ധീരരക്തസാക്ഷിയുടെ ഓര്‍മ്മകളില്‍ നിറഞ്ഞ് ഇന്‍ഡോര്‍

0
39

ഇന്‍ഡോര്‍ : ഭാരതസഭയുടെ പ്രാര്‍ത്ഥനാ വഴികളെല്ലാം ഇന്ന് ഇന്‍ഡോറിലേക്ക്. കൃതജ്ഞതയുടെ ഈ പകലില്‍ ഭാരതസഭയിലെ ആദ്യത്തെ വനിത രക്തസാക്ഷി, സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍.

ഇന്‍ഡോര്‍ സെന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലൊരുക്കുന്ന വേദിയില്‍ രാവിലെ പത്തിനാണു വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവി പ്രഖ്യാപനം. വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ഡോ.ആഞ്ചലോ അമാത്തോയുടെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയില്‍ ഗ്ലോറിയയ്ക്കു മുന്‍പായാണു പ്രഖ്യാപനശുശ്രൂഷ നടക്കുക. സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കല്പന, കര്‍ദ്ദിനാള്‍ ഡോ.ആഞ്ചലോ അമാത്തോ ലത്തീനിലും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇംഗ്ലീഷിലും വായിക്കും. മാര്‍പ്പാപ്പയുടെ പ്രഖ്യാപനം റാഞ്ചി ആര്‍ച്ച് ബിഷപ്പ് ഡോ.ടെലസ്‌ഫോര്‍ ടോപ്പോ ഹിന്ദിയില്‍ പരിഭാഷപ്പെടുത്തും. തുടര്‍ന്നു വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ ശില്‍പ്പം, തിരുശേഷിപ്പ്, ഛായാചിത്രം എന്നിവയേന്തി അള്‍ത്താരയിലേക്കു പ്രദക്ഷിണം.

സിബിസിഐ പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ, ബോംബെ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഡോ.ഓസ്വാര്‍ഡ് ഗ്രേഷ്യസ്, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഡോ.ജാംബത്തിസ്ത ദിക്വാത്രോ, ഇന്‍ഡോര്‍ ബിഷപ്പ് ഡോ.തിയഡോര്‍ മസ്‌കരനാസ് എന്നിവരുള്‍പ്പെടെ രാജ്യത്തും പുറത്തും നിന്നുമായി അന്‍പതോളം മെത്രാന്‍മാര്‍ ശുശ്രൂഷകളില്‍ സഹകാര്‍മികരാകും.

പ്രാര്‍ത്ഥനാ നൃത്തത്തോടെയാണു മുഖ്യകാര്‍മികനെയും സഹകാര്‍മികരെയും വേദിയിലേക്ക് ആനയിക്കുന്നത്. പ്രദക്ഷിണം, വിശുദ്ധഗ്രന്ഥ വായനകള്‍, കാഴ്ചസമര്‍പ്പണം, പ്രാര്‍ത്ഥനകള്‍ എന്നിവയില്‍ കേരളത്തിലെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ലോക്‌സഭാ സ്പീക്കറും ഇന്‍ഡോര്‍ എംപിയുമായ സുമിത്ര മഹാജന്‍ തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, മതരംഗങ്ങളിലെ പ്രമുഖര്‍ പ്രസംഗിക്കും.

മാര്‍ത്തോമ്മാശ്ലീഹ, ഗോണ്‍സാലിയോ ഗാര്‍സിയ, വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള എന്നിവരാണു ഭാരതസഭയിലെ മറ്റു രക്തസാക്ഷികള്‍.

ഫ്രാന്‍സിസ്‌ക ക്ലാരിറ്റസ് കോണ്‍ഗ്രിഗേഷന്‍ (എഫ്‌സിസി) സന്യാസിനീ സമൂഹാംഗമായ സിസ്റ്റര്‍ റാണി മരിയ മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഉദയ്‌നഗര്‍ കേന്ദ്രീകരിച്ചാണു സേവനം ചെയ്തിരുന്നത്.
1995 ഫെബ്രുവരി 25നു ഇന്‍ഡോര്‍ ഉദയ്‌നഗര്‍ റൂട്ടില്‍ ബസ് യാത്രക്കിടെ വാടകക്കൊലയാളിയായ സമന്ദര്‍ സിംഗിന്റെ കത്തിക്കിരയായി സിസ്റ്റര്‍ റാണി മരിയ ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു.

Comments

comments

Powered by Facebook Comments