ഫാ.ടോമിന്റെ മോചനത്തിന് ധര്‍ണയും പ്രാര്‍ത്ഥനയും; പാര്‍ലമെന്റിലും പ്രതിഷേധം.

0
57

 


ന്യൂഡല്‍ഹി: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനം വൈകുന്നതിനെതിരെ പാര്‍ലമെന്റിലും പുറത്തും പ്രതിഷേധം ഇരമ്പി. പാര്‍ലമെന്റിന്റെ ഇരുസഭകളിലും കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ വിഷയം ഉന്നയിച്ചു. ഇക്കാര്യത്തില്‍ രാജ്യത്തിനാകെ ആശങ്കയുണ്ടെന്നും എത്രയും വേഗം മോചനം സാധ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജ്ജിത നടപടി സ്വീകരിക്കണമെന്നും ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര പ്രതിഷേധ ധര്‍ണയില്‍  ആവശ്യപ്പെട്ടു.

കേരളത്തില്‍ നിന്നുള്ള എംപിമാരുടെയും നൂറു കണക്കിനു വിശ്വാസികളുടെയും സാന്നിധ്യത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന വന്‍ പ്രതിഷേധ ധര്‍ണയും പ്രാര്‍ത്ഥനയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫാ.ടോമിന്റെ മോചനം ഉറപ്പാക്കാനായി പ്രധാമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെടണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ് ദേശീയ പ്രസിഡണ്ട് വി.വി.അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ച ധര്‍ണയില്‍ ജനറല്‍ സെക്രട്ടറി അഡ്വ.ബിജു പറയന്നിലം വിഷയാവതരണം നടത്തി.

എംപിമാരായ പ്രൊഫ.കെ.വി.തോമസ്, ജോസ്.കെ.മാണി, പി.കരുണാകരന്‍, കെ.സി.വേണുഗോപാല്‍, ആന്റോ ആന്റണി, ജോയി ഏബ്രഹാം, ജോയിസ് ജോര്‍ജ്ജ്, എന്‍.കെ.പ്രേമചന്ദ്രന്‍, എ.സമ്പത്ത്, എം.ഐ.ഷാനവാസ്, എം.കെ.രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു. ടോം അച്ചന്റെ മോചനത്തിനായി ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ തേടണമെന്ന് ജോസ്.കെ.മാണി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഫലപ്രദവും സജീവവുമായ കൂടുതല്‍ നടപടികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നുവെന്ന് പ്രൊഫ്.കെ.വി.തോമസ്, പി.കരുണാകരന്‍, ജോയി ഏബ്രഹാം, ആന്റോ ആന്റണി, ജോയിസ് ജോര്‍ജ്ജ് തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടി.

പത്തുമാസത്തിലേറെയായി ഭീകരരുടെ തടവിലുള്ള ഇന്ത്യന്‍ പൗരനെ സുരക്ഷിതമായി മോചിപ്പിക്കാന്‍ കത്തോലിക്ക സഭ പരമാധികാരി പരമാവധി ശ്രമങ്ങള്‍ തുടരുമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ഭരണിക്കുളങ്ങര വ്യക്തമാക്കി. ലോകമെമ്പാടും ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന ജനത ക്രൈസ്തവരാണ്. അറബ് മേഖലയില്‍ മാത്രം ദിവസേന 11 പേര്‍ വീതം കൊല്ലപ്പെടുന്നതായുള്ള കണക്കുകള്‍ നടുക്കുന്നതാണ്. രക്തസാക്ഷിത്വം കൊണ്ടു ക്രൈസ്തവ സഭ തളരില്ല. ആഭ്യന്തരയുദ്ധത്തിലും ഭീകരാക്രമണങ്ങളിലും കൊടിയ ദുരിതം അനുഭവിക്കുന്നവരെ ശുശ്രൂഷിക്കാനാണു ഫാ.ടോമും രക്തസാക്ഷിത്വം വഹിച്ച കന്യാസ്ത്രീകളും യെമനില്‍ പ്രവര്‍ത്തിച്ചത്. വൈദികന്റെ മോചനം ഉറപ്പാക്കാന്‍ രാജ്യം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മാര്‍ ഭരണിക്കുളങ്ങര പറഞ്ഞു.

ഫാ.ടോമിന്റെ മോചനത്തിന് സാധ്യമായതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യുമെന്ന് മന്ത്രി നിര്‍മലാ സീതാരാമന്‍ രാജ്യസഭയില്‍ പറഞ്ഞു. ജോയി ഏബ്രഹാമാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യനും വിഷയത്തില്‍ ഇടപെട്ടു. മോചനശ്രമങ്ങളുടെ വിശദാംശങ്ങള്‍ സഭയെ അറിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ ജോസ്.കെ.മാണിയും വിഷയം ഉന്നയിച്ചു. എം.ഐ.ഷാനവാസ്, ജോയ്‌സ് ജോര്‍ജ്ജ് എന്നിവരും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

Comments

comments

Powered by Facebook Comments