പാക്കിസ്ഥാന്റെ മദര്‍ തെരേസയ്ക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വിട

0
40

കറാച്ചി : പാക്കിസ്ഥാന്റെ മദര്‍ തെരേസ എന്നു വിശേഷിപ്പിക്കപ്പെടുന്ന റൂത്ത് കാതറീന മാര്‍ത്ത പ്ഫാവുവിന്റെ മൃതദേഹം പൂര്‍ണ ഓദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കറാച്ചിയിലെ സദറിലുള്ള സെന്‍ പാട്രിക് കത്തീഡ്രലില്‍ നടന്ന  അന്ത്യ കര്‍മങ്ങളില്‍ പ്രസിഡന്റ് മന്‍മൂന്‍ ഹുസൈന്‍ അടക്കമുള്ളവര്‍ പങ്കെടുത്തു. കറാച്ചിയിലെ ഏറ്റവും പഴയ  ശ്മശാനമായ  ഖോര കബറിസ്ഥാനിലാണു മൃതദേഹം സംസ്‌കരിച്ചത്.

ഇതാദ്യമായാണ്  ഒരു ക്രിസ്ത്യന്‍ വനിതയ്ക്ക് പൂര്‍ണ ഔദ്യോഗിക  ബഹുമതികളോടെ പാക്കിസ്ഥാന്‍ വിട ചൊല്ലുന്നത്. ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടി പട്ടാളക്കാരാണു ചുമന്നത്.  ആദരസൂചകമായി  മൂന്നു സേനകളും ചേര്‍ന്നു 19 ഗണ്‍ സല്യൂട്ട് നല്‍കി.

സിന്ധ് പ്രവിശ്യയുടെ മുഖ്യമന്ത്രി മുറാദ് അലി ഷാ, പ്രവിശ്യ ഗവര്‍ണര്‍ മുഹമ്മദ് സുബൈര്‍, പട്ടാള മേധാവി ജനറല്‍ ഖമര്‍ ജാവേദ്  തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

1929-ല്‍ ജര്‍മനിയിലെ ലൈപ് സിഗില്‍ ജനിച്ച റൂത്ത് കാതറീന്‍ 1960-ല്‍ ഇന്ത്യയിലേക്കുള്ള യാത്രാമദ്ധ്യേയാണു കറാച്ചിയിലെത്തുന്നത്.  ഡോക്ടര്‍ കൂടിയായ റൂത്ത് കറാച്ചിയിലെ കുഷ്ഠരോഗികളുടെ ദയനീയാവസ്ഥ കണ്ടു മനസ്സലിഞ്ഞ് ശിഷ്ടകാലം ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഇവിടെ  തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ക്കു പരിശീലനം നല്‍കിയും  കുഷ്ഠം നിയന്ത്രിക്കാനുള്ള ദേശീയ പദ്ധതി ആരംഭിക്കാന്‍ സഹായിച്ചും ഡോ.റൂത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഡോ.റൂത്തിന്റെ സംഘടന 157 കുഷ്ഠരോഗ കേന്ദ്രങ്ങള്‍ നടത്തുന്നു. 1996-ല്‍  പാക്കിസ്ഥാന്‍ കുഷ്ഠരോഗവിമുക്തമായി.

കുഷ്ഠരോഗം ഉന്‍മൂലനം ചെയ്യുന്നതില്‍ ഡോ.റൂത്ത് നല്‍കിയ സേവനങ്ങള്‍ക്ക് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്ന് പ്രധാനമന്ത്രി  ഷഹീദ് അബ്ബാസി പറഞ്ഞു.  കറാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയുടെ പേര് ഡോ.റൂത്ത് പ്ഫാവു ആശുപത്രി എന്നാക്കി മാറ്റുമെന്ന് സിന്ധ് മുഖ്യമന്ത്രി ഷാ അറിയിച്ചു.

Comments

comments

Powered by Facebook Comments