പുതിയ അപ്പസ്‌തോലിക് നുണ്‍ഷ്യോയ്ക്ക് ഡല്‍ഹിയില്‍ വരവേല്‍പ്

0
47

ന്യൂഡല്‍ഹി: ഇന്ത്യയിലെ പുതിയ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ഡോ.ജാംബത്തിസ്ത ദിക്വാത്രോയ്ക്കു ഡല്‍ഹിയില്‍ ഊഷ്മള വരവേല്‍പ്. റോമില്‍ നിന്ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ ഇന്നലെ രാവിലെ ഡല്‍ഹിയിലെത്തിയ വത്തിക്കാന്‍ സ്ഥാനപതിക്ക് സിബിസിഐ പ്രസിഡണ്ട് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെയും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും നേതൃത്വത്തിലാണു സ്വീകരണം നല്‍കിയത്.

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ എട്ടുമണിയോടെ എത്തിയ അപ്പോസ്തലിക് നുണ്‍ഷ്യോയെ സിബിസിഐ പ്രസിഡണ്ട് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ബാവ പൂച്ചെണ്ടു നല്‍കിയും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ഷാള്‍ പുതപ്പിച്ചും വരവേറ്റു. ഡല്‍ഹി അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.അനില്‍ കുട്ടോയും ഷാള്‍ നല്‍കി. ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര, ഗുഡ്ഗാവ് രൂപത ബിഷപ്പ് ജേക്കബ് മാര്‍ ബര്‍ണബാസ്, സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ.തിയഡോര്‍ മസ്‌ക്രീനാസ്, വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തിലെ സെക്രട്ടറിമാരായ മോണ്‍.ഹെന്റിക് എം.ജഗോദ്‌സിന്‍സ്‌കി, മോണ്‍.രുമോ.ടി.വിന്‍പാരി തുടങ്ങിയവരും സ്വീകരണ ചടങ്ങിനെത്തി.

ഏഷ്യയില്‍ ആദ്യമായാണു ജോലി ചെയ്യാന്‍ അവസരം ലഭിച്ചതെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഇന്ത്യയിലെ പ്രതിനിധിയെന്ന ദൗത്യം ഏറെ സന്തോഷത്തോടെയും പ്രതീക്ഷയോടെയുമാണ് ഏറ്റെടുക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് ദിക്വത്രോ പറഞ്ഞു. ഇന്ത്യക്കു പുറമെ നേപ്പാളിന്റെ ചുമതലയും നുണ്‍ഷ്യോയ്ക്കുണ്ട്. രാഷ്ട്രപതി പ്രണവ് മുഖര്‍ജിയെ നേരിട്ടു കണ്ടു മാര്‍പ്പാപ്പയുടെ ഔദ്യോഗിക നിയമപത്രം നല്‍കുന്നതിനുള്ള തീയതി പിന്നീടു തീരുമാനിക്കും.

ഇന്ത്യയിലെത്തിയ ആര്‍ച്ച് ബിഷപ്പ് ദിക്വാത്രോയുടെ ലാളിത്യവും പ്രസന്നതയും സ്വതസിദ്ധമായ തമാശകളും ഏറെ ഹൃദ്യവും സന്തോഷകരവുമായെന്നു കര്‍ദ്ദിനാള്‍മാരും മെത്രാപ്പോലീത്തമാരും മെത്രാന്‍മാരും പറഞ്ഞു. മുന്‍ഗാമിയെ പോലെ ഇന്ത്യക്കു പ്രിയപ്പെട്ടവനായി പുതിയ നുണ്‍ഷ്യോയും മാറുമെന്നതില്‍ സംശയമില്ലെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. ആര്‍ച്ച് ബിഷപ്പ് ദിക്വത്രോയെ മാര്‍പ്പാപ്പയുടെ പ്രതിനിധിയായി ലഭിച്ചതിനു ദൈവത്തിനു നന്ദി പറയുന്നതായും ബിഷപ്പുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈ വര്‍ഷാവസാനത്തോടെ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്നതിനാല്‍ ആര്‍ച്ച് ബിഷപ്പ് ദിക്വാത്രോയ്ക്കു ഭാരിച്ച ഉത്തരവാദിത്വങ്ങളാകും ഇന്ത്യയിലുള്ളത.് ആഗോള സഭയില്‍ തന്നെ ഏറ്റവും ശ്രദ്ധേയമായ ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര സഭകളുടെ വളര്‍ച്ചയ്ക്കും ഏകോപനത്തിനും ക്രിയാത്മക സംഭാവനകള്‍ നല്‍കുവാനും നുണ്‍ഷ്യോ താല്‍പര്യപ്പെടുന്നുവെന്നാണു സൂചന.

ഇറ്റലിയിലെ വിദേശകാര്യ വകുപ്പ് ആസ്ഥാനത്തും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങിലും കൂടുതല്‍ കാലം പ്രവര്‍ത്തിച്ച ഡോ.ദിക്വാത്രോ ബൊളീവിയിയലെ നുണ്‍ഷ്യോ ആയി പ്രവര്‍ത്തിച്ചു വരികായായിരുന്നു. ഏഷ്യയില്‍ കൊറിയയും ജപ്പാനും മാത്രം മുന്‍പു സന്ദര്‍ശിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ വരവുകൂടിയായിരുന്നു ഇന്നലെയെന്ന് സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് മസ്‌ക്രീനാസ് പറഞ്ഞു.

ഇന്ത്യക്കാരുമായും ഇന്ത്യന്‍ സംസ്‌കാരവുമായി പരിചയം നേടുന്നതിനായി റോമിലെ മലയാളികളുടേതടക്കമുള്ള ഇന്ത്യന്‍ വൈദിക-കന്യാസ്ത്രീ ഭവനങ്ങളില്‍ ഡല്‍ഹിയിലേക്കു തിരിക്കും മുന്‍പ് നുണ്‍ഷ്യോ സന്ദര്‍ശനം നടത്തിയിരുന്നു. ഡല്‍ഹിയിലെത്തുമ്പോള്‍ വലിയ സ്വീകരണം ഒഴിവാക്കണമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ലാളിത്യം മാതൃകയാക്കണമെന്നും നുണ്‍ഷ്യോ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

Comments

comments

Powered by Facebook Comments