മാര്‍പാപ്പയ്ക്ക് ബംഗ്ലാദേശില്‍ ഉജ്ജ്വല വരവേല്‍പ്പ്

0
29

ബംഗ്ലാദേശ് :നയതന്ത്ര തലത്തിലും കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടിലും വന്‍വിജയമായ പ്രഥമ മ്യാന്‍മര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷം മൂന്നു ദിവസത്തെ അപ്പസ്‌തോലിക സന്ദര്‍ശനത്തിന് ബംഗ്ലാദേശിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രൗഡഗംഭീരവും സ്‌നേഹോഷ്മളവുമായ വരവേല്‍പ്. ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദും  മന്ത്രിമാരും  അടക്കമുള്ളവര്‍ വിമാനത്താവളത്തിലെത്തി മാര്‍പാപ്പയെ നേരിട്ടു സ്വീകരിച്ചു. മാര്‍പാപ്പയുടെ ബഹുമാനാര്‍ത്ഥം വിമാനത്താവളത്തില് തന്നെ  ചുവന്ന പരവതാനി വിരിച്ച്  ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുകയും പരമ്പരാഗത നൃത്തം ഒരുക്കുകയും ചെയ്തിരുന്നു.

ബംഗ്ലാദേശിലെ വത്തിക്കാന്‍ നുണ്‍ഷ്യോയും മലയാളിയുമായ ആര്‍ച്ച് ബിഷപ് ഡോ.ജോര്‍ജ്ജ് കോച്ചേരിയാണ് വിമാനത്തില്‍ കയറിച്ചെന്ന് മാര്‍പാപ്പയെ ആദ്യം സ്വാഗതം ചെയ്തത്.  വിമാനത്താവളത്തിലും നഗരവീഥികളിലും പേപ്പല്‍ പതാകകളും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രമുള്ള  ഫോട്ടോകളും ‘വെല്‍കം ടു ഹിസ് ഹോളിനെസ് പോപ്പ് ഫ്രാന്‍സിസ്’  എന്നെഴുതിയ വലിയ ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു.

യാംഗൂണില്‍ നിന്ന് ബംഗ്ലാദേശിന്റെ വിമാനമായ ബിമാനില്‍ ഉച്ചകഴിഞ്ഞ് 2.45ന് ധാക്കയിലെത്തിയ മാര്‍പാപ്പയും സംഘവും ഇന്നലെ ആദ്യം ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനു വഴിതെളിച്ച 1971-ലെ യുദ്ധത്തില്‍ മരിച്ചവരുടെ സ്മാരകമാണ് സന്ദര്‍ശിച്ചത്. തലസ്ഥാനമായ ധാക്കയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ സവറിലാണ് ബംഗ്ലാദേശിന്റെ ദേശീയ രക്തസാക്ഷി സ്മാരകം.

തിരിച്ച് ധാക്കയിലെത്തിയ മാര്‍പാപ്പ ബംഗബന്ധു സ്മാരക മ്യൂസിയത്തിലെത്തി രാഷ്ട്രപിതാവ് ഷേക്ക് മുജിബൂര്‍ റഹ്മാന് ആദരം അര്‍പ്പിച്ചു. തുടര്‍ന്ന് പ്രസിഡന്റ് അബദുള്‍ ഹമീദുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. വൈകുന്നേരം ആറിന് രാഷ്ട്രപതി ഭവനില്‍ ബംഗ്ലാദേശ് സര്‍ക്കാരിലെ പ്രധാനികളും പൗരപ്രമുഖരും നയതന്ത്രജ്ഞരുടെയും സമ്മേളനത്തില്‍ പ്രസംഗിച്ച ശേഷമാണ് മാര്‍പാപ്പ ഇന്നലത്തെ ഔദ്യോഗിക പരിപാടികള്‍ അവസാനിപ്പിച്ചത്.

ഇന്നു രാവിലെ പത്തിന് ധാക്കയിലെ സുഹറാവര്‍ധി മൈതാനിയില്‍ ബംഗ്ലാദേശിലെ കത്തോലിക്കര്‍ക്കായി മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കും.

തുടര്‍ന്ന് ധാക്കയിലെ കക്രെയിലിലുള്ള സെന്റ് മേരീസ് കത്തീഡ്രല്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് ആര്‍ച്ചബിഷപ്‌സ് ഹൗസില്‍ ബംഗ്ലാദേശിലെ മെത്രാന്‍മാരുമായി  പ്രത്യേക കൂടിക്കാഴ്ച നടത്തും. വൈകിട്ട് വിവിധ മതനേതാക്കള്‍ പങ്കെടുക്കുന്ന മതാന്തര-എക്യുമെനിക്കല്‍ സമ്മേളനത്തില്‍ മാര്‍പാപ്പ പ്രസംഗിക്കും. വിശുദ്ധ മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ പാവങ്ങള്‍ക്കായുള്ള ഭവനങ്ങള്‍ സന്ദര്‍ശിക്കും.

Comments

comments

Powered by Facebook Comments