ഫാ.ടോം ഉഴുന്നാലില്‍ മോചിതനായി

0
43

സന: യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളിയായ വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ മോചിതനായെന്ന് റിപ്പോര്‍ട്ട്. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് ഫാദര്‍ ഉഴുന്നാലിനെ ഭീകരര്‍ വിട്ടയച്ചതായി ഒമാന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, വാര്‍ത്തയ്ക്ക് ഒമാന്‍ സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല. ഇന്ത്യന്‍ വിദേശകാര്യവകുപ്പും വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായി ഫാദര്‍ ടോം ഉഴുന്നാലിനെ ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലെ ഒരു കേന്ദ്രത്തിലേക്ക് മാറ്റിയതായി ‘ഒമാന്‍ ഒബ്‌സര്‍വര്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് യെമനില്‍ നിന്ന് ഫാദര്‍ ഉഴുന്നാലിനെ ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. മദര്‍ തെരേസയുടെ സന്യാസിനി സമൂഹം നടത്തുന്ന ആശ്രമത്തിന് നേര്‍ക്ക് ആക്രമണം നടത്തിയാണ് ഇവിടെയുണ്ടായിരുന്ന ഫാദറിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. കന്യാസ്ത്രീകള്‍ അടക്കം നാലുപേരെ വധിച്ചതിനുശേഷമാണ് ഭീകരര്‍ ഫാദര്‍ ഉഴുന്നാലിനെ ഭീകരസംഘം തട്ടിക്കൊണ്ടുപോയത്.

തുടര്‍ന്ന് കത്തോലിക്കാ സഭയും ഇന്ത്യന്‍ വിദേശകാര്യവകുപ്പും വിവിധ തലങ്ങളില്‍ ഫാദര്‍ ടോമിന്റെ മോചനത്തിനായി ശ്രമം നടത്തിവരികയായിരുന്നു. ഇതിനിടെ മൂന്നു തവണ ഫാദര്‍ ഉഴുന്നാലിലിന്റെ വീഡിയോ ചിത്രങ്ങള്‍ ഭീകരര്‍ പുറത്തുവിട്ടിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ സൗദി അറേബ്യന്‍ സര്‍ക്കാരിനെ ഇടപെടുത്തി നയതന്ത്ര നീക്കങ്ങള്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഫാദര്‍ ടോം ഉഴുന്നാലില്‍ മോചിതനായെന്ന വാര്‍ത്ത എത്തിയിരിക്കുന്നത്.

Comments

comments

Powered by Facebook Comments