അണ്വായുധങ്ങള്‍ അധാര്‍മികവും യുക്തിരഹിതവും : ഫ്രാന്‍സിസ് മാര്‍പാപ്പ

0
34

വത്തിക്കാന്‍ : അണ്വായുധങ്ങള്‍ അധാര്‍മികവും യുക്തിരഹിതവുമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. അണ്വായുധങ്ങളുടെ ധാര്‍മികവും പ്രായോഗികവുമായ പരിധി കഴിഞ്ഞു. ഒരു തിരിച്ചുപോക്ക് അനിവാര്യമാണ്. ഇന്നത്തെ അത്യാധുനിക ആണവായുധങ്ങള്‍ മനുഷ്യരാശിയുടെ നാശത്തിനോ അല്ലെങ്കില്‍ അതിന്റെ വലിയൊരു വിഭാഗത്തിന്റെ നാശത്തിനോ വഴി തെളിക്കുമെന്ന അപകടസാധ്യത മുന്നിലുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

മ്യാന്‍മറിലും ബംഗ്ലാദേശിലും ആറു ദിവസത്തെ അപ്പസ്‌തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ധാക്കയില്‍ നിന്നും റോമിലേക്കു മടങ്ങുമ്പോള്‍ പ്രത്യേക വിമാനത്തില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് മാര്‍പാപ്പ ആണവായുധങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്.

ഫ്രാന്‍സിസ് മാര്‍പാപ്പ – എന്താണു മാറ്റം? യുക്തിരാഹിത്യമാണ് കൂടി വരുന്നത്. കഴിഞ്ഞ 34 വര്‍ഷങ്ങള്‍ക്കിടെ ആണവമേഖലയില്‍ നാം എല്ലാ പരിധികളും പലതവണ ലംഘിച്ചു. വര്‍ഷങ്ങള്‍ ഓര്‍മ്മയുണ്ടോ? 1982, 92, 2002, 2012….ഇന്ന് നാം പരമാവധി പരിധിയിലെത്തി. ഇതേക്കുറിച്ച് ചര്‍ച്ചയാകാം. പക്ഷേ ഇതെന്റെ അഭിപ്രായമാണ്. ഉറച്ച അഭിപ്രായമാണ്, അണ്വായുധങ്ങളുടെ ശേഖരണത്തിലും ഉപയോഗത്തിലും നിയമാനുസൃതമായ പരമാവധിയിലാണ് നാം. കാരണം, ഇപ്പോഴത്തെ അത്യാധുനിക ആണവായുധങ്ങള്‍, മനുഷ്യരാശിയുടെ നാശത്തിലേക്കോ, അല്ലെങ്കില്‍  അതിന്റെ വലിയൊരു ശതമാനത്തിന്റെയോ നാശത്തിനുള്ള അപകടസാധ്യതയാണ് മുന്നില്‍.

അണ്വായുധങ്ങളുടെ വളര്‍ച്ചയും അതിന്റെ പ്രഹരശേഷിയിലെ വളര്‍ച്ചയും അതിലേറെ ക്രൂരതയുമാണ് പഴയതില്‍ നിന്നുള്ള വലിയ മാറ്റം. നിര്‍മിതികളെ തൊടാതെ മനുഷ്യരെയാകെ നശിപ്പിക്കാവുന്ന ശേഷിയാണ് ആണവായുധങ്ങള്‍ക്കുള്ളത്. നാം പരിധിയിലെത്തിക്കഴിഞ്ഞു. അതിനാല്‍ ഞാന്‍ എന്നോടു തന്നെ ചോദിച്ചു. മാര്‍പാപ്പയുടെ കല്പനയല്ല. പക്ഷേ ഒരു മാര്‍പാപ്പയെ ഉയര്‍ത്തുന്ന ചോദ്യമാണ്. അണ്വായുധങ്ങള്‍ നിയമാനുസൃതമായി സൂക്ഷിക്കണോ? അതോ സൃഷ്ടിയെ രക്ഷിക്കാനായി, മനുഷ്യരാശിയെ രക്ഷിക്കാനായി തിരിച്ചുപോകേണ്ടതില്ലേ?.

അറുപത്, എഴുപത് വര്‍ഷം മുന്‍പത്തെ ഹിരോഷിമയെക്കുറിച്ചും നാഗസാക്കിയെക്കുറിച്ചും നാം ചിന്തിക്കുന്നു. അതുപോലെ ആണവോര്‍ജ്ജത്തിന് എല്ലാ നിയന്ത്രണങ്ങളും ഉണ്ടാകുകയില്ല. യുക്രയിനിലെ സംഭവത്തെക്കുറിച്ച് ചിന്തിക്കുക. പിടിച്ചടക്കാനും നശിപ്പിക്കാനുമായി  അണ്വായുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് പുറകോട്ടു പോകേണ്ടതുണ്ട്. എല്ലാ പരിധികളും കഴിഞ്ഞിരിക്കുന്നു –  ഫ്രാന്‍സിസ് മാര്‍പാപ്പ തറപ്പിച്ചു പറഞ്ഞു.

ശീതയുദ്ധകാലത്ത് പ്രതിരോധത്തിനായുള്ള ആണവനയം സ്വീകാര്യമാണെന്നു ജോണ്‍പോള്‍ രണ്ടാമന്‍ മാരപാപ്പ പറഞ്ഞതിന് വിരുദ്ധമായി അണ്വായുധങ്ങള്‍ കൈവശം വയ്ക്കുന്നതിനെ ഫ്രാന്‍സിസ് മാര്‍പാപ്പ അപലപിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. നിലപാടുകളിലെ ഈ മാറ്റത്തിനു പ്രേരിപ്പിച്ചത്  എന്താണെന്ന ചോദ്യത്തിനു പ്രതികരണമായാണ് മാറ്റം അനിവാര്യമാണെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടിയത്.

മ്യാന്‍മറിലെ രോഹിംഗ്യരെ പീഡിപ്പിക്കുന്നതും തുരത്തിയോടിക്കുന്നതും അംഗീകരിക്കാനാകില്ലെന്നും അഭയാര്‍ത്ഥികളോട് മനുഷ്യത്വപരമായ സമീപനം അനിവാര്യമാണെന്നും മാര്‍പാപ്പ പറഞ്ഞു.  രോഹിംഗ്യന്‍ എന്ന വാക്ക്  ധാക്കയില്‍ എടുത്തു പറഞ്ഞതിനെ അദ്ദേഹം ന്യായീകരിച്ചു. ആദ്യമായല്ല രോഹിംഗ്യക്കെതിരായ അനീതിക്കെതിരേ പേരെടുത്ത്  സംസാരിക്കുന്നത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വെച്ച് പേരെടുത്തു പറഞ്ഞിരുന്നു. എന്താണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം.

സന്ദേശം പുറത്തുവരുന്നു എന്നതാണു തനിക്കു പ്രധാനമെന്ന് മാര്‍പാപ്പ വിശദീകരിച്ചു. മ്യാന്‍മറിലെ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളില്‍  സ്ഥിതി താന്‍ വിശദീകരിച്ചു. എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നു തറപ്പിച്ചു പറഞ്ഞു. ആരും ഒഴിവാക്കപ്പെടരുത്. എല്ലാവര്‍ക്കും പൗരത്വം നല്‍കണമെന്നും ആവശ്യപ്പെട്ടു. ആവശ്യക്കാരന്റെ മുഖത്തേക്കു വാതില്‍ വലിച്ചടയ്ക്കുകയല്ല വേണ്ടതെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

Comments

comments

Powered by Facebook Comments