സാമൂഹ്യപ്രശ്‌നങ്ങളില്‍ അല്മായ പങ്കാളിത്തത്തോടെ പരിഹാരം തേടണം : സിനഡ്

0
38

കൊച്ചി :കുടുംബങ്ങളും സമൂഹവും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അല്മായ കൂട്ടായ്മകളുടെ കാഴ്ചപ്പാടുകളോടു ചേര്‍ന്ന് അജപാലന പരിഹാരം തേടണമെന്നു സീറോ മലബാര്‍ സിനഡ്. അല്മായ മുന്നേറ്റങ്ങള്‍  സഭയുടെ ബഹുമുഖ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നവയാണെന്നു സിനഡ് വിലയിരുത്തി.

തൊഴിലില്ലായ്മ, പാര്‍പ്പിട പ്രശ്‌നങ്ങള്‍, രോഗങ്ങള്‍, മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം, ദാമ്പത്യബന്ധങ്ങളിലുണ്ടാകുന്ന തകര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ അല്മായരുടെ വിചാരങ്ങള്‍ എന്തെന്നറിയാന്‍ വൈദികരും സമര്‍പ്പിതരും ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബങ്ങളുടെ നവീകരണത്തിനു വലിയ പ്രാധാന്യമാണു സഭ നല്‍കുന്നത്.  കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമഗ്രതയോടെ  തിരിച്ചറിയാന്‍ അല്മായരുമായി അജപാലകര്‍ നിരന്തര ആശയവിനിമയം നടത്തണം. കുടുംബങ്ങളും സമൂഹവും നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു നൂതനമായ പരിഹാര മാര്‍ഗ്ഗങ്ങളാണ് ആവശ്യം.

അല്മായര്‍ ഏറ്റെടുത്തു നടത്തുന്ന  വിവിധ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ സഭ അഭിമാനത്തോടെയാണു കാണുന്നത്. അല്മായരുടെ നേതൃത്വത്തിലുള്ള വയോജന കേന്ദ്രങ്ങള്‍, അനാഥമന്ദിരങ്ങള്‍, ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി നടത്തുന്ന  സ്ഥാപനങ്ങള്‍, ആശുപത്രികളിലെ ഭക്ഷണവിതരണം, അനുബന്ധശുശ്രൂഷകള്‍ എന്നിവ പ്രോത്സാഹിപ്പിക്കപ്പെടണം. ഓരോ ഇടവകകളിലും ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്കായുള്ള ശുശ്രൂഷകളില്‍  വൈദികര്‍ക്കൊപ്പം അല്മായരും മുന്നിട്ടിറങ്ങണം.

സഭയുടെ കുടുംബം, അല്മായര്‍, ജീവന്‍ എന്നിവയ്ക്കായുള്ള സിനഡ് കമ്മീഷന്‍ കൂടുതല്‍ ഉണര്‍വോടെ പ്രവര്‍ത്തിക്കേണ്ട കാലഘട്ടമാണിതെന്നും സിനഡ് ഓര്‍മ്മിപ്പിച്ചു.

അല്മായ കമ്മീഷന്‍, കുടുംബകൂട്ടായ്മ വേദി, മാതൃവേദി, പ്രോലൈഫ്, കത്തോലിക്കാ കോണ്‍ഗ്രസ് എന്നിവയെ ഏകോപിപ്പിക്കുന്ന കമ്മീഷന്‍ ഏറ്റെടുക്കുന്ന വിവിധ  പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും സിനഡ് വിലയിരുത്തി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സീറോ മലബാര്‍ സിനഡിന്റെ  25-ാം സമ്മേളനം  ഇന്നു സമാപിക്കും. സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പ പദവിയിലേക്കുയര്‍ത്തപ്പെട്ടതിന്റെ രജതജൂബിലി വര്‍ഷത്തില്‍ നടക്കുന്ന സിനഡില്‍ സഭയിലെ 48 മെത്രാന്‍മാര്‍ പങ്കെടുക്കുന്നുണ്ട്.

Comments

comments

Powered by Facebook Comments