2018-ല്‍ ഇന്ത്യ സന്ദര്‍ശിക്കാമെന്നു പ്രതീക്ഷിക്കുന്നു : മാര്‍പാപ്പ

0
35

വത്തിക്കാന്‍ : അടുത്തവര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാമെന്നാണു  പ്രതീക്ഷയെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്ത്യയും ബംഗ്ലാദേശും ഇത്തവണ സന്ദര്‍ശിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും ഇന്ത്യാ സന്ദര്‍ശനത്തിന്റെ  നടപടിക്രമങ്ങള്‍ നീണ്ടുപോയതിനാല്‍, ബംഗ്ലാദേശും അടുത്തുള്ള മ്യാന്‍മറും തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു എന്നു മാര്‍പാപ്പ പറഞ്ഞു.

മ്യാന്‍മറിലെയും ബംഗ്ലാദേശിലെയും രോഹിംഗ്യന്‍ പ്രശ്‌നം മുതല്‍ ഉത്തരകൊറിയയുടെ ആണവഭീഷണി വരെ ഒട്ടേറെ കാര്യങ്ങളെക്കുറിച്ചും  മാര്‍പാപ്പ തുറന്നു സംസാരിച്ചു.

ആഗ്രഹിച്ചതും പദ്ധതിയിട്ടതും പോലെ ഇന്ത്യ സന്ദര്‍ശനം ഈ വര്‍ഷം നടക്കാതെ പോയതിന്റെ കാരണവും മാര്‍പാപ്പ തന്നെ വെളിപ്പെടുത്തി.

ആദ്യമായാണ് ഇക്കാര്യങ്ങള്‍ മാര്‍പാപ്പയോ,  വത്തിക്കാനോ വിശദീകരിക്കുന്നത്. ഇന്ത്യയ്ക്കു മുകളിലൂടെ ബംഗ്ലാദേശില്‍ നിന്ന് ഇറ്റലിയിലേക്ക് മാര്‍പാപ്പയുടെ വിമാനം പറക്കുന്നതിനിടെയാണ്  ഇന്ത്യന്‍ സന്ദര്‍ശനത്തെക്കുറിച്ച് മാര്‍പാപ്പയുടെ വെളിപ്പെടുത്തലെന്നത് യാദൃശ്ചികവുമായി.

ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശനം നടക്കാതെ പോയതു ദൈവീക പദ്ധതിയുടെ ഭാഗമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഇന്ത്യാ സന്ദര്‍ശനം തന്നെ ഒരു മുഴുവന്‍ പരിപാടിയാണ്. കാരണം, ഇന്ത്യയുടെ തെക്കും വടക്കും വടക്കുകിഴക്കും മധ്യഭാരതവുമെല്ലാം സന്ദര്‍ശിക്കേണ്ടതുണ്ട്. അത്രയേറെ വിശാലവും വൈവിധ്യവും നിറഞ്ഞതാണ് ഇന്ത്യന്‍ സംസ്‌കാരം. ജീവിച്ചിരിപ്പുണ്ടെങ്കില്‍ 2018-ല്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ കഴിയുമെന്നാണു തന്റെ പ്രതീക്ഷയെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി.

ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാനായിരുന്നു തന്റെ ശരിക്കുള്ള പരിപാടിയെങ്കിലും നടപടിക്രമങ്ങള്‍ വൈകിയതുകൊണ്ടാണു നടക്കാതെ പോയതെന്നു മാര്‍പാപ്പ വിശദീകരിച്ചു. സമയം വൈകിയതിനാല്‍ ബംഗ്ലാദേശും തൊട്ടടുത്തുള്ള മ്യാന്‍മറും സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സന്ദര്‍ശനം വൈകിച്ചതിന് ഇന്ത്യന്‍ സര്‍ക്കാരിനെ നേരിട്ടു കുറ്റപ്പെടുത്തിയില്ലെങ്കിലും  നടപടിക്രമങ്ങള്‍ വൈകിയതിനാലാണ് ഇന്ത്യ സന്ദര്‍ശിക്കാതെ പോയതെന്ന വ്യക്തമായ മറുപടിയാണ് വത്തിക്കാന്റെയും ആഗോള കത്തോലിക്കാ സഭയുടെയും തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയത്. ജീവിച്ചിരിപ്പുണ്ടെങ്കില്‍ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാമെന്നാണു പ്രതീക്ഷിക്കുന്നതെന്ന പ്രസ്താവനയിലൂടെ, തന്റ ആഗ്രഹം മറയില്ലാതെ തുറന്നു പറയാനും മാര്‍പാപ്പ മടിച്ചില്ല. ഇന്ത്യാ സന്ദര്‍ശനത്തിന് ഇന്ത്യയിലെ സര്‍ക്കാരിന്റെ അനുമതിയും ക്രിയാത്മക നടപടികളും മാത്രമാണ് ഇനിയാവശ്യം എന്ന സന്ദേശവും മറുപടിയിലുണ്ട്.

Comments

comments

Powered by Facebook Comments