ദളിത് ക്രൈസ്തവര്‍ നേരിടുന്ന വിവേചനം ഇല്ലാതാക്കാന്‍ സിബിസിഐ

0
65

സഭക്കുള്ളിലെ വേര്‍തിരിവ് ഗൗരവമുള്ള പ്രശ്‌നമായും പാപമായും കാണും. സഭക്കുള്ളില്‍ ദളിതര്‍ക്ക് നീതി കിട്ടുന്നില്ല. പള്ളികളിലെയും സെമിത്തേരിയിലെയും വേര്‍തിരിവ് ഒഴിവാക്കും.


ന്യൂദല്‍ഹി: കത്തോലിക്ക സഭയില്‍ ദളിതര്‍ നേരിടുന്ന വിവേചനത്തിനെതിരെ സി.ബി.സി.ഐ. ദളിതര്‍ നേരിടുന്ന വേര്‍തിരിവ് ഗൗരവപ്രശ്‌നമായും പാപമായും കാണും. വിവേചനങ്ങള്‍ക്കെതിരെ ശാക്തീകരണം വേണമെന്ന് ദേശീയ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സി.ബി.സി.ഐ) നയരേഖ വ്യക്തമാക്കുന്നു.

സഭക്കുള്ളില്‍ ദളിതര്‍ നേരിടുന്ന വേര്‍തിരിവ് ഗൗരവമുള്ള പ്രശ്‌നമായും പാപമായും കണക്കിലെടുത്ത് ആത്മപരിശോധനക്കുള്ള സന്ദേശമാണ് നയരേഖയിലൂടെ വ്യക്തമാക്കുന്നതെന്ന് സി.ബി.സി.ഐ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.

ഭാരത കത്തോലിക്ക സഭയില്‍ 1.9 കോടി അംഗങ്ങളുള്ളതില്‍ 1.2 കോടിയും ദളിതരാണ്. മെത്രാന്‍ ഉള്‍പ്പടെ നേതൃനിരയില്‍ പദവിയോ ആനുപാതിക പ്രാതിനിധ്യമോ ദളിത് വിഭാഗത്തിനു ലഭിക്കുന്നില്ല. ദളിത് വിഭാഗത്തില്‍ നിന്ന് നിലവില്‍ 12 ബിഷപ്പുമാര്‍ മാത്രമാണ് ഉള്ളതെന്നും നയരേഖയായി വ്യക്തമാക്കുന്നു. സര്‍ക്കാരിനും സഭക്കും ഇടയില്‍ വീര്‍പ്പുമുട്ടുന്ന ദളിത്  ക്രൈസ്തവര്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു.

സഭയുടെ ഉള്ളിലും ദളിത് വിഭാഗത്തിന് നീതി ലഭിക്കുന്നില്ല. ജാതി അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് കടുത്ത സാമൂഹിക തിന്‍മായാണെന്നും സി.ബി.സി.ഐ പുറത്തിറക്കിയ നയരേഖയായി വ്യക്തമാക്കുന്നു.
ദളിത് വിഭാഗങ്ങളോടുള്ള വേര്‍തിരിവ് ഒഴിവാക്കുന്നതിനും രൂപത തലത്തില്‍ അനുയോജ്യമായ രീതിയില്‍ നടപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങളും നയരേഖയിലുണ്ട്.

ആരാധനാലയം, സെമിത്തേരി തുടങ്ങിയ സ്ഥലങ്ങളിലുള്‍പ്പെടെ എല്ലായിടത്തും ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുള്ള വേര്‍തിരിവ് നിരോധിക്കാന്‍ സമയബന്ധിതമായി പദ്ധതി നടപ്പാക്കണം. ജാതീയമായ വേര്‍തിരിവോടെയുള്ള നടപടികള്‍ ഉടനെ അവസാനിപ്പിക്കണം. അതിനു താല്‍പര്യപ്പെടാത്തവര്‍ക്കെതിരെ സഭ അധികാരിക കര്‍ശന നടപടിയെടുക്കണം.

ഇടവകയിലെയും രൂപതയിലെയും കൗണ്‍സിലുകള്‍, വിദ്യാഭ്യാസ ബോര്‍ഡ്, സാമ്പത്തിക സമിതി, നിയമന സമിതി തുടങ്ങിയവയില്‍ ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആനുപാതിക പ്രാതിനിധ്യം നല്‍കണം.

ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് മീഡിയം, സിബിഎസ്ഇ സ്‌കൂളുകളില്‍ പ്രവേശനത്തിനു പ്രത്യേക പരിഗണനയും കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റ് സംവരണവും നല്‍കണം.
പ്രധാന നഗരങ്ങളില്‍ ഹോസ്റ്റല്‍ സൗകര്യം ഉറപ്പാക്കണം. സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കായി പ്രത്യേക പരിശീലനം നല്‍കണം.

യോഗ്യരായ ദളിത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ക്രൈസ്തവ സ്ഥാപനങ്ങളില്‍ എല്ലാ തലങ്ങളിലും ജോലിക്ക് ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കണം.

ദളിത് വിഭാഗത്തില്‍ നിന്നുള്ള സംരംഭകരെ പ്രോത്സാഹിപ്പിക്കാനും നൈപുണ്യ വികസനത്തിനും രൂപതാ ബഡ്ജറ്റില്‍ ആവശ്യമായ തുക വകയിരുത്തണമെന്നും സി.ബി.സി.ഐ നയരേഖയായി നിര്‍ദ്ദേശിക്കുന്നു.

Comments

comments

Powered by Facebook Comments