വ്യത്യസ്തകള്‍ സഭയുടെ വളര്‍ച്ചയുടെ ലക്ഷണം : മാര്‍ ആലഞ്ചേരി

0
38

ബംഗളൂരു : അഭിപ്രായാന്തരങ്ങളും വീക്ഷണങ്ങളിലെ വ്യത്യസ്തതകളും സഭയുടെ വളര്‍ച്ചയുടെ ലക്ഷണങ്ങളായാണ്  വിലയിരുത്തപ്പെടേണ്ടതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ്  കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സിബിസിഐ യുടെ ആഭിമുഖ്യത്തിലുള്ള പത്തൊന്‍പതാം ദൈവശാസ്ത്ര സമ്മേളനം ബംഗളൂരു എന്‍ബിസിഎല്‍സി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വത്തിക്കാനിലെ വിശ്വാസ തിരുസംഘം പുറപ്പെടുവിച്ച ”യുവനേഷിത് എക്ലേസിയ”  എന്ന പ്രബോധന രേഖയിലെ  പ്രമേയങ്ങള്‍ ഏറെ  പ്രസക്തമാണെന്ന് കര്‍ദ്ദിനാള്‍ അഭിപ്രായപ്പെട്ടു.  സഭയിലെ അധികാരസ്ഥാനങ്ങള്‍ ശുശ്രൂഷയ്ക്കുള്ള ദൈവവിളിയാണെന്നു ഗ്രഹിക്കാന്‍ കഴിയാതെ പോകുന്നത് അപകടകരമാണ്.  വ്യത്യസ്തമായ ശുശ്രൂഷകള്‍ ചെയ്യാന്‍ ദൈവാരൂപിയുടെ  നിയോഗം ലഭിച്ച സമാനമായ നിയോഗം  ലഭിച്ച ശ്ലൈഹിക പിന്തുടര്‍ച്ചയോടു ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും  കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.

സിബിസിഐ ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.  പരിശുദ്ധാത്മാവിന്റെ  പ്രവര്‍ത്തനമില്ലെങ്കില്‍ സഭ കേവലം ഒരു സംഘടനയും സഭാധികാരം ഏകാധിപത്യവും വിശുദ്ധഗ്രന്ഥം കേവലമൊരു  പുസ്തകവും ആരാധനാക്രമം ആചാരവുമായി അധഃപ്പതിക്കുമെന്ന്  മാര്‍ കല്ലറങ്ങാട്ട് ഓര്‍മ്മിപ്പിച്ചു.

സഭയിലെ അധികാരസ്ഥാനത്തേക്ക് വ്യക്തികളെ തെരഞ്ഞെടുക്കുന്ന പരിശുദ്ധാത്മാവ് തന്നെയാണ് കാലാകാലങ്ങളില്‍ വ്യത്യസ്ത വ്യക്തികളിലൂടെയും പ്രസ്ഥാനങ്ങളിലൂടെയും സഭയ്ക്കു നിശാബോധം നല്‍കുന്നതെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവശാസ്ത്ര കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജോസഫ്  പാംപ്ലാനി ആമുഖപ്രഭാഷണം നടത്തി.  ദിവംഗതരായ കര്‍ദ്ദിനാള്‍മാരായ ഐവാന്‍ ഡയസ്, ജൊവാഹിം മൈസ്‌നര്‍ എന്നിവര്‍ക്ക്  സമ്മേളനം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

സമ്മേളനത്തില്‍ വിശാഖപട്ടണം ആര്‍ച്ച് ബിഷപ്പ് പ്രകാശ് മല്ലവരപ്പ്,  പൂനാ ബിഷപ്പ് തോമസ് ദാബ്രെ, മൂവാറ്റുപുഴ ബിഷപ്പ് ഏബ്രഹാം മാര്‍ ജൂലിയോസ്, മല്പാന്‍ റവ.ഡോ.മാത്യു വെള്ളാനിക്കല്‍, റവ.ഡോ.സ്റ്റീഫന്‍ ഫെര്‍ണാണ്ടസ്, റവ.ഡോ.ജോസഫ് വല്ലിയാട്ട്, റവ.ഡോ.ഫ്രാന്‍സിസ് ഗോണ്‍ സാല്‍വസ്, റവ.ഡോ.ജോസഫ് ലോബോ, റവ.ഡോ.പോളി മണിയാട്ട് എന്നിവര്‍ വിവിധ വിഷയങ്ങളെ ആധാരമാക്കി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്ക് നാഗപ്പൂര്‍ ആര്‍ച്ച്ബിഷപ്പ് ഏബ്രഹാം വിരുത്തക്കുളങ്ങര, ഹൈദരാബാദ് ആര്‍ച്ചുബിഷപ്പ് തുമ്മാബാലാ ധര്‍മ്മപുരി ബിഷപ്പ്  ലോറന്‍സ് പയസ്, ബിഷപ്പുമാരായ ശരത്ചന്ദ്ര നായിക്, അന്തോണി സാമി, സുന്ദര്‍ രാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Comments

comments

Powered by Facebook Comments