മാര്‍പ്പാപ്പ മ്യാന്‍മറും ബംഗ്ലാദേശും സന്ദര്‍ശിക്കും : ഇന്ത്യയിലേക്ക് ഈ വര്‍ഷം ഇല്ലെന്നു സൂചന

0
51

ഡല്‍ഹി : ഫ്രാന്‍സിസ് മാര്‍പ്പാപ്പ നവംബര്‍ 27 മുതല്‍ ഡിസംബര്‍ രണ്ടുവരെ മ്യാന്‍മറിലും ബംഗ്ലാദേശിലും ഔദ്യോഗിക സന്ദര്‍ശനം നടത്തും.  എന്നാല്‍ ക്രൈസ്തവര്‍ അടക്കം കോടിക്കണക്കിനാളുകള്‍ ആഗ്രഹിച്ചിരുന്ന മാര്‍പ്പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം ഇതോടൊപ്പം വത്തിക്കാന്‍ പ്രഖ്യാപിച്ചില്ല.  പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സൗകര്യപ്രദമായ തീയതികള്‍ ലഭ്യമാകാത്തതിനാലാണ്  ഇന്ത്യ ഉള്‍പ്പെടാതെ പോയതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഷ്യം.

നവംബര്‍ 27 മുതല്‍ 30 വരെ മ്യാന്‍മറും 30 മുതല്‍  ഡിസംബര്‍ രണ്ടു വരെ ബംഗ്ലാദേശും മാര്‍പ്പാപ്പ സന്ദര്‍ശിക്കുമെന്നു വത്തിക്കാന്‍ അറിയിച്ചു. വത്തിക്കാന്‍ പ്രസ് ഓഫീസ്  ഡയറക്ടര്‍ ഗ്രെഗ് ബര്‍ക്ക് ആണ് തീയതികള്‍ പ്രഖ്യാപിച്ചത്.  മ്യാന്‍മറിലെ വലിയ നഗരമായ യാങ്കൂണിലും തലസ്ഥാനമായ നായിപിതോയിലും ആകും സന്ദര്‍ശനം.  ബംഗ്ലാദേശില്‍ ദാക്കയിലാണ് എത്തുക. വിശദമായ പരിപാടികള്‍ പിന്നീട് തയ്യാറാക്കുമെന്നും  വത്തിക്കാന്‍ അറിയിച്ചു.

ബംഗ്ലാദേശിലെയും മ്യാന്‍മറിലെയും രാഷ്ട്രത്തലവന്‍മാരുടെയും ബിഷപ്പുമാരുടെയും  ക്ഷണം സ്വീകരിച്ചാണ് മാര്‍പ്പാപ്പയുടെ  അപ്പസ്‌തോലിക സന്ദര്‍ശനം. രാഷ്ട്രത്തലവനു നല്‍കുന്ന സമ്പൂര്‍ണ ബഹുമതികളോടെയും ആദരവോടെയുമാകും ഇരു രാജ്യങ്ങളും ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ വരവേല്‍ക്കുക.

ബുദ്ധമത വിശ്വാസികള്‍ കൂടുതലുള്ള മ്യാന്‍മറില്‍ ആദ്യമായാണ് ഒരു മാര്‍പ്പാപ്പ എത്തുന്നത്. 1986-ലെ  ഇന്ത്യ സന്ദര്‍ശനവേളയില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ മുസ്ലീം ഭൂരിപക്ഷമുള്ള ബംഗ്ലാദേശിലും സന്ദര്‍ശനം നടത്തിയിരുന്നു. മ്യാന്‍മറില്‍ പീഡനം അനുഭവിക്കുന്ന രോഹിംഗ്യ മുസ്ലീംങ്ങളുടെ വിഷയം അന്താരാഷ്ട്ര സമൂഹത്തിലെത്തിക്കുന്നതിനു ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സന്ദര്‍ശനം സഹായകമാകും. ഭൂരിപക്ഷം ബുദ്ധമതക്കാരും രോഹിംഗ്യ മുസ്ലീംങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നതിനിടെയാണ് ഈ സന്ദര്‍ശനം. രോഹിംഗ്യകള്‍ക്കു നീതി ലഭ്യമാകണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ  തുടര്‍ച്ചയായി  ആവശ്യപ്പെടുന്നുണ്ട്. മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം  സംബന്ധിച്ച് സിബിസിഐയുടെ ആഭിമുഖ്യത്തില്‍  കര്‍ദ്ദിനാള്‍മാരായ പ്രസിഡന്റ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ, മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ഡോ.ഓസ്വാര്‍ഡ് ഗ്രേഷ്യസ് എന്നിവര്‍ മാസങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രിയെ കണ്ടു ചര്‍ച്ച നടത്തിയിരുന്നു.

മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതിനോട്  അനുകൂല പ്രതികരണമാണ് പ്രധാനമന്ത്രി മോദി പ്രകടിപ്പിച്ചതെന്നു കര്‍ദ്ദിനാള്‍ മാര്‍ വ്യക്തമാക്കിയിരുന്നു. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങില്‍ കേന്ദ്രസംഘത്തെ നയിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മാര്‍പ്പാപ്പയെ റോമിലെത്തി നേരിട്ട് കണ്ടപ്പോള്‍ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

എന്നാല്‍, മാര്‍പ്പാപ്പയുടെ ഇന്ത്യന്‍ സന്ദര്‍ശനം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഇന്നലെയും കേന്ദ്രം തയ്യാറായില്ല.

ആര്‍എസ്എസ് നേതൃത്വത്തിന്റെ ക്ലിയറന്‍സ് ലഭിക്കാത്തതിനാലാണു പ്രധാനമന്ത്രിയുടെ തിരക്ക് പറഞ്ഞ് മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് സര്‍ക്കാര്‍ തടയിടുന്നതെന്ന് പ്രതിപക്ഷ നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. മാര്‍പ്പാപ്പയുടെ സന്ദര്‍ശനം സംബന്ധിച്ചു വത്തിക്കാനും ഇന്ത്യന്‍ സര്‍ക്കാരും ചില പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയിരുന്നു.  മാര്‍പ്പാപ്പയ്ക്കും രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്കും  സൗകര്യപ്രദമായ തീയതികള്‍ കണ്ടെത്താനായില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സൂചിപ്പിച്ചത്.

മറ്റു രാഷ്ട്രത്തലവന്‍മാരുടെ സന്ദര്‍ശനം അടക്കമുള്ള പ്രധാനമന്ത്രിയുടെ തിരക്കുകള്‍ കാരണം  മാര്‍പ്പാപ്പയുടെ സന്ദര്‍ശനം ഈ വര്‍ഷം ഉണ്ടായേക്കുമെന്ന പ്രതീക്ഷ കുറയുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഏഷ്യയിലെ ഉപദേശകനും മുംബൈ ആര്‍ച്ചു ബിഷപ്പുമായ കര്‍ദ്ദിനാള്‍ ഡോ.ഓസ്വാര്‍ഡ് ഗ്രേഷ്യസ് ജൂലൈയില്‍ പറഞ്ഞിരുന്നു.  അടല്‍ ബിഹാരി വാജ്‌പെയി പ്രധാനമന്ത്രിയായിരിക്കെയാണ് 1999 നവംബറിലാണ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ രണ്ടാമത്തെയും അവസാനത്തെയും ഇന്ത്യാ സന്ദര്‍ശനം നടത്തിയത്. 1964-ല്‍  പോള്‍ ആറാമന്‍ മാര്‍പ്പാപ്പ  ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

Comments

comments

Powered by Facebook Comments