ഫാ.ടോമിന്റെ മോചനത്തിന് പ്രാര്‍ത്ഥനാനിരതമായി കേരളം

0
44

എറണാകുളത്ത് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്‍കി


കൊച്ചി: ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേരളം ഒന്നടങ്കം പ്രാര്‍ത്ഥനയോടെ അള്‍ത്താരകള്‍ക്കു മുന്നില്‍ തല വണങ്ങി. യെമനില്‍ സമര്‍പ്പിത ശുശ്രൂഷക്കിടെ ഭീകരര്‍ ബന്ദിയാക്കിയ ഫാ.ഉഴുന്നാലിലിന്റെ മോചനം സകലത്തിന്റെയും വിമോചകനായ ദൈവം സാധ്യമാക്കുമെന്ന വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനകളില്‍ കേരളസഭയിലെ മെത്രാപ്പോലീത്തമാരും വിശ്വാസികളും പങ്കാളിയായി.

ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി പുതുവല്‍സരദിനം പ്രാര്‍ത്ഥനാദിനമായി കേരളമെങ്ങും ആചരിച്ചു. തിരുമണിക്കൂര്‍ ആരാധന, സമൂഹപ്രാര്‍ത്ഥനകള്‍, കരുണയുടെ ജപമാല എന്നിവയെല്ലാം ദേവാലയങ്ങളില്‍ നടന്നു. കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ദേവാലയങ്ങളോടു ചേര്‍ന്നു പ്രാര്‍ത്ഥനായജ്ഞങ്ങള്‍ സംഘടിപ്പിച്ചു.

കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്രസമിതിയുടെയും എറണാകുളം-അങ്കമാലി അതിരൂപത സമിതിയുടെയും നേതൃത്വത്തില്‍ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന പ്രാര്‍ത്ഥനായജ്ഞം, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണു നയിച്ചത്.

ഉഴുന്നാലിന്റെ മോചനം യാഥാര്‍ത്ഥ്യമാകും വരെ അതിനായുള്ള തീക്ഷ്ണമായ നമ്മുടെ പ്രാര്‍ത്ഥന തുടരേണ്ടതുണ്ടെന്നു കര്‍ദ്ദിനാള്‍ ആമുഖസന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. അച്ചന്റെ മോചനവിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം നിസഹായമാകുന്നതുപോലെയാണു നാം കാണുന്നത്. മറ്റുള്ളവര്‍ക്കായി ജീവിതം സമര്‍പ്പിച്ച ഒരു വൈദികന്‍ ദുഃഖിക്കുമ്പോള്‍, ക്രൈസ്തവസമൂഹം മുഴുവന്‍ അദ്ദേഹത്തിനായി ശബ്ദമുയര്‍ത്തേണ്ടതുണ്ട്. ഫാ.ടോം അനുഭവിക്കുന്ന യാതനകള്‍ ലോകം മുഴുവനുമുള്ള മനുഷ്യരുടെ ചിന്തകളെ അസ്വസ്ഥതപ്പെടുത്തേണ്ടതുണ്ട്. ഈ ദുഃഖം ലോകം മുഴുവന്‍ ഏറ്റെടുക്കേണ്ടതുണ്ട്.

യമനിലും സിറിയയിലും ഫ്രാന്‍സിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമെല്ലാം വിശ്വാസം മുറുകെപ്പിടിക്കുന്നവര്‍ പീഡിപ്പിക്കപ്പെടുന്ന അനുഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. മതമൗലികവാദം ഒരു മതത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവരുത്. എല്ലാ മതങ്ങളുടെയും നന്‍മയും മൂല്യങ്ങളും ആദരിക്കപ്പെടണം.

ഫാ.ടോമിന്റെ വിമോചനത്തിനായി പ്രയത്‌നിക്കുന്നവര്‍ക്കു കാര്യക്ഷമമായ നയതന്ത്ര ഇടപെടലുകള്‍ക്കു സാധിക്കാനും നാം പ്രാര്‍ത്ഥിക്കേണ്ടതുണ്ടെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു.

കര്‍ദ്ദിനാളിനൊപ്പം ബസിലിക്ക വികാരി റവ.ഡോ.ജോസ് പുതിയേടത്ത് ആരാധനയ്ക്കും പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കി.

കരുണയുടെ ജപമാലയില്‍ ഫാ.ഉഴുന്നാലിലിന്റെ മോചനം, ലോകമെമ്പാടും വിശ്വാസത്തിന്റെ പേരില്‍ പീഡനമേല്‍ക്കുന്നവരുടെ ആശ്വാസം, പീഡിപ്പിക്കുന്നവരുടെ മാനസാന്തരം, തിരുസഭയുടെ വളര്‍ച്ച, ലോകസമാധാനം എന്നീ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥനയുണ്ടായിരുന്നു. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നല്‍കിയതോടെ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ സമാപിച്ചു. മെഴുകുതിരികളേന്തിയാണു വൈദികരും സന്യാസികളും കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കളും വിശ്വാസികളും പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ പങ്കെടുത്തത്.

Comments

comments

Powered by Facebook Comments