കാനോന്‍ വേറെ, മുത്തലാഖ് വേറെ; കാനോന്‍ വിവാഹ മോചനത്തിന് സാധുതയില്ല: സുപ്രീംകോടതി

0
803

കാനോന്‍ നിയമങ്ങള്‍ രാജ്യത്തെ നിയമങ്ങളെ മറി കടക്കുന്നതാവാന്‍ പാടില്ല


ന്യൂദല്‍ഹി: കാനോന്‍ വേറെ, മുത്തലാഖ് വേറെ. ക്രൈസ്തവരുടെ കാനോന്‍ നിയമങ്ങളെ മുസ്ലീം വ്യക്തി നിയമങ്ങളുടെ തലത്തില്‍ പ്രതിഷ്ഠിക്കാനുള്ള നീക്കം സുപ്രീംകോടതി തടഞ്ഞു. സഭാ കോടതികള്‍ നല്‍കുന്ന വിവാഹമോചനത്തിന് സാധുതയില്ലെന്ന് ചീഫ് ജസ്റ്റീസ് ജെ.എസ്.ഖേഹാര്‍, ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഢ എന്നിവര്‍ അടങ്ങിയ ബഞ്ച് വിധിച്ചു.

കാനോന്‍ നിയമങ്ങള്‍ ഒരിക്കലും രാജ്യത്തെ നിയമങ്ങള്‍ മറികടക്കാന്‍ പാടില്ല സഭാകോടതികളുടെ വിവാഹ മോചനത്തിനും ഇത് ബാധകമാണ്.

മുസ്ലീം സമുദായത്തില്‍ മുത്തലാഖിന് സാധുത നല്‍കുന്നതുപോലെ ക്രൈസ്തവരുടെ കാനോന്‍ നിയമങ്ങള്‍ക്കും സാധുത നല്‍കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. കര്‍ണാടക കാത്തലിക് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ക്ലാരന്‍സ് പയസ് ആയിരുന്നു ഹര്‍ജിക്കാരന്‍.

എന്നാല്‍ കാനോന്‍ നിയമം ക്രൈസ്തവര്‍ക്കുള്ള വ്യക്തിനിയമമായാല്‍ത്തന്നെ ആത്മീയ കാര്യങ്ങളിലും സഭാ സംബന്ധമായ കാര്യങ്ങളിലും മാത്രമേ ബാധകമാക്കാവൂ എന്ന് കോടതി വ്യക്തമാക്കി. വിവാഹമോചനം അടക്കമുള്ള കാര്യങ്ങളില്‍ ഇവയ്ക്ക് സാധുത നല്‍കാനാവില്ല.

ഇന്ത്യന്‍ നിയമങ്ങള്‍ക്കു സമാനമാണ് കാനോന്‍ നിയമങ്ങളെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. പുനര്‍വിവാഹത്തിനു സഭാ കോടതികള്‍ അംഗീകാരം നല്‍കണമെങ്കില്‍ വിവാഹമോചനം ഉറപ്പാക്കണമെന്നു കാനോന്‍ നിയമത്തില്‍ നിര്‍ബന്ധമാണ്. ബഹുഭാര്യത്വമോ ഒന്നില്‍ കൂടുതല്‍ ഭര്‍ത്താവോ ഉണ്ടാകരുതെന്ന ഇന്ത്യന്‍ നിയമങ്ങള്‍ക്കു സമാനമാണിതെന്നും ഹര്‍ജിക്കാരനുവേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി വാദിച്ചു.
സഭാകോടതികളില്‍ നിന്ന് വിവാഹമോചനം നേടിയശേഷം പിന്നീട് വിവാഹം കഴിച്ച കത്തോലിക്കാ സമുദായക്കാര്‍ ബഹുഭാര്യത്വ കേസ് നേരിടേണ്ടി വരുന്നു. മുസ്ലീം വ്യക്തി നിയമപ്രകാരമുള്ള വിവാഹമോചനം അംഗീകരിക്കുന്നുണ്ടെങ്കില്‍ സഭാ കോടതികളുടേതും അംഗീകരിക്കണം. കത്തോലിക്കരുടെ വ്യക്തിനിയമമാണ് കാനോന്‍ നിയമങ്ങളെന്നും അദ്ദേഹം വാദിച്ചു.

എന്നാല്‍, ഹര്‍ജിക്കാരന്റെ വാദങ്ങളെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. 1872-ലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ വിവാഹനിയമം, 1869-ലെ വിവാഹമോചനനിയമം എന്നിവയെ കാനോന്‍ നിയമങ്ങള്‍ മറികടക്കരുതെന്ന് കേന്ദ്രം വ്യക്തമാക്കി.

Comments

comments

Powered by Facebook Comments