സത്‌നാ സെമിനാരി രജത ജൂബിലി നിറവില്‍

0
72

സത്‌നാ : മധ്യപ്രദേശിലെ സത്‌നായില്‍ പ്രവര്‍ത്തിക്കുന്ന  സീറോ മലബാര്‍ സഭയുടെ ഓദ്യോഗിക മിഷന്‍ മേജര്‍ സെമിനാരിയായ  സെന്റ് എഫ്രേംസ് തിയളോജിക്കല്‍  സെമിനാരി അതിന്റെ സെമിനാരി രജത ജൂബിലി ആഘോഷിക്കുന്നു. സെമിനാരിയില്‍ ഒക്‌ടോബര്‍ നാലാം തീയതി ചേരുന്ന  ജൂബിലി സമാപന സമ്മേളനത്തില്‍  സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യാതിഥി ആയിരിക്കും. സെമിനാരി കമ്മീഷന്‍ ചെയര്‍മാനും സത്‌നാ ബിഷപ്പുമായ മാര്‍ ജോസഫ് കൊടകല്ലില്‍, തലശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് ഞരളക്കാട്ട്, നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പ് ഡോ.എബ്രഹാം വിരുത്തിക്കുളങ്ങര, ജബല്‍പൂര്‍ ബിഷപ്പ് ഡോ.ജെറാള്‍ഡ് അല്‍മേഡ, സാഗര്‍ ബിഷപ്പ് മാര്‍ ആന്റണി ചിറയത്ത്, ഉജ്ജൈന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ മുതലായ  നിരവധി സഭാധ്യക്ഷന്‍മാരും മത-സാമൂഹ്യ-രാഷ്ട്രീയ  രംഗങ്ങളില്‍ നിന്നുള്ള പ്രമുഖ നേതാക്കളും  സംബന്ധിക്കും. സെമിനാരിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അഭ്യുദയകാംക്ഷികളുമടക്കം നിരവധിപേര്‍ എത്തിച്ചേരും.

സീറോ മലബാര്‍ സഭയിലെ വൈദിക വിദ്യാര്‍ത്ഥികള്‍ക്ക്  പൗരസ്ത്യ ആധ്യാത്മികതയിലും ഉത്തരേന്ത്യയിലെ മിഷന്‍ രംഗങ്ങളുടെ ഭാഷാ-സാംസ്‌കാരിക പശ്ചാത്തലത്തിലും പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ സത്‌നാ രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ എബ്രഹാം ഡി.മറ്റം 1992 ജൂലൈ മൂന്നിന് ആരംഭിച്ചതാണ് സത്‌നാ സെമിനാരി. ഇരുപത്തിരണ്ട് ബാച്ചുകളിലായി 299 വൈദികര്‍ ഇവിടെ നിന്നു പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിവിധ രൂപതകളില്‍ നിന്നും സന്യാസ സമൂഹങ്ങളില്‍ നിന്നുമായി  68 വൈദിക വിദ്യാര്‍ത്ഥികള്‍ ഈ അധ്യയന വര്‍ഷത്തില്‍  ഇവിടെ പരിശീലനം നേടുന്നു. വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും അക്കൂട്ടത്തില്‍പ്പെടുന്നു.  സീറോ മലങ്കര സഭാംഗങ്ങളായ വൈദിക വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ഇവിടെ പരിശീലനം നേടുന്നുണ്ട്. നാലു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദൈവശാസ്ത്ര പരിശീലനമാണ് ഇവിടെ നല്‍കപ്പെടുന്നത്. സ്ഥിരാധ്യാപകരായ ആറു വൈദികര്‍ക്കു പുറമേ വൈദികരും സിസ്‌റ്റേഴ്‌സും അല്‍മായരും ഉള്‍പ്പെടുന്ന 25 സന്ദര്‍ശനാധ്യപകരും  ഇവിടെ അധ്യാപനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ജൂബിലി വര്‍ഷത്തില്‍ ഇരുപത്തിയഞ്ച്  നവ വൈദികര്‍ അഭിഷിക്തരാകും. സീറോ മലബാര്‍ സിനഡിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള  നാലാമത്തെയും കേരളത്തിനു  പുറത്തുള്ള  സഭയുടെ ഇത്തരത്തിലെ ആദ്യത്തേയും മേജര്‍ സെമിനാരി ആണ് ഇത്.

സത്‌നാ രൂപതയിലെ അജപാലന കേന്ദ്രമായ ‘ഏദേസ’യിലാണ് സെന്റ്  എഫ്രേംസ് തിയളോജിക്കല്‍ കോളേജ് എന്ന പേരില്‍  1992-ല്‍ സെമിനാരി ആരംഭിച്ചത്. ഫാ.ആന്റണി പ്ലാക്കല്‍ വി.സി.പ്രഥമ റെക്ടര്‍ ആയി  നിയമിതനായി. നാലു രൂപതകളില്‍ നിന്നു മൂന്നു സന്യാസ സഭകളില്‍ നിന്നുമായി  19 വൈദിക വിദ്യാര്‍ത്ഥികളാണ് ആദ്യ ബാച്ചില്‍ ഉണ്ടായിരുന്നത്. സെമിനാരിയുടെ ഉപദേശകസമിതിയില്‍ മാര്‍ എബ്രഹാം ഡി.മറ്റം(സത്‌നാ), മാര്‍ ജോണ്‍ പെരുമറ്റം (ഉജ്ജൈന്‍), മാര്‍ ഡൊമിനിക്  കോക്കാട്ട് (ഗോരഖ്പൂര്‍), വിന്‍സെഷ്യന്‍ സഭയുടെ സെന്റ് തോമസ്  വൈസ് പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ.മാത്യു വാണിയകിഴക്കേല്‍  എന്നിവര്‍ അംഗങ്ങളായിരുന്നു.

മാര്‍ എബ്രഹാം ഡി.മറ്റത്തിനു ശേഷം സത്‌നാരൂപതയുടെ അധ്യക്ഷനായ മാര്‍ മാത്യു വാണിയകിഴക്കേല്‍ സെമിനാരിയുടെ സര്‍വതോന്‍മുഖമായ വളര്‍ച്ചയ്ക്ക്  എല്ലാ പ്രോത്സാഹനവും നല്‍കി.  പ്രഥമ റെക്ടറായ ഫാ.ആന്റണി  പ്ലാക്കലിനു ശേഷം ഫാ.ജോസഫ് മുണ്ടകത്തില്‍, ഫാ.ജോസഫ് മലേപ്പറമ്പില്‍, ഫാ.തോമസ് ആനിക്കുഴിക്കാട്ടില്‍ , ഫാ.ജോസ് കൂടപ്പുഴ, ഫാ.തോമസ് കൊച്ചുതറ  എന്നിവര്‍ റെക്ടര്‍മാരായി സെമിനാരിയെ നയിച്ചു.  2015 മുതല്‍ ഫാ.ജോസഫ്  ഒറ്റപ്പുരക്കല്‍ ആണ് റെക്ടര്‍.

2005 ജൂണ്‍ ഒമ്പതിനു സെമിനാരി കോട്ടയം വടവാതൂരിലെ പൗരസ്ത്യ വിദ്യാപീഠവുമായി അഫിലിയേറ്റു ചെയ്യപ്പെട്ടു. അതിനുശേഷം ഇവിടെ പരിശീലനം പൂര്‍ത്തിയാക്കുന്ന വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് ദൈവശാസ്ത്രത്തില്‍ ബിരുദം നല്‍കപ്പെടുന്നു.

ഒരു രൂപത മേജര്‍ സെമിനാരിയായിരുന്ന സത്‌നാ സെന്റ് എഫ്രേംസ് തിയളോജിക്കല്‍ സെമിനാരിയെ 2014 ജനുവരിയില്‍  നടന്ന സീറോ മലബാര്‍ സിനഡ് സഭയുടെ  പൊതുവായ മിഷന്‍ മേജര്‍ സെമിനാരിയായി ഏറ്റെടുത്തു. സീറോ മലബാര്‍ സഭയുടെ വടക്കേ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്  കരുത്തുപകരാന്‍ മിഷന്‍ ചൈതന്യത്തിലൂന്നിയ വൈദിക പരിശീലനം ആവശ്യമാണെന്ന സിനഡിന്റെ  ബോധ്യമായിരുന്നു ഈ തീരുമാനത്തിന് പിന്നില്‍.

2014 മാര്‍ച്ച് 29ന് സെമിനാരിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. അതിനുശേഷം ഇപ്പോള്‍ മാര്‍ ജോസ്ഫ് കൊടകല്ലില്‍ (ചെയര്‍മാന്‍), മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ റാഫേല്‍ തട്ടില്‍ എന്നിവര്‍ അംഗങ്ങളായുള്ള ഒരു മെത്രാന്‍ സമിതി ആണ് സെമിനാരിയുടെ ചുമതല വഹിക്കുന്നത്.

വടക്കേ ഇന്ത്യയിലെ മിഷന്‍ ഭൂമികയില്‍ സമൂഹത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ തൊട്ടറിഞ്ഞുള്ള ഒരു പരിശീലനമാണ്  ഈ സെമിനാരി ഒരുക്കുന്നത്.

പതിവായുള്ള ഗ്രാമസന്ദര്‍ശനങ്ങളും  രണ്ടാഴ്ചക്കാലം ഗ്രാമീണരോടൊപ്പമുള്ള വാസവുമൊക്കെ വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് ചെറുതല്ലാത്ത അനുഭവ സമ്പത്ത് നല്‍കുന്നു. ‘എഫ്രേംസ് തിയളോജിക്കല്‍ ജേര്‍ണല്‍’ എന്ന ദൈവശാസ്ത്ര മാസിക കൂടാതെ ‘ എഫ്രേംസ് പബ്ലിക്കേഷന്‍സ് ‘ എന്ന പ്രസിദ്ധീകരണ വിഭാഗവും സെമിനാരിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Comments

comments

Powered by Facebook Comments