യാംഗൂണില്‍ മാര്‍പാപ്പയുടെ ദിവ്യബലിക്ക് ജനലക്ഷങ്ങള്‍

0
34

യാംഗൂണ്‍ : മലയാളികളും നൂറു കണക്കിന് തമിഴ്, തെലുങ്ക് വംശജരും അടക്കം മ്യാന്‍മറിലെ വിദൂര പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ വരെ ലക്ഷക്കണക്കിന് ആളുകളാണ്  ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യാംഗൂണിലെ ഇന്നത്തെ ദിവ്യബലിയില്‍ പങ്കെടുത്തത്. ഓസ്‌ട്രേലിയ, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, കംബോഡിയ, ലാവോസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നൂറുകണക്കിനാളുകള്‍ ദിവ്യബലിക്കെത്തി.

മാര്‍പാപ്പ തങ്ങളുടെ രാജ്യത്തു വരണമെന്ന്  വര്‍ഷങ്ങളായി ആഗ്രഹിച്ചിരുന്നെങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പ എത്തിയെന്നത് എത്ര സന്തോഷിച്ചാലും മതിയാകാത്ത കാര്യമാണെന്ന് ഇന്ത്യന്‍ വംശജനും മലയാളം കൈവിടാത്തയാളുമായ ജോര്‍ജ്ജ് തോമസ് പറഞ്ഞു. കത്തോലിക്കാ സഭയുടെ തലവനായ മാര്‍പാപ്പയെ ഒരു നോക്കു കാണാനായി  രാത്രി മുതല്‍ തന്നെ ജനങ്ങള്‍ മൈതാനത്തിലെത്തി  കാത്തുകിടന്നു. ദിവ്യബലിക്കെത്തിയ ആളുകള്‍ക്ക് സൗജന്യ ഭക്ഷണപ്പൊതികളും വെള്ളവും സന്നദ്ധ,അല്മായ സംഘടനകളും വിവിധ രൂപതകളും ചേര്‍ന്ന് നല്‍കി.

തങ്ങളുടെ പിതാവിന്റെ പിന്‍തലമുറക്കാരായ ഏതാനും പേര്‍ മ്യാന്‍മറിലേക്ക് കുടിയേറിയതാണെന്നും ജനിച്ചതും വളര്‍ന്നതും  മ്യാന്‍മറിലാണെങ്കിലും മലയാള ഭാഷയും സംസ്‌കാരവും  കൈവിട്ടിട്ടില്ലെന്ന് കുര്‍ബാനയ്‌ക്കെത്തിയ കോട്ടയം സ്വദേശിയായ മൈക്കിളിന്റെ മകന്‍ ഫ്രാന്‍സിസ് പറഞ്ഞു. നിരവധി തമിഴ്, തെലുങ്ക് കുടുംബങ്ങളും മ്യാന്‍മറിലുണ്ട്. ഇവരെല്ലാം ക്രൈസ്തവ വിശ്വാസം കൈവിടാതെ കാത്തു പരിപാലിക്കുന്നുണ്ടെന്ന് മൈക്കിളും ഒപ്പമുണ്ടായിരുന്ന  തമിഴരായ പോള്‍ ആന്റണിയും  ജസ്റ്റിന്‍ ഫെര്‍ണാണ്ടസും  പറഞ്ഞു. ഇന്ത്യന്‍ വംശജരില്‍ തമിഴരും തെലുങ്കരുമാണ് കൂടുതല്‍. മലയാളികള്‍ കുറവാണ്.

മ്യാന്‍മറില്‍ ജനിച്ചു വളര്‍ന്ന പല ഇന്ത്യന്‍ വംശജരും ജോലി തേടി ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ആഫ്രിക്ക തുടങ്ങിയ  പല രാജ്യങ്ങളിലേക്കും പിന്നീട് കുടിയേറിയിരുന്നു. ഇന്ത്യയില്‍ നിന്ന് പഴയ ബര്‍മ്മയിലേക്ക് ആദ്യമെത്തിയവരില്‍ പലരും ദക്ഷിണേന്ത്യയില്‍ നിന്നുള്ള ക്രൈസ്തവരുമായിരുന്നു. ഇവരുടെ പിന്തുടര്‍ച്ചക്കാരും പുതിയ തലമുറയിലെ ആളുകളുമെല്ലാം  വിവിധ രാജ്യങ്ങളില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനായി യാംഗൂണിലേത്തിയിട്ടുണ്ട്. ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഏറ്റവും സന്തോഷം നിറഞ്ഞ  അനുഭവമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ തൊട്ടടുത്ത് കാണാനായതെന്ന് മേരി യേശുദാസ് പറഞ്ഞു.

Comments

comments

Powered by Facebook Comments