വിശുദ്ധ മദര്‍ തെരേസയെ അനുസ്മരിച്ച് രാഷ്ട്രപതി

0
50

 


ന്യൂഡല്‍ഹി: നയപ്രഖ്യാപന പ്രസംഗത്തില്‍ കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയെ അനുസ്മരിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാജ്യത്തെ മതസൗഹാര്‍ദ്ദത്തെപ്പറ്റി പറയുന്ന വേളയിലാണ് രാഷ്ട്രപതി മദറിന്റെ പേര് പരാമര്‍ശിച്ചത്. മദര്‍ തെരേസയുടെ നിസ്വാര്‍ത്ഥ സേവനം നമുക്കെല്ലാവര്‍ക്കും ഊര്‍ജ്ജം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സ്വരഭേദങ്ങളുണ്ടെങ്കിലും മനോഹരമായ സംഗീതം ഉതിര്‍ക്കുന്ന ഒരു സിത്താറിന്റെ തന്ത്രികള്‍ പോലെയാണ് രാജ്യത്തെ മതസൗഹാര്‍ദ്ദം എന്നാണ് രാഷ്ട്രപതി പറഞ്ഞത്. വിവിധ വിശ്വാസങ്ങളിലും മതങ്ങളിലും പെട്ടവര്‍ ഒരുമിച്ച് നിന്ന് ഇന്ത്യയുടെ കരുത്ത് കൂട്ടുന്നു. ഈ അവസരത്തില്‍ ബാബ ബന്ദ സിംഗിന്റെ ത്യാഗവും ധൈര്യവും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്റെ 300-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ അനുസ്മരിക്കേണ്ടതാണ്. അതോടൊപ്പം തന്നെ ഈയടുത്ത് വിശുദ്ധ പദവിയിലെത്തിയ മദര്‍ തെരേസയുടെ നിസ്വാര്‍ത്ഥ സേവനങ്ങളെയും നമുക്കൊരുപോലെ വിലമതിക്കുന്നതാണെന്നും രാഷ്ട്രപതി പറഞ്ഞു.

എല്ലാ സമുദായങ്ങളില്‍ നിന്നുമുള്ള വിശിഷ്ട വ്യക്തിത്വങ്ങളുടെ സന്ദേശങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതോടൊപ്പം തന്നെ ക്രൈസ്തവര്‍, മുസ്ലീംകള്‍, സിക്ക്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങള്‍ തുടങ്ങിയ ന്യൂനപക്ഷങ്ങളുടെ സമഗ്ര വികസനത്തിന്റെ കാര്യത്തിലും മുന്‍കൈ എടുക്കുന്നുണ്ടെന്നും രാഷ്ട്രപതി വ്യക്തമാക്കി. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിനായി സ്‌കോളര്‍ഷിപ്പുകളും ഫെലോഷിപ്പുകളും ഏര്‍പ്പെടുത്തി. പഠനത്തോടൊപ്പം ജോലിയും പരിശീലിപ്പിക്കുന്ന നൈപുണ്യ വികസന പദ്ധതികളും ആവിഷ്‌കരിച്ചു നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Powered by Facebook Comments