ആര്‍ഭാടമില്ലാതെ മാതൃകയായി ഒരു തിരുനാളാഘോഷം

0
102

ലാളിത്യത്തിന്റെ മാതൃകയായത് ഫരീദാബാദ്-ഡല്‍ഹി രൂപതയിലെ ബ്ലസ്ഡ് സാക്രമെന്റ് ചര്‍ച്ച് കിങ്‌സ്‌വേ ക്യാമ്പ് ഇടവക


ന്യൂഡല്‍ഹി: വെടിക്കെട്ടും വാദ്യമേളങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കിയുള്ള തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഫരീദാബാദ് – ഡല്‍ഹി രൂപതയിലെ ബ്ലെസ്ഡ് സാക്രമെന്റ് ചര്‍ച്ച് കിങ്‌സ്‌വേ ക്യാമ്പ് ഇടവക മാതൃകയായി. ഇവിടെ വിശുദ്ധ കുര്‍ബാന ആരംഭിച്ചതിന്റെ രജതജൂബിലിയും  ദിവ്യകാരുണ്യനാഥന്റെ തിരുനാളും കഴിഞ്ഞ ദിവസങ്ങളില്‍ യാതൊരു ആര്‍ഭാടവുമില്ലാതെ ആഘോഷിച്ചു.

25 ദിവസം നോമ്പ് നോറ്റും, 25 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണവും സമ്മാനങ്ങളും നല്‍കിയും സമ്പത്തിന്റെ ഒരംശം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റി വെച്ചും, 25 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന നടത്തിയും  25 പ്രസുദേന്തിമാരുടെ നേതൃത്വത്തില്‍ ആണ് ഈ ഇടവക ജൂബിലി ആഘോഷിച്ചത്. പ്രധാന തിരുനാള്‍ ദിവസം ഫരീദാബാദ് രൂപതാധ്യക്ഷന്‍ മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര, 25 വര്‍ഷം അര്‍പ്പിക്കപ്പെട്ട ദിവ്യബലികളെ പ്രതിനിധീകരിച്ച്. പ്രത്യേകം ക്ഷണിക്കപ്പെട്ട 25 വൈദികരോടൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.   ജൂബിലി ആഘോഷങ്ങളുടെ വ്യത്യസ്തതയെയും ഇടവകജനത്തിന്റെ വിശ്വാസതീഷ്ണതയേയും രൂപതയ്ക്കുവേണ്ടിയുള്ള അവരുടെ പ്രയത്‌നങ്ങളെയും മെത്രാപ്പോലീത്ത പ്രത്യേകം അഭിനന്ദിച്ചു.
വികാരി റവ.ഫാ.മാത്യു കിഴക്കേച്ചിറ ബിഷപ്പിന് ജൂബിലി ഉപഹാരം സമര്‍പ്പിച്ചു.

ഭക്തിപൂര്‍വ്വമായ തിരുനാള്‍ പ്രദിക്ഷണത്തില്‍ ചെണ്ടമേളമോ വെടിക്കെട്ടോ ഉണ്ടായില്ല. ഇടവകയിലെ കുട്ടികളും യുവാക്കളും അമ്മമാരും അപ്പച്ചന്‍മാരും ചേര്‍ന്നു കലാസന്ധ്യയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് നോമ്പുതുറയ്ക്കു ശേഷം തിരുനാള്‍ ആഘോഷങ്ങള്‍ക്ക് വിരാമമായി.

സഭയിലെ കൂദാശപരികര്‍മ്മങ്ങളും തിരുനാള്‍ ആഘോഷങ്ങളും ലളിതമാക്കണമെന്ന, ഓഗസ്റ്റ് മാസം നടന്ന സഭാ സിനഡിന്റെയും സഭാധികാരിയുടെയും നിര്‍ദ്ദേശങ്ങളും ആഹ്വാനങ്ങളും അംഗീകരിച്ചുകൊണ്ടാണ് ഈ കാരുണ്യവര്‍ഷത്തില്‍ വെടിക്കെട്ടും വാദ്യമേളങ്ങളും ആര്‍ഭാടങ്ങളും ഇല്ലാതെ തിരുനാള്‍ അഘോഷിക്കാന്‍ ഇടവക ഒന്നായി തീരുമാനമെടുത്തതെന്ന് വികാരി ഫാ.മാത്യു കിഴക്കേച്ചിറ പറഞ്ഞു.

Comments

comments

Powered by Facebook Comments