ഫാം.ടോം വ്യാഴാഴ്ച ഡല്‍ഹിയിലെത്തും

0
28

കോട്ടയം : ഭീകരരുടെ പിടിയില്‍ നിന്ന്  മോചിതനായലെ റോമിലെ സലേഷ്യന്‍ ജനറലേറ്റില്‍ വിശ്രമിക്കുന്ന ഫാ.ടോം ഉഴുന്നാലില്‍ വിരമിച്ച മാര്‍പ്പാപ്പ ബനഡിക്ട്  പതിനാറാമനെ ഇന്നു സന്ദര്‍ശിക്കും. ഒന്നരവര്‍ഷം തീവ്രവാദികള്‍ ബന്ദിയാക്കിയ സലേഷ്യന്‍ മിഷനറി ഫാ.ടോമിനെ കാണാനും  സംസാരിക്കാനും അദ്ദേഹം താല്‍പര്യപ്പെട്ടതനുസരിച്ചാണു റോമിലെ മാര്‍ക്കസ് എക്‌ളിസിയെ ആശ്രമത്തില്‍ വിശ്രമജീവിതം  നയിക്കുന്ന ബനഡിക്ട് പതിനാറാമനെ സന്ദര്‍ശിക്കുന്നത്.  സലേഷ്യന്‍ സഭാധികാരികളും ഫാ.ടോം ഉഴുന്നാലിലിനൊപ്പമുണ്ടാകും. ബംഗളൂരുവില്‍ താമസിക്കുന്ന ജ്യേഷ്ഠന്‍ മാത്യു ഉഴുന്നാലിലുമായി ഇന്നലെ ഫാ.ടോം ഫോണില്‍ സംസാരിച്ചു.

ഇറ്റലിയിലെ ഇന്‍ഡ്യന്‍ അംബാസിഡര്‍ സലേഷ്യന്‍ ആസ്ഥാനത്തെത്തി ഫാ.ടോമിന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തയാറാക്കുന്ന  നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഫാ.ടോം 27ന് പുറപ്പെട്ട് 28ന് രാവിലെ ഡല്‍ഹിയിലെത്തും. തുടര്‍ന്ന് ഒക്‌ലയിലെ സലേഷ്യന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്കും പോകും. വിദേശകാര്യമന്ത്രി  സുഷമസ്വരാജ് ഉള്‍പ്പെടെയുള്ളവരോട് അദ്ദേഹം നന്ദി അറിയിക്കും.

29നു രാവിലെ ഒന്‍പതിനു ബംഗളൂരുവില്‍ സലേഷ്യന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസിലേക്കു പോകും. അവിടെ ഏതാനും ദിവസം തങ്ങിയതിനുശേഷം കൊച്ചിയിലെത്തി വടുതലയിലെ സലേഷ്യന്‍ കേന്ദ്രത്തില്‍ വിശ്രമിക്കും. തുടര്‍ന്നു പാലാ രാമപുരത്തെ കുടുംബവസതിയിലെത്തുമെന്നു സലേഷ്യന്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഫാ.ടോമിന്റെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടതായി ഇറ്റലിയിലുള്ള അദ്ദേഹത്തിന്റെ പിതൃസഹോദരിപുത്രി തൊടുപുഴ സ്വദേശി ഡോ.റോസമ്മ പള്ളിക്കുന്നേല്‍ ദീപികയോടു പറഞ്ഞു. ശനിയാഴ്ചയും ഞായറാഴ്ചയും ഡോ.റോസമ്മ റോമിലെത്തി ഫാ.ടോമുമായി ദീര്‍ഘമായി സംസാരിച്ചിരുന്നു. പ്രമേഹവും പ്രഷറും നിയന്ത്രിക്കാനായിട്ടുണ്ട്.  നാട്ടിലെത്തി ബന്ധുക്കളെയും സഭാധികാരികളെയും  കാണാന്‍ അച്ചന്‍ ഏറെ ആഗ്രഹിക്കുന്നതായി റോസമ്മ പറഞ്ഞു.

Comments

comments

Powered by Facebook Comments