ഉദയ്‌നഗര്‍ പള്ളി വാഴ്ത്തപ്പെട്ട റാണി മരിയയുടെ പേരിലുള്ള ആദ്യ ദേവാലയം

0
39

ഇന്‍ഡോര്‍ (മധ്യപ്രദേശ്) : വാഴ്ത്തപ്പെട്ട രക്തസാക്ഷി റാണി മരിയയുടെ പേരില്‍ ആദ്യത്തെ ദേവാലയം ഇന്‍ഡോര്‍ രൂപതയിലെ ഉദയ്‌നഗറില്‍. റാണി മരിയയുടെ കബറിടം സ്ഥിതിചെയ്യുന്ന ഉദയ്‌നഗര്‍ സേക്രഡ് ഹാര്‍ട്ട് പള്ളി ഇനി വാഴ്ത്തപ്പെട്ട റാണി മരിയ  ചര്‍ച്ച് എന്നറിയപ്പെടും.

പള്ളിയുടെ പുനര്‍നാമകരണം സംബന്ധിച്ച വിവരങ്ങള്‍ രൂപതയുടെ വിവിധ കൗണ്‍സിലുകളില്‍ അവതരിപ്പിച്ചശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഇന്‍ഡോര്‍ ബിഷപ് ഡോ.ചാക്കോ തോട്ടുമാരിക്കന്‍ പറഞ്ഞു. വാഴ്ത്തപ്പെട്ട റാണി മരിയയുടെ ആദ്യ തിരുനാളാഘോഷത്തിനു മുന്നോടിയായി ദേവാലയത്തിന്റെ പുനര്‍നാമകരണം ഔദ്യോഗികമായി നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ബിജ്‌നോര്‍, സത്‌ന, ഇന്‍ഡോര്‍ രൂപതകളില്‍ പ്രേഷിതശുശ്രൂഷ ചെയ്ത സിസ്റ്റര്‍ റാണി മരിയ ഉദയ്‌നഗര്‍ കേന്ദ്രീകരിച്ചാണ് അവസാനകാലത്തു സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ദേവാസ് ജില്ലയില്‍ ഉള്‍പ്പെട്ട ഉദയ്‌നഗറും ജനങ്ങളും സിസ്റ്ററുടെ നേതൃത്വത്തില്‍ നടന്ന സന്നദ്ധപ്രവര്‍ത്തനങ്ങളിലൂടെ പുരോഗതി പ്രാപിച്ചു. 1995 ഫെബ്രുവരി 25ന് ഉദയ്‌നഗര്‍-ഇന്‍ഡോര്‍ റൂട്ടിലെ നച്ചാംപൂരിലാണു റാണി മരിയ കൊല്ലപ്പെട്ടത്.

ബസ് യാത്രക്കിടെ സമുന്ദര്‍സിംഗ് എന്ന വാടകക്കൊലയാളി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഉദയ്‌നഗര്‍ സ്വദേശിയായ ഇയാള്‍ ജയില്‍വാസത്തിനും മാനസാന്തരത്തിനുംശേഷം ഉദയ്‌നഗറില്‍ തന്നെ താമസിക്കുന്നുണ്ട്. ഉദയ്‌നഗറില്‍ നിന്നു പത്തൊന്‍പതു കിലോമീറ്ററാണു നച്ചാംപൂരിലേക്കുള്ള ദൂരം. ഇന്‍ഡോറിലേക്കു നാല്‍പതുകിലോമീറ്റര്‍.

ഉദയ്‌നഗര്‍ പള്ളിക്കു മുന്‍പിലെ ചാപ്പലിലായിരുന്നു റാണി മരിയയുടെ കബറിടം ഇപ്പോള്‍ പള്ളിയുടെ അകത്താണ്. നാമകരണ നടപടികളുടെ ഭാഗമായി 2016-ലാണു ഭൗതികാവശിഷ്ടങ്ങള്‍ പള്ളിയിലേക്കു മാറ്റി സ്ഥാപിച്ചത്. പള്ളിയോടു ചേര്‍ന്നു റാണി മരിയ ഫോട്ടോ ഗാലറിയും നിര്‍മിച്ചിട്ടുണ്ട്.

മ്യൂസിയം ഉള്‍പ്പെടുന്ന റാണി മരിയ ആശ്രമം, റാണി മരിയ താമസിച്ചിരുന്ന  സ്‌നേഹസദന്‍ മഠം എന്നിവയും പള്ളിയുടെ സമീപത്താണ്. ശാന്തിസദന്‍ എന്നും അറിയപ്പെടുന്ന ഈ പള്ളി ഇതിനകം ഇന്‍ഡോര്‍ രൂപതയിലെ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഫെബ്രുവരി 25നാണു വാഴ്ത്തപ്പെട്ട റാണി മരിയയുടെ തിരുനാള്‍ദിനമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചിട്ടുള്ളത്. 2018-ല്‍ ആ ദിവസം ഞായറായതിനാല്‍ 24-ാനാകും ആഘോഷിക്കുക. വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ മാധ്യസ്ഥം യാചിക്കുന്ന നൊവേനയും തയാറാക്കുന്നുണ്ട്. അള്‍ത്താരയുടെ വശത്തു റാണി മരിയയുടെ പൂര്‍ണകായ ശില്പം സ്ഥാപിക്കും.

റാണി മരിയയുടെ ജന്‍മനാടായ പുല്ലുവഴി സെന്റ് തോമസ് പള്ളിയില്‍ വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിക്കും. രൂപത മെത്രാന്റെ അനുമതിയോടെ ദേവാലയങ്ങളില്‍ തിരുശേഷിപ്പ് പ്രതിഷ്ഠയും നൊവേനയും നടത്താനാകും.

Comments

comments

Powered by Facebook Comments