ജോണ്‍പോള്‍ ഒന്നാമന്‍ ഇനി ധന്യന്‍

0
26

വത്തിക്കാന്‍ സിറ്റി : ജോണ്‍പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പയെ ധന്യരുടെ പട്ടികയിലേക്ക്  ഉയര്‍ത്തുന്നു. ഇതിനുള്ള  ഡിക്രി പുറപ്പെടുവിക്കാന്‍ വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള  തിരുസംഘത്തിനു ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുമതി നല്‍കി.

മുപ്പത്തിമൂന്നു ദിവസം മാത്രം മാര്‍പ്പാപ്പ പദവി വഹിച്ച ജോണ്‍പോള്‍ ഒന്നാമന്‍ പുഞ്ചിരിക്കുന്ന പാപ്പ എന്നാണറിയപ്പെട്ടിരുന്നത്. പോള്‍ ആറാമന്‍ മാര്‍പ്പാപ്പയുടെ നിര്യാണത്തെത്തുടര്‍ന്ന് 1978 ഓഗസ്റ്റ് 26ന് കര്‍ദ്ദിനാള്‍ ആല്‍ബിനോ ലുചിയാനിയെ കര്‍ദ്ദിനാള്‍മാരുടെ കോണ്‍ക്ലേവ് മാര്‍പ്പാപ്പ സ്ഥാനത്തേക്കു തെരഞ്ഞെടുക്കുകയായിരുന്നു. തൊട്ടു മുന്‍പുള്ള  രണ്ടു മാര്‍പ്പാപ്പമാരുടെ പേരു ചേര്‍ത്തു ജോണ്‍പോള്‍ എന്ന നാമധേയം അദ്ദേഹം സ്വീകരിച്ചു. ഇരട്ടപ്പേര്  സ്വീകരിച്ച  ആദ്യ മാര്‍പ്പാപ്പയാണദ്ദേഹം. സ്ഥാനാരോഹണത്തില്‍ ആര്‍ഭാടചടങ്ങുകള്‍  ഒഴിവാക്കി  ശ്രദ്ധേയനായി. കാനന്‍ നിയമപരിഷ്‌കാരമടക്കം നിരവധി കാര്യങ്ങള്‍ക്കു തുടക്കമിടാന്‍  കുറഞ്ഞ കാലംകൊണ്ട് അദ്ദേഹം കഴിഞ്ഞു.  സെപ്റ്റംബര്‍ 28ന് ഉറക്കത്തിലായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം.

വടക്കന്‍ ഇറ്റലിയിലെ വെനേറ്റോ  പ്രവിശ്യയില്‍ 1912 ഒക്‌ടോബര്‍ 17നു ജനിച്ച ആല്‍ബിനോ ലുചിയാനി 1958 ല്‍ മെത്രാനായി. 1969-ല്‍ വെനീസിലെ പാത്രിയര്‍ക്കീസായി ഉയര്‍ത്തപ്പെട്ടു. 1973-ല്‍ കര്‍ദ്ദിനാള്‍ ആയി.

Comments

comments

Powered by Facebook Comments