‌സാണ്ടര്‍ ഫിലിപ്പ് കരോള്‍ബാഗ് ഇടവകയില്‍ തുടര്‍ന്നു. മാസവരിയടക്കം സഭക്കു നല്‍കേണ്ട വിഹിതം നല്‍കി. സഭാ മണ്ഡലം അംഗമായി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അതിനും ശേഷമാണ്, രണ്ടു വര്‍ഷം കഴിഞ്ഞ് മെത്രാപ്പോലീത്ത അദ്ദേഹത്തോട് വിശദീകരണം ചോദിക്കുന്നത്. അലക്‌സാണ്ടര്‍ ഫിലിപ്പ് മണ്ഡലം യോഗത്തില്‍ പങ്കെടുക്കരുത് എന്ന ഉദ്ദേശമാണ് മുടക്കു കല്‍പ്പനക്കു പിന്നില്‍ എന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു.

അതേ സമയം പെണ്‍കുട്ടിയെ ഗായകസംഘത്തില്‍ നിന്നും കുട്ടിയുടെ അച്ഛനെ ഇടവക ഭരണ സമിതിയില്‍ നിന്നും നീക്കുകയും ചെയ്തു.

ഇന്നത്തെ സാഹചര്യത്തില്‍ അലക്‌സാണ്ടര്‍ ഫിലിപ്പിനെതിരായ മുടക്കു കല്‍പ്പന പിന്‍വലിക്കണമെന്ന് ദല്‍ഹിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും കരോള്‍ബാഗ് മാര്‍ത്തോമ ഇടവക മുന്‍ സെക്രട്ടറിയുമായ എ.ജെ.ഫിലിപ്പ് ഒരു ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

മുടക്ക് കല്‍പ്പനക്കെതിരെ എ.ജെ.ഫിലിപ്പ് നേരത്തെ മെത്രാപ്പോലീത്തക്ക് ഒരു തുറന്ന കത്ത് എഴുതിയിരുന്നു. അലക്‌സാണ്ടര്‍ ഫിലിപ്പിനോട് വിശദീകരണം ചോദിക്കാന്‍ എന്തുകൊണ്ട് രണ്ടു കൊല്ലം വൈകി എന്ന് അദ്ദേഹം അതില്‍ ആരാഞ്ഞു. ആ കത്ത് കിട്ടിയിട്ടേയില്ല എന്നാണ് അലക്‌സാണ്ടര്‍ ഫിലിപ്പ് പറയുന്നത്. എന്തുകൊണ്ട് അത് കരോള്‍ബാഗിലെ ഇടവക വികാരി വഴിയോ ഭദ്രാസന ബിഷപ്പ് വഴിയോ അയച്ചില്ല?
ഒരു സ്വകാര്യ ചടങ്ങില്‍ അലക്‌സാണ്ടര്‍ ഫിലിപ്പ് വധുവിനെയും വരനെയും ആശീര്‍വദിച്ചതിന് എന്താണ് തെറ്റ്? പ്രതീകാത്മകമായ ചടങ്ങായിരുന്നു അത്. ഒരു പാവനത്വവും കല്‍പ്പിക്കാനില്ലാത്ത ചടങ്ങ്. നടന്ന കാര്യത്തിന്റെ പേരില്‍ അദ്ദേഹം വികാരിയോട് ക്ഷമാപണം നടത്തുകയും ചെയ്തു. മാര്‍ത്തോമക്കാരനായ ജോയി മാത്യു ആമേന്‍ എന്ന സിനിമയില്‍ കത്തോലിക്ക പുരോഹിതനായി വേഷമിടുന്നുണ്ട്. അത് സഭാ വിരുദ്ധമായി കണ്ട് അദ്ദേഹത്തിനെതിരെ നടപടി എടുക്കുമോ?

അലക്‌സാണ്ടര്‍ ഫിലിപ്പ് മണ്ഡലം യോഗത്തില്‍ പങ്കെടുക്കുന്നതു തടയാനാണ് രണ്ടു വര്‍ഷത്തിനു ശേഷം അദ്ദേഹത്തിനെതിരെ നടപടി എടുത്തത് എന്ന് എ.ജെ.ഫിലിപ്പ് കുറ്റപ്പെടുത്തുന്നു.

Comments

comments

Powered by Facebook Comments