സകലമനുഷ്യരോടും സഹകരിച്ചു പ്രവര്‍ത്തിക്കണം : ദൈവശാസ്ത്ര സമ്മേളനം

0
33

ബാംഗ്‌ളൂര്‍ : മാറുന്ന കാലഘട്ടത്തില്‍ കൂട്ടായ്മയുടെ ശുശ്രൂഷയ്ക്കായി പുനര്‍പ്പണം  ചെയ്യാന്‍ സഭ സകല മനുഷ്യരോടും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് അഖിലേന്ത്യാ ദൈവശാസ്ത്ര സമ്മേളനം.  സൃഷ്ടിയിലൂടെ മനുഷ്യകുലം മുഴുവനായും ഗാഢബന്ധത്തിലായ ദൈവാത്മാവു തന്നെയാണു സഭയില്‍ വിവിധ ശുശ്രൂഷകള്‍ക്കായി വിശ്വാസികളെ ഒരുക്കുന്നത്.  അതിനാല്‍ സഭയ്ക്കു വെളിയിലും  പ്രവര്‍ത്തനനിരതമായ പരിശുദ്ധാത്മാവിന്റെ  സ്വരം തിരിച്ചറിയണമെന്നു സമാപന സമ്മേളനത്തില്‍ സീറോമലബാര്‍ സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ചൂണ്ടിക്കാട്ടി.

ഓരോ വ്യക്തിയുടെയും കാഴ്ചപ്പാടുകളിലെ നവീകരണമാണ് സഭയുടെയും ലോകത്തിന്റെയും നവീകരണത്തിന് നിമിത്തമാകുന്നതെന്ന് അഖിലേന്ത്യാ മെത്രാന്‍ സമിതിയുടെ ദൈവശാസ്ത്ര കമ്മീഷന്‍  ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടി. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്  അതിരുകളും പരിധികളും നിശ്ചയിക്കാനുള്ള പ്രവണതയാണു പലപ്പോഴും സങ്കുചിത ചിന്താഗതികള്‍ക്കു വഴിയൊരുക്കുന്നത്. സഭയില്‍ പ്രത്യേക വരദാനങ്ങള്‍ ലഭിച്ചവര്‍ നടത്തുന്ന ശുശ്രൂഷകള്‍ക്കു സുവിശേഷവത്ക്കരണത്തിനും നവീകരണത്തിനും  പുതിയ ദിശാബോധം നല്‍കാന്‍ കരുത്തുണ്ടെന്നു ബിഷപ്പ് ചൂണ്ടിക്കാട്ടി.

വിശ്വമാനവികതയുടെ വക്താക്കളായ മഹാത്മാഗാന്ധിയിലൂടെയും ഇറോം ശര്‍മ്മിളയിലൂടെയും മലാലയിലൂടെയും മാനവവിമോചനത്തിനുള്ള പ്രചോദനമായി പ്രവര്‍ത്തിച്ച പരിശുദ്ധാത്മാവിനെ തിരിച്ചറിഞ്ഞ് അംഗീകരിക്കുമ്പോഴാണു സഭയ്ക്കു വെളിയിലെ ദൈവാരുപിയുടെ പ്രവര്‍ത്തനം ഗ്രഹിക്കാനാകുന്നതെന്നു ദൈവശാസ്ത്ര സമ്മേളനം വിലയിരുത്തി.  ഭാരതത്തില്‍ വര്‍ധിച്ചു വരുന്ന വര്‍ഗീയ ധ്രൂവീകരണത്തിനും സങ്കുചിതചിന്താഗതികള്‍ക്കുമുള്ള  ശരിയായ ഉത്തരം തേടേണ്ടതു  സകലരെയും പ്രചോദിപ്പിക്കുന്ന പരിശുദ്ധാത്മാവിന്റെ  പ്രവര്‍ത്തനങ്ങളിലാണ്.

അഖിലേന്ത്യാ ദൈവശാസ്ത്ര സമ്മേളനത്തിനു വേദിയൊരുക്കിയതു സിബിസിഐയുടെ പഠനകേന്ദ്രമായ ബാംഗ്ലൂര്‍ എന്‍ബിസിഎല്‍സിയാണ്. ദൈവശാസ്ത്ര സമ്മേളനത്തില്‍ വിശാഖപട്ടണം ആര്‍ച്ച് ബിഷപ്പ്  പ്രകാശ് മല്ലവരപ്പ്, പൂന ബിഷപ്പ് തോമസ്  ദാബ്രെ , മൂവാറ്റുപുഴ ബിഷപ്പ് ഏബ്രഹാം മാര്‍ യൂലിയോസ്, റവ.ഡോ.മാത്യു വെള്ളാനിക്കല്‍, റവ.ഡോ.സ്റ്റീഫന്‍ ഫെര്‍ണാണ്ടസ്, റവ.ഡോ.ജോസഫ് വല്ലിയാട്ട്, റവ.ഡോ.ഫ്രാന്‍സിസ് ഗോണ്‍സാല്‍വസ്, റവ.ഡോ. ജോസഫ് ലോബോ, റവ.ഡോ.പോളി മണിയാട്ട്  എന്നിവര്‍ വിവിധ വിഷയങ്ങളെ ആധാരമാക്കി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ചര്‍ച്ചകള്‍ക്ക് നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പ് ഏബ്രഹാം വിരുത്തിക്കുളങ്ങര, ഹൈദരാബാദ് ആര്‍ച്ച്ബിഷപ്പ് തുമ്മാബാലാ, ധര്‍മ്മപുരി ബിഷപ്പ്  ലോറന്‍സ് പയസ്, ബിഷപ്പുമാരായ ശരദ്ചന്ദ്രനായിക്, അന്തോണി സാമി, സുന്ദരരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മെത്രാന്‍ പദവിയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ ആര്‍ച്ച് ബിഷപ്പ് ഏബ്രഹാം വിരുത്തിക്കുളങ്ങരയെ ദൈവശാസ്ത്ര സമ്മേളനം ആദരിച്ചു.

Comments

comments

Powered by Facebook Comments