റവ.ഡോ.തോമസ് മണ്ണൂരാംപറമ്പിലിന് മാര്‍ത്തോമ്മാ പുരസ്‌കാരം

0
34

ചങ്ങനാശേരി : അല്മായര്‍ക്കുവേണ്ടിയുള്ള ഉന്നത ദൈവശാസ്ത്ര പഠന കേന്ദ്രമായ ചങ്ങനാശേരി മാര്‍ത്തോമ്മാ വിദ്യാനികേതന്‍ ഏര്‍പ്പെടുത്തിയ മാര്‍ത്തോമ്മാ പുരസ്‌കാരം റവ.ഡോ.തോമസ് മണ്ണൂരാംപറമ്പിലിന്.

ചങ്ങനാശേരി ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍  നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടമാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ക്രിസ്തീയ പൈതൃകത്തിന്റെ പരിപോഷണാര്‍ത്ഥം ദൈവശാസ്ത്രം, കല, സാഹിത്യം, സഭാ ചരിത്രം തുടങ്ങിയ മേഖലകളില്‍ സംഭാവനകള്‍ നല്‍കിയവരെ ആദരിക്കുന്നതിനായാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണു പുരസ്‌കാരം. പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, റവ.ഡോ.തോമസ് കുഴുപ്പില്‍, പ്രൊഫ.ജോസഫ് ടിറ്റോ നേര്യം പറമ്പില്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ പുനരുദ്ധാരണത്തിന് റവ.തോമസ് മണ്ണൂരാംപറമ്പില്‍ നല്‍കിയ നിസ്തുല സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഗവേഷകന്‍, ആരാധനക്രമപണ്ഡിതന്‍, ചരിത്രകാരന്‍, ഗ്രന്ഥകാരന്‍, അധ്യാപകന്‍ എന്നീ മേഖലകളില്‍  അതുല്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സീറോ മലബാര്‍ സഭയുടെ  കുര്‍ബാന ഒരു പഠനം, സീറോ മലബാര്‍ സഭയുടെ  ചരിത്രപശ്ചാത്തലം, ആരാധനാ സമൂഹം, വിശുദ്ധകുര്‍ബാനയില്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ  രചനകളില്‍പ്പെടുന്നു.

ദുക്‌റാനാ തിരുനാള്‍ദിനമായ മൂന്നിന് ഉച്ചകഴിഞ്ഞ് 2.30ന് വിദ്യാനികേതന്‍ ഹാളില്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അവാര്‍ഡ് സമ്മാനിക്കും. പത്രസമ്മേളനത്തില്‍ റവ.ഡോ.ജയിംസ് പാലക്കല്‍, റവ.ഡോ.ജോസഫ് കൊല്ലാറ, ഫാ.മാത്യു നടക്കല്‍, പ്രൊഫ.ജോസഫ് ടിറ്റോ, ജോര്‍ജ് തോമസ്  കോടിക്കല്‍, റോയി തോമസ് കൈലാത്ത് എന്നിവരും പങ്കെടുത്തു.

Comments

comments

Powered by Facebook Comments