ഫാ.ടോം മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു 

0
37

വത്തിക്കാന്‍ സിറ്റി : ”അവര്‍ (ഭീകരര്‍) എന്നെ വധിക്കുമെന്ന് ഞാന്‍ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല. അവര്‍ ഒരിക്കലും മോശമായി പെരുമാറിയതുമില്ല” – യെമനിലെ ഏഡനില്‍ ഒന്നര വര്‍ഷം ബന്ദിയാക്കപ്പെട്ട ശേഷം മോചിതനായി റോമിലെ സലേഷ്യന്‍ സഭാ ആസ്ഥാനത്തെത്തിയ ഫാ.ടോം ഉഴുന്നാലില്‍ പറഞ്ഞു. 2016 മാര്‍ച്ചില്‍ ഏഡനില്‍ മദര്‍ തെരേസയുടെ അഗതിമന്ദിരത്തിലെ കൂട്ടക്കൊലയ്ക്കുശേഷം സമീപത്തെ ചാപ്പലില്‍ നിന്ന് ബന്ദിയാക്കപ്പെട്ടതാണു ഫാ.ടോം ഇതിനുശേഷം തന്നെ വിലങ്ങുവച്ച് രണ്ടോ മൂന്നോ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും ഫാ.ടോം വെളിപ്പെടുത്തി.

”അറബിയിലായിരുന്നു സംഭാഷണങ്ങള്‍. അല്പം ഇംഗ്ലീഷും അവര്‍ക്ക് അറിയാമായിരുന്നു. ഞാന്‍ മെലിയുന്നതുകണ്ട് പ്രമേഹം നിയന്ത്രിക്കാനുള്ള ഗുളിക അവര്‍ തന്നിരുന്നു. ഇക്കാലമത്രയും ധരിക്കാന്‍ ഒരേ വസ്ത്രം തന്നെയാണുണ്ടായിരുന്നതും” – അദ്ദേഹം പറഞ്ഞു.

ഫാ.ടോം ഉഴുന്നാലില്‍ ഇന്നലെ ഉച്ചയ്ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ  സന്ദര്‍ശിച്ചു. ഈശോയുടെ മാതൃക പിന്‍ചെന്നു സഹനദാസനായി മാറിയ ഫാ.ടോമിന്റെ കരങ്ങള്‍  ചുംബിച്ചുകൊണ്ടാണ് കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷന്‍ അദ്ദേഹത്തെ സ്വീകരിച്ചത്. മാര്‍പ്പാപ്പയുടെ ബുധനാഴ്ചത്തെ പതിവ് പൊതുദര്‍ശനത്തിനുശേഷമായിരുന്നു കൂടിക്കാഴ്ച. ദൈവവിശ്വാസികളുടെ ജീവിക്കുന്ന സാക്ഷിയാണ് ഫാ.ടോമെന്നു വത്തിക്കാന്‍ വിശേഷിപ്പിച്ചു.

റോമിലെ സലേഷ്യന്‍ സഭാ ആസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി എത്തിയ ഫാ.ടോം ഉഴുന്നാലിലിനെ സഭാ നേതൃത്വം  പൊന്നാടയണിയിച്ചാണു സ്വീകരിച്ചത്. അവിടെയെത്തിയ ഫാ.ടോം ആദ്യമായി പോയതു സഭാ ആസ്ഥാനത്തെ ചാപ്പലിലേക്കാണ്.

ദൈവത്തിനും പരിശുദ്ധ കന്യാകമാതാവിനും നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം സഭാധികാരികള്‍ക്കു മുന്നിലെത്തിയത്. പിന്നീടു വിശുദ്ധ കുര്‍ബാന  അര്‍പ്പിച്ചു. കുര്‍ബാന അര്‍പ്പണത്തിനു മുന്‍പ് ടോമച്ചന്‍ കുമ്പസാരിക്കുകയും ചെയ്തു. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കുശേഷമുള്ള ബലിയര്‍പ്പണമായിരുന്നു അത്.

രാത്രി സലേഷ്യന്‍ ആസ്ഥാനത്ത്  ഇന്ത്യന്‍ വിഭവങ്ങള്‍ ഉള്‍പ്പെട്ട ഭക്ഷണം ഒരുക്കിയാണ് സഭാംഗങ്ങള്‍ സന്തോഷം പങ്കുവെച്ചത്. തടവിലായിരിക്കെ വിശുദ്ധ കുര്‍ബാന  അര്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും കുര്‍ബാനക്രമം ഓര്‍മയില്‍ നിന്ന് തനിയെ ചൊല്ലിയിരുന്നു. കുര്‍ബാനപുസ്തകമോ പൂജാ സാമഗ്രികളോ ഉണ്ടായിരുന്നില്ല. തല്‍ക്കാലം റോമിലെ സലേഷ്യന്‍ ആസ്ഥാനത്ത് ഫാ.ടോം ഉഴുന്നാലില്‍ വിശ്രമിക്കട്ടെയെന്നാണ് സഭാധികാരികളുടെ  താല്‍പര്യം. ഫാ.ടോമിന്റെ സെമിനാരി പ്രൊഫസറും സലേഷ്യന്‍ സഭയുടെ ബംഗളൂരു പ്രൊവിന്‍സിന്റെ  മുന്‍ സുപ്പീരിയറുമായ റവ.ഡോ.തോമസ് അഞ്ചുകണ്ടം, സലേഷ്യന്‍ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ ഫാ.സൈമി ഏഴാനിക്കാട്ട്, ഫാ.ഫ്രാന്‍സിസ്‌കോ സെറേഡ, ഫാ.ഏബ്രഹാം കവലക്കാട്ട് എന്നിവരും റോമില്‍ ഫാ.ടോമിനെ സ്വീകരിക്കാനുണ്ടായിരുന്നു.

Comments

comments

Powered by Facebook Comments