കത്തോലിക്കാ സഭ പകരുന്നതു കരുണയുടെ ലേപനം : മാര്‍പാപ്പ

0
33

വത്തിക്കാന്‍ : ഉറപ്പായും വിശ്വാസം അര്‍പ്പിക്കാവുന്ന ‘ദിശാസൂചി’ ആണു ക്രൂശിതനായ യേശുക്രിസ്തു എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അയല്‍ക്കാരന്റെ ഹൃദയത്തിലേക്കും ദൈവത്തിങ്കലേക്കുമുള്ള ആത്മീയമായ ‘ജിപിഎസ്’ ആണ് കുരിശ് എന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. എല്ലാ മുറിവുകളും സുഖപ്പെടുത്താന്‍ കുരിശിന് കഴിയും. യേശുവിന്റെ മുറിവുകളില്‍  എല്ലാ സുഖപ്പെടുത്തലിനും വഴി കണ്ടെത്താനുള്ള വിവേകമാണ് വേണ്ടതെന്ന് മാര്‍പാപ്പ പറഞ്ഞു.

മുറിവുണക്കുന്ന ദൈവത്തിന്റെ കരുണയുടെ ലേപനം മറ്റുള്ളവര്‍ക്കു പകരുകയാണ് കത്തോലിക്കാ സഭ ചെയ്യുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. ദാരിദ്രത്തിനും പ്രയാസങ്ങള്‍ക്കും ഇടയില്‍ പാവങ്ങള്‍ക്കും ദുരിതം അനുഭവിക്കുന്നവര്‍ക്കും ഒപ്പം നില്‍ക്കാന്‍ മ്യാന്‍മറിലെ ന്യൂനപക്ഷ കത്തോലിക്കാ സമൂഹം തയാറാകുന്നതിനെ മാര്‍പാപ്പ അഭിനന്ദിച്ചു.

മ്യാന്‍മറിലെ യാംഗൂണ്‍ നഗരത്തിലുള്ള കയിക്കാസന്‍ മൈതാനിയില്‍  ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ദിവ്യബലിയില്‍  മധ്യേ സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. പോപ്പ് മൊബീലില്‍ ജനക്കൂട്ടത്തിനിടയിലൂടെ സഞ്ചരിച്ച്  ആശീര്‍വാദം നല്‍കിയ മാര്‍പാപ്പയെ അടുത്തുകണ്ട ജനക്കൂട്ടം ആഹ്ലാദത്തോടെ കൊടികള്‍  വീശി ‘വിവി ഇന്‍ പാപ്പ’ വിളിച്ചു. കര്‍ദ്ദിനാള്‍ ചാള്‍സ് മോംഗ് ബോയും മ്യാന്‍മറിലെ മുഴുവന്‍ മെത്രാന്‍മാരും  ദിവ്യബലിയില്‍ പങ്കെടുത്തു.

പ്രതികാരത്തിലൂടെയും അരിശത്തിലൂടെയും തങ്ങള്‍ക്കേറ്റ മുറിവുകളോട് പ്രതികരിക്കാമെന്ന കാഴ്ചപ്പാട് തീര്‍ത്തും തെറ്റാണെന്നു മാര്‍പാപ്പ പറഞ്ഞു. യേശുവിന്റെ വഴി അതല്ല. വളരെ വ്യത്യസ്തമാണത്. സ്വന്തം മുറിവുകളിലൂടെയാണ് യേശു നമുക്ക് ആശ്വാസം പകര്‍ന്നത്. മുറിവുകളിലും സുഖപ്പെടുത്തല്‍ കണ്ടെത്താനാകണം.

മ്യാന്‍മര്‍ ജനതയ്ക്ക് കാണാവുന്നതും അല്ലാത്തതുമായ ഏറെ മുറിവുകളുണ്ട്. അവയോട് വൈരാഗ്യബുദ്ധിയോ, രോഷമോ അല്ല വേണ്ടത്. സമാധാനത്തിന്റെ, സ്‌നേഹത്തിന്റെ, അനുരഞ്ജനത്തിന്റെ പാതയിലൂടെ വേണം മുന്നോട്ടു പോകാന്‍. സഹോദരങ്ങളോട് കരുണയോടെ പ്രവര്‍ത്തിക്കാനാകണം – മാര്‍പാപ്പ പറഞ്ഞു.

വളരെ വലിയ പ്രയാസങ്ങള്‍ക്കിടയിലും മ്യാന്‍മറിലെ കത്തോലിക്കാ സഭയുടെ വിശ്വാസം പരിപാലിക്കാനും മതമോ വംശമോ നോക്കാതെ സഹജീവികളെ സഹായിക്കാനും ശ്രമിക്കുന്നതിനെ മാര്‍പാപ്പ അഭിനന്ദിച്ചു. ജീവിതത്തില്‍ പലപ്പോഴും  തിരസ്‌കരണങ്ങളും തടസ്സങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വരും. യേശുവിന്റെ ജീവിതത്തിലും  ഇതെല്ലാം നേരിട്ടു. ഈ ലോകത്തിന്റെ വിവേകത്തിനുമേല്‍ വിജയം വരിക്കാന്‍ ദൈവീകമായ അരൂപിയിലുള്ള വിവേകത്തിനു കഴിയും. ഏറ്റവും വേദനയുള്ള മുറിവുകളില്‍ പോലും ആശ്വാസവും കരുണയും നല്‍കാന്‍ യേശുവിനെപ്പോലെ നമുക്കും പരിശുദ്ധാത്മാവിന്റെ കൃപയാല്‍ കഴിയും. ദൈവത്തിന്റെ നിഗൂഡതകളെക്കുറിച്ചുള്ള അന്തിമമായ വ്യാഖ്യാതാവാണ്  യേശുക്രിസ്തുവെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ വിശദീകരിച്ചു.

Comments

comments

Powered by Facebook Comments