രോഹിംഗ്യകളുടെ കദനകഥകള്‍ മാര്‍പാപ്പയുടെ കണ്ണു നനച്ചു

0
70

ബംഗ്ലാദേശ് : രോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതങ്ങള്‍ തന്നെ കരയിച്ചുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വെളിപ്പെടുത്തി. കരയുന്നത് മറ്റാരുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ സ്വയം നിയന്ത്രിക്കേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു. മ്യാന്‍മര്‍-ബംഗ്ലാദേശ് സന്ദര്‍ശനം പൂര്‍ത്തിയാക്കി വത്തിക്കാനിലേക്കു മടങ്ങവേ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

പശ്ചിമേഷ്യാ സന്ദര്‍ശനത്തിനു താന്‍ വച്ച ഉപാധികളിലൊന്ന് രോഹിംഗ്യകളുമായുള്ള കൂടിക്കാഴ്ചയായിരുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു. എവിടെവച്ചായിരിക്കും കൂടിക്കാഴ്ചയെന്ന കാര്യത്തില്‍ മുന്‍കൂര്‍ ധാരണയില്ലായിരുന്നു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ വെച്ചാണ് രോഹിംഗ്യകളുടെ ഏതാനും പ്രതിനിധികളെ മാര്‍പാപ്പ കണ്ടത്. ഓരോരുത്തര്‍ക്കും പറയാനുള്ളത് അദ്ദേഹം കേട്ടു.

അഭയാര്‍ത്ഥികള്‍ക്കായി ബംഗ്ലാദേശ് ചെയ്തത് വളരെ വലിയ കാര്യമാണെന്നു മാര്‍പാപ്പ പറഞ്ഞു. സ്വാഗതത്തിന്റെ വലിയ ഉദാഹരണമാണത്. കൂടിക്കാഴ്ചയില്‍ താന്‍ മാത്രമല്ല, അഭയാര്‍ത്ഥികളും കരഞ്ഞു. അവര്‍ക്കായി ഒരു വാക്ക് പറയാതെ മടങ്ങാനാവില്ലെന്ന് എന്റെ ഉള്ളം മന്ത്രിച്ചു.

നിങ്ങളെ പീഡിപ്പിച്ച എല്ലാവര്‍ക്കും വേണ്ടി, നിങ്ങളെ ഉപദ്രവിച്ച എല്ലാവര്‍ക്കും വേണ്ടി, ലോകത്തിന്റെ അനാസ്ഥയുടെ പേരില്‍  നിങ്ങളോടു ഞാന്‍ മാപ്പു ചോദിക്കുന്നുവെന്നാണ് മാര്‍പാപ്പ പറഞ്ഞത്.

മ്യാന്‍മര്‍ പട്ടാളത്തിന്റെ ക്രൂരതകള്‍ സഹിക്കാതെ ആറരലക്ഷ്യം രോഹിംഗ്യന്‍ മുസ്ലീംങ്ങളാണ് ബംഗ്ലാദേശിലേക്കു പലായനം ചെയ്തത്. മ്യാന്‍മര്‍ സന്ദര്‍ശനത്തിനിടെ ‘രോഹിംഗ്യന്‍’ എന്ന വാക്ക് ഉപയോഗിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും മാര്‍പാപ്പ വിശദീകരിച്ചു. ആ വാക്ക് പരസ്യമായി പറഞ്ഞിരുന്നെങ്കില്‍ രോഹിംഗ്യകള്‍ക്കായുള്ള  വാതില്‍ വലിച്ചടയ്ക്കപ്പെട്ടേനെ. മ്യാന്‍മര്‍ നേതാക്കളുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ രോഹിംഗ്യന്‍ വിഷയം ഉന്നയിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

യാംഗൂണ്‍ ആര്‍ച്ച്ബിഷപ്പിന്റെ  ഉപദേശപ്രകാരമാണ് മ്യാന്‍മറില്‍ വെച്ച് മാര്‍പാപ്പ രോഹിംഗ്യന്‍ എന്ന വാക്ക് പറയാതിരുന്നത്. രോഹിംഗ്യകളെക്കുറിച്ചുള്ള പരാമര്‍ശം രോഹിംഗ്യകള്‍ക്കു മാത്രമല്ല, മ്യാന്‍മറിലെ ക്രിസ്ത്യാനികള്‍ക്കും ആപത്കരമാകുമെന്നായിരുന്നു ഉപദേശം.

Comments

comments

Powered by Facebook Comments